ad
Deshabhimani

അങ്കലാപ്പിൽ ഉപഭോക്താക്കൾ

മസ്റ്ററിങ് ഇല്ലെങ്കിൽ ഗ്യാസ്‌ പോകും

a
avatar
സ്വന്തം ലേഖിക

Published on Jul 30, 2026, 01:27 AM | 1 min read

കോഴിക്കോട്

ബയോമെട്രിക് മസ്റ്ററിങ് ഇ‍ൗ മാസം പൂര്‍ത്തിയാക്കിയില്ലെങ്കിൽ പാചക വാതക കണക്ഷൻ റദ്ദാകുമെന്ന പാചക വാതക വിതരണ ഏജൻസികളുടെ സന്ദേശം ഉപഭോക്താക്കളെ അങ്കലാപ്പിലാക്കുന്നു. രേഖാമൂലം അറിയിപ്പൊന്നും നൽകാതെ പാചക വാതക വിതരണ ഏജൻസികൾ അയക്കുന്ന സന്ദേശമാണ് ആളുകളെ പരിഭ്രാന്തിയിലാക്കുന്നത്. സന്ദേശം ലഭിച്ചവരും അല്ലാത്തവരുമെല്ലാം ഏജൻസി ഓഫീസുകളിലെത്തി മസ്റ്ററിങ് ചെയ്യാൻ തിരക്കുകൂട്ടുകയാണ്. ഇന്‍ഡേന്‍, ഭാരത് ഗ്യാസ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം ഉൾപ്പെടെയുള്ള കമ്പനികള്‍ മസ്റ്ററിങ് കര്‍ശനമാണെന്ന നിര്‍ദേശവുമായി രംഗത്തെത്തിയതോടെയാണ് ഏജൻസികൾ ഉപഭോക്താക്കൾക്ക് സന്ദേശമയച്ച് തുടങ്ങിയത്.

31നുള്ളിൽ മസ്റ്ററിങ് നടത്തിയില്ലെങ്കില്‍ ഗ്യാസ് ബുക്ക് ചെയ്യാനാകില്ലെന്നാണ് വിവരം. അതിനാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നൂറുകണക്കിന് പേരാണ്‌ മസ്റ്ററിങ്ങിനായി ഏജൻസികളിൽ എത്തുന്നത്‌. മസ്റ്ററിങ്ങിനായുള്ള സംവിധാനം ഏജന്‍സികളില്‍ ഏര്‍പ്പെടുത്തി. ജീവിച്ചിരിപ്പില്ലാത്തതോ നാട്ടില്ലില്ലാത്തതോ ആയ ആളുകളെ ഒഴിവാക്കി കണക്ഷൻ പുതുക്കാനാണ് മസ്റ്ററിങ് ചെയ്യുന്നതെന്ന്‌ ഏജൻസി അധികൃതര്‍ പറഞ്ഞു.

ഓണ്‍ലൈന്‍ വഴിയും മസ്റ്ററിങ് നടത്താം. കണക്ഷന്‍ ഉടമ കിടപ്പുരോഗിയോ മറ്റോ ആണെങ്കില്‍ ആ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട മറ്റൊരാള്‍ക്ക് മസ്റ്ററിങ് നടത്താം. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ ഏജന്‍സിയില്‍ ഹാജരാക്കി കണക്ഷന്‍ മറ്റൊരാളുടെ പേരിലേക്ക് മാറ്റാം.

അതേസമയം, പൈപ്പ് വഴിയുള്ള ഗ്യാസ് കണക്ഷനുണ്ടെങ്കിൽ എൽപിജി കണക്ഷൻ നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് നേരത്തെ കേന്ദ്രത്തിന്റെ അറിയിപ്പുണ്ടായിരുന്നു. നിശ്ചിത ദിവസത്തിനകം എൽപിജി ഒഴിവാക്കിയില്ലെങ്കിൽ റദ്ദാക്കുമെന്നാണ് വിവരം. ഇന്ത്യൻ ഓയിൽ-–അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡാണ് പൈപ്പ് വഴി പ്രകൃതിവാതകമെത്തിക്കുന്നത്. നിബന്ധനകളുടെ മറവിൽ പൈപ്പ് ലൈൻ ഗ്യാസ് വ്യാപിപ്പിക്കാനാണ് നീക്കമെന്നും ആരോപണമുണ്ട്. എൽപിജി സബ്സിഡിയുള്ള ഉപഭോക്താക്കൾക്ക് ഉൾപ്പെടെ പുതിയ നിയമങ്ങൾ ആശങ്കയുണ്ടാക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home