ad
Deshabhimani

പുലിയെ പിടികൂടാനാവാതെ വനം വകുപ്പ്‌

മൈലള്ളാംപാറയിൽ വീണ്ടും പുലി വളർത്തുമൃഗത്തെ കടിച്ചുകൊന്നു

a

പുലിയ്‌ക്കായി വനം വകുപ്പ്‌ കെണിയൊരുക്കുന്നു

വെബ് ഡെസ്ക്

Published on Jul 19, 2026, 01:18 AM | 1 min read

താമരശേരി

പുതുപ്പാടി പഞ്ചായത്തിൽ മൈലള്ളാംപാറയിൽ വീണ്ടും പുലി വളർത്തുമൃഗത്തെ കടിച്ചുകൊന്നു. മൈലള്ളാംപാറ തെക്കേക്കര ടി സി മാത്യുവിന്റെ വീട്ടിലെ പശുക്കിടാവിനെയാണ്‌ പുലി കടിച്ചുകൊന്നത്‌. കഴിഞ്ഞ മേയിൽ മാത്യുവിന്റെ രണ്ട്‌ പശുക്കളെ പുലി കൊന്നിരുന്നു. അഞ്ചുവർഷം മുമ്പും പശുവിനെ കൊലപ്പെടുത്തിയിരുന്നു. ശനിയാഴ്‌ച പുലർച്ചെ മൂന്നോടെ വളർത്തുമൃഗങ്ങളുടെ ശബ്‌ദം കേട്ട്‌ മാത്യുവും കുടുംബവും ഉണർന്നപ്പോഴാണ്‌ ആക്രമണം അറിഞ്ഞത്‌. തുടർന്ന്‌ പഞ്ചായത്ത്‌ അംഗത്തെയും വനംവകുപ്പ്‌ അധികാരികളെയും അറിയിച്ചു. വനംവകുപ്പ്‌ ഉദ്യോഗസ്ഥരെത്തി പുലിക്ക്‌ കെണിയൊരുക്കി. പ്രദേശത്ത്‌ കാമറയും സ്ഥാപിച്ചു.

മൈലള്ളാംപാറ ഉൾപ്പെടെ പുതുപ്പാടി പഞ്ചായത്തിലെ വനാതിർത്തിക്ക് സമീപത്തെ ജനവാസമേഖലകളിൽ വന്യജീവി ആക്രമണം രൂക്ഷമാകുമ്പോഴും തടയാൻ വനംവകുപ്പിനാവുന്നില്ല. പുലിയുടെ ആക്രമണത്തിൽ ഒട്ടേറെ വളർത്തുമൃഗങ്ങൾ ഈ മേഖലയിൽ കൊല്ലപ്പെട്ടിട്ടുണ്ട്‌. കഴിഞ്ഞ മെയ്‌ 13നാണ്‌ പുലി രണ്ട്‌ പശുക്കളെ കൊന്നത്‌. പുലിയ്‌ക്കായി കെണിയൊരുക്കിയെങ്കിലും പിടികൂടാൻ സാധിച്ചിട്ടില്ല. കൂടിന്‌ സമീപമെത്തുമെങ്കിലും പുലി കൂട്ടിൽ കയറുന്നില്ല. ഇതിനിടെ ജൂൺ മൂന്നിന്‌ വീണ്ടും പുലിയിറങ്ങി. ജൂൺ 16ന്‌ മൈലള്ളാംപാറയിൽ വീണ്ടും പുലി വളർത്തുമൃഗത്തെ കടിച്ചുകൊണ്ടുപോയി. മൈലള്ളാംപാറ കവുങ്ങ്‌പാടിയിൽ ലാലുവിന്റെ വീട്ടിലെ വളർത്തുനായയെയാണ്‌ പുലി കൊണ്ടുപോയത്‌. പുലിയെ പേടിച്ച്‌ പല കൃഷിക്കാരും റബർ ടാപ്പിങ് നിർത്തിവച്ചിരിക്കുകയാണ്‌. രാത്രി സഞ്ചാരവും നിർത്തി. മാസങ്ങൾ കഴിഞ്ഞിട്ടും പുലി കൂട്ടിൽ വീഴാതിരിക്കുകയും വളർത്തുമൃഗങ്ങളെ തുടരെ തുടരെ ആക്രമിച്ച്‌ കൊല്ലുന്നതിലും ഭീതിയിലാണ്‌ നാട്ടുകാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home