പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി നഗരസഭ

ഷിഗല്ല റിപ്പോർട്ട് ചെയ്ത വീട്ടിൽ നഗരസഭാ ചെയർപേഴ്സൺ പി കെ ശശിയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു
വടകര നഗരസഭ പരിധിയിൽ ഷിഗല്ല റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി നഗരസഭ ആരോഗ്യവിഭാഗം. നഗരസഭ 17ാം വാർഡ് കുറുമ്പയിലെ നാലു വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കുട്ടി ആരോഗ്യവതിയാണ്. രോഗ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ ചെയർപേഴ്സൺ പി കെ ശശിയുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ കുട്ടിയുടെ വീട് സന്ദർശിച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി വീട്ടിലെ കിണർ വെള്ളം ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. പ്രദേശത്തെ വീടുകളിലെ കിണറുകൾ ക്ലോറിനേഷൻ, സൂപ്പർ ക്ലോറിനേഷൻ എന്നിവയും ചെയ്‌തിട്ടുണ്ട്. ആരോഗ്യവിഭാഗം എട്ട് സ്‌ക്വാഡുകളായി പ്രദേശത്തെ 260ലേറെ വീടുകളിൽ സർവേ നടത്തിയതിൽനിന്ന് പുതിയ രോഗികളെയൊന്നും കണ്ടെത്തിയിട്ടില്ല. ബോധവൽക്കരണവും നടക്കുന്നുണ്ട്. കുട്ടി പഠിക്കുന്ന വിദ്യാലയത്തിലെ മറ്റു കുട്ടികളിലൊന്നും സമാനമായ രോഗലക്ഷണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ വി കെ വിനു, കൗൺസിലർ ശരണ്യ വാഴയിൽ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശവർക്കർമാർ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.










0 comments