കടത്തനാട് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്
സെക്രട്ടറിയെയും മുഖ്യപ്രതിയെയും ഓഫീസിലെത്തിച്ച് തെളിവെടുത്തു

പ്രീനയെയും റിനീഷിനെയും സൊസൈറ്റി ഓഫീസിലെത്തിച്ച് ക്രൈം ബ്രാഞ്ച് തെളിവെടുക്കുന്നു

സ്വന്തം ലേഖകൻ
Published on Jul 17, 2026, 12:10 AM | 1 min read
വടകര
കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സാന്പത്തിക തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയും സെക്രട്ടറിയുമായ പ്രീനയെയും മുഖ്യപ്രതി റിനീഷിനെയും സൊസൈറ്റി ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അന്വേഷകസംഘം ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. കേസിൽ സൊസൈറ്റി ഡയറക്ടർമാരിലേക്കും മറ്റും അന്വേഷണം വ്യാപിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. പ്രീനയുടെ വീട്ടിലെത്തിച്ചും തെളിവെടുത്തു.
തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും വ്യാജരേഖകൾ തയ്യാറാക്കിയിട്ടുണ്ടോയെന്നും കണ്ടെത്തുന്നതിനാണ് ശാസ്ത്രീയ പരിശോധനകൾക്ക് പ്രാധാന്യം നൽകുന്നത്. അന്വേഷകസംഘത്തിന്റെ ആവശ്യപ്രകാരമാണ് കോടതി പ്രീനയെ മൂന്നുദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. രണ്ടും മൂന്നും പ്രതികളായ റിനീഷിനെയും ഡിസിസി സെക്രട്ടറി ടി വി സുധീർകുമാറിനെയും അന്വേഷകസംഘം നേരത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
തട്ടിപ്പിന്റെ മുഴുവൻ ഗൂഢാലോചനയും പുറത്തുകൊണ്ടുവരാൻ മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ഭരണസമിതി അംഗങ്ങൾ ഉൾപ്പടെയുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിനാൽ തുടർദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നും അന്വേഷക ഉദ്യോഗസ്ഥർ പറഞ്ഞു.
ഇബ്രാഹിം ഹാജി മരിക്കുന്നതിന് മുമ്പ് 22 ലക്ഷം രൂപ നഷ്‌ടമായെന്ന് കാണിച്ച് വടകര പൊലീസിൽ നൽകിയ പരാതിയിൽ സൊസൈറ്റി മുൻ പ്രസിഡന്റും ഡിസിസി സെക്രട്ടറിയുമായ ടി വി സുധീർ കുമാറിന്റെ അറസ്‌റ്റ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. ഈ കേസിലെ മറ്റ് പ്രതികളെ വരും ദിവസം അറസ്‌റ്റ് ചെയ്യും.











0 comments