മഞ്ഞ കാർഡുകാർക്ക് കേന്ദ്രത്തിന്റെ കടുംവെട്ട്
4,76,350 കിലോ ഭക്ഷ്യധാന്യം നഷ്‌ടമായേക്കാം

നെബിൻ കെ ആസാദ്
Published on Jul 05, 2026, 02:10 AM | 1 min read
കോഴിക്കോട്
കേന്ദ്രസർക്കാരിന്റെ കടുംവെട്ടിൽ ജില്ലയിലെ അന്ത്യോദയ അന്നയോജന (എഎവൈ–മഞ്ഞകാർഡ്) കാർഡ് ഉടമകൾക്ക് ആശങ്ക. നിലവിൽ അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ കാർഡ് ഒന്നിന് 35 കിലോവീതം സൗജന്യമായി നൽകുന്ന ഭക്ഷ്യധാന്യമാണ് വെട്ടിക്കുറയ്‌ക്കുന്നത്. ഒരംഗത്തിന് ഏഴ് കിലോയായി കുറയ്‌ക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ഇതോടെ രണ്ടംഗ കുടുംബത്തിന് കിട്ടിയിരുന്ന 35 കിലോ ഭക്ഷ്യധാന്യം 14 കിലോയാകും. ഒരു മാസം 21 കിലോ അരിയാണ് ഇത്തരം കുടുംബങ്ങൾക്ക് നഷ്ടമാകുക. അഞ്ച് അംഗങ്ങളിൽ അധികമുള്ള കുടുംബത്തിനും പരമാവധി 35 കിലോ ഭക്ഷ്യധാന്യമേ ലഭിക്കൂ. കേന്ദ്രസർക്കാർ നടപടി ജില്ലയിലെ 38,595 കുടുംബങ്ങളെയും 1,24,925 ഗുണഭോക്താക്കളെയും ബാധിക്കും.
നിലവിൽ 38,595 എഎവൈ കാർഡുകൾക്കായി പ്രതിമാസം 13,50,825 കിലോ ഭക്ഷ്യധാന്യമാണ് അനുവദിക്കുന്നത്. അംഗങ്ങളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള പുതിയ രീതിയിലേക്ക് മാറുന്നതോടെ ആളെണ്ണം കണക്കാക്കി 8,74,475 കിലോ ഭക്ഷ്യധാന്യമാകും വിതരണം ചെയ്യുക. അങ്ങനെയെങ്കിൽ മാസവിതരണത്തിൽ 4,76,350 കിലോ കുറയും. മാസം ഒരുകുടുംബത്തിന് മുപ്പത് കിലോ അരിയും മൂന്ന് കിലോ ആട്ടയും രണ്ട് കിലോ ഗോതന്പുമാണ് റേഷൻകട വഴി നൽകുന്നത്. സൗജന്യ അരി കിട്ടാതാകുന്പോർ കൂടുതൽ പണം നൽകി പുറത്തുനിന്ന് വാങ്ങാൻ കാർഡുടമകൾ നിർബന്ധിതരാകും. സൗജന്യ ഭക്ഷ്യധാന്യത്തെ മാത്രം ആശ്രയിക്കുന്ന പാവങ്ങളോടാണ് കേന്ദ്രസർക്കാരിന്റെ ക്രൂരത. റേഷൻ വ്യാപാരികളുടെ വരുമാനത്തെയും പുതിയനടപടി സാരമായി ബാധിക്കും.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞവിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2000ൽ കേന്ദ്രസർക്കാർ തുടങ്ങിയ പദ്ധതിക്കാണ് ബിജെപി സർക്കാരിന്റെ കടുംവെട്ട്. എഎവൈ കാർഡുകളുടെ എണ്ണം കൂടുതലുള്ള തീരദേശ മേഖല, നിലവിൽ ട്രോളിങ് നിരോധനവും ഇന്ധനവില വർധനയും കാരണം വറുതിയിലാണ്. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായുള്ള പഞ്ഞമാസ ആനുകൂല്യം, സൗജന്യ റേഷൻവിതരണം എന്നിവ അവതാളത്തിലാണ്. ഗുണഭോക്താക്കളിൽ വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളികളും പാവപ്പെട്ടവരുമാണെന്നിരിക്കേ റേഷൻ പരിമിതിപ്പെടുത്തുന്നത് വലിയ തിരിച്ചടിയാകും.











0 comments