താമരശേരി ചുരം എട്ടാംവളവിൽ റോഡിൽ വിള്ളൽ

ചുരത്തിൽ എട്ടാംവളവിൽ റോഡിൽ വിള്ളൽ വീണനിലയിൽ
താമരശേരി
ശക്തമായ മഴ പെയ്യുന്നതിനിടെ താമരശേരി ചുരം എട്ടാംവളവിൽ റോഡിന്റെ ഒരുവശത്ത് വിള്ളൽ രൂപപ്പെട്ടു. റോഡിന്റെ വശങ്ങളിലെ കല്ലുകെട്ടുകൾ പ്രധാനപാതയിൽനിന്ന് അൽപ്പം വേർപെട്ട നിലയിലാണ് വിള്ളലുള്ളത്. എട്ടാംവളവിൽ വീതികൂട്ടൽ പ്രവൃത്തിക്കെത്തിയ തൊഴിലാളികളാണ് ബുധൻ പകൽ 12.30ടെ വിള്ളൽ കണ്ടത്. വീതികൂട്ടുന്നതിനായി കഴിഞ്ഞ ദിവസം മണ്ണുമാന്തിയന്ത്രം ഇറക്കിയതിന് സമീപമാണ് വിള്ളലുണ്ടായത്. നിലവിൽ ഈ ഭാഗത്ത് വൺവേ ആയിട്ടാണ് വാഹനങ്ങൾ കടത്തിവിടുന്നത്, ദേശീയപാത അധികൃതരും പൊലീസും കയർകെട്ടി അപായസൂചനാ ബോർഡുകൾ സ്ഥാപിച്ച് യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകി.
മഴ തുടർന്നാൽ മണ്ണ് ഒലിച്ചുപോകാൻ സാധ്യതയുണ്ടെന്നും യാത്രക്കാർ കരുതി വാഹനം ഓടിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. രാത്രികാലങ്ങളിലടക്കം സർവീസ് നടത്തുന്ന വലിയ മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരമേറിയ മറ്റു വാഹനങ്ങളും വശങ്ങളിലേക്ക് അമിതമായി ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.











0 comments