സ്‌ത്രീ സുരക്ഷ പെൻഷൻ
എന്തിനാണ് ഞങ്ങളോടിത്ര വിരോധം

കോഴിക്കോട്
യുഡിഎഫ് സർക്കാർ സ്‌ത്രീ സുരക്ഷാ പെൻഷന് തടയിടുമ്പോൾ ജില്ലയിൽ ദുരിതത്തിലാവുന്നത് 1,12,000 സ്‌ത്രീകൾ. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ സുരക്ഷ ഉറപ്പാക്കാൻ ആരംഭിച്ച ‘സ്ത്രീ സുരക്ഷ’ പദ്ധതിയാണ് അധികാരമേറ്റ് ചുരുങ്ങിയ ദിവസത്തിനകം യുഡിഎഫ് സർക്കാർ ഇല്ലാതാക്കിയത്. ജില്ലയിൽ 1,12,000 അക്കൗണ്ടിലേക്ക് ഓരോ മാസവും ലഭിച്ചിരുന്ന 1000 രൂപ ഇതേ തുടർന്ന് ലഭിക്കാതെയായി. പദ്ധതിക്കായി ജില്ലയിൽമാത്രം പന്ത്രണ്ട് കോടിയോളം രൂപയാണ് കഴിഞ്ഞ എൽഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചത്.
സാമൂഹിക പദ്ധതികളിലൊന്നും ഗുണഭോക്താക്കളല്ലാത്തവർ, അന്ത്യോദയ അന്നയോജനയിലും മുൻഗണന വിഭാഗത്തിലും ഉൾപ്പെടുന്ന സ്‌ത്രീകൾക്ക് താങ്ങാകാൻ എൽഡിഎഫ് സർക്കാർ ആരംഭിച്ചതാണ് "സ്‌ത്രീ സുരക്ഷ പദ്ധതി'. ഒരു വരുമാനവുമില്ലാത്ത ലക്ഷക്കണക്കിന് സ്ത്രീകൾ ഇരുകൈയും നീട്ടിയാണ് പുതിയ പദ്ധതിയെ സ്വീകരിച്ചത്. എന്നാൽ യുഡിഎഫ് അധികാരത്തിലെത്തിയതിന് പിന്നാലെ വിചിത്രവാദങ്ങളുയർത്തി യുഡിഎഫ് പദ്ധതി നിർത്തലാക്കുകയായിരുന്നു.
"എന്തിനാണ് ഞങ്ങളോടിത്ര വിരോധ'മെന്നാണ് ഗുണഭോക്താക്കളായ സ്‌ത്രീകൾ സർക്കാരിനോട് ചോദിക്കുന്നത്. സിപിഐ എം എഴുതിക്കൊടുത്ത പട്ടിക പ്രകാരമാണ് പദ്ധതിയിൽ ഗുണഭോക്താക്കളെ നിശ്‌ചയിച്ചതെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്. ഭരണസമിതികളിൽ ഭൂരിപക്ഷവും യുഡിഎഫ് ഭരിക്കുമ്പോൾ മുഖ്യമന്ത്രി പറയുന്ന സിപിഐ എം പട്ടിക എവിടെയാണ് നിലനിൽക്കുന്നതെന്ന് വ്യക്തമല്ല. രാഷ്ട്രീയപ്രേരിതമായി വ്യാജപ്രചാരണം നടത്തി ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ വലിയ അമർഷമാണ് ജനങ്ങൾക്കിടയിലുള്ളത്.












0 comments