ad
Deshabhimani

ഇരുഹൃദയങ്ങളൊന്നായി തൊട്ടു

a

ഒള്ളൂർ കടവ്‌ പാലം

avatar
ഗിരീഷ്‌ വാകയാട്‌

Published on Mar 22, 2026, 01:52 AM | 1 min read

ബാലുശേരി

ഒള്ളൂർ കടവിലെ ഓളങ്ങളിൽ അകന്നുനിന്ന രണ്ട് ഗ്രാമഹൃദയങ്ങൾ ഒന്നായതിന്റെ നേർചിത്രമാണ് ഒള്ളൂർ കടവ്പാലം. ചെങ്ങോട്ട് കാവ് ഭാഗത്തുനിന്നുള്ളവർക്ക് ഒള്ളൂരിലേക്കും, ഒള്ളൂരിലുള്ളവർക്ക് തിരിച്ചും യാത്ര ചെയ്യണമെങ്കിൽ കടത്തുതോണിയായിരുന്നു ആശ്രയം. നാടിന്റെ ദീർഘനാളത്തെ സ്വപ്നം യാഥാർഥ്യമാക്കിയാണ് എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിച്ചത്.

ബാലുശേരി, കൊയിലാണ്ടി നിയോജക മണ്ഡലങ്ങളിലെ ഉള്ള്യേരി–ചെങ്ങോട്ടുകാവ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം 19 കോടിയോളം രൂപ ചെലവഴിച്ചാണ് നിർമിച്ചത്. പാലത്തിന്റെ മധ്യഭാഗത്ത് 55 മീറ്റർ നീളത്തിലും ജലോപരിതലത്തിൽനിന്ന് 6 മീറ്റർ ഉയരത്തിലുമായി പിഎസ്‌സി ബോസ്ട്രിങ് ആർച്ച് ഉൾപ്പെടെ 10 സ്പാനുകളിലായി 250.60 മീറ്റർ നീളത്തിലാണ് പാലമുള്ളത്‌. ഇരുവശത്തും 1.50 മീറ്റർ വീതിയിൽ ഫുട്പാത്തും 7.50 മീറ്റർ വീതിയിൽ ക്യാരേജ് വേ ഉൾപ്പെടെ 12 മീറ്റർ വീതിയിൽ ബോസ്ട്രിങ് സ്പാനും 11 മീറ്ററിൽ മറ്റ് സ്പാനുകളും അപ്രോച്ചുമുള്ള പാലം ബാലുശേരി മണ്ഡലത്തിന്റെ വികസന മുന്നേറ്റത്തിന്റെ പൊൻതൂവൽ കൂടിയാണ്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളും സാങ്കേതിക പ്രശ്നങ്ങളുടെയെല്ലാം കുരുക്കഴിച്ചാണ് പാലം യാഥാർഥ്യമാക്കാനായത്. പി വിശ്വൻ, പുരുഷൻ കടലുണ്ടി, കെ ദാസൻ, കെ എം സച്ചിൻദേവ്, കെ ജമീല തുടങ്ങിയ എംഎൽഎമാരുടെ നിരന്തരമായ ഇടപെടലാണ് സാങ്കേതിക കുരുക്കഴിക്കാനായത്. 8.50 കോടി രൂപയുടെ പദ്ധതിയായിരുന്നു ആദ്യം തയ്യാറാക്കിയത്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളായിരുന്നു പാലം നിർമാണത്തിന് തടസ്സം. കാലതാമസം നേരിട്ടതോടെ പദ്ധതിച്ചെലവ് 16.25 കോടിയായി ഉയർന്നു. പുതിയ എസ്റ്റിമേറ്റ് 2020 ജൂണിലാണ് ധനവകുപ്പ് അംഗീകരിച്ചത്. തുടർന്ന് വീണ്ടും മാറ്റി. അകലാപ്പുഴ ദേശീയ ജലപാതയായി അംഗീകരിച്ചതോടെ ഒള്ളൂർ കടവ് പാലത്തിന്റെ രൂപരേഖയിലും മാറ്റം വേണ്ടിവന്നു. സെന്റർ സ്പാനിലും സെന്റർ സ്പില്ലറിലും മാറ്റമുണ്ടായി. എൻഎച്ച് 17ലെ ചെങ്ങോട്ടുകാവിനെയും എസ്എച്ച് 38 കുമുള്ളിയെയും ബന്ധിപ്പിക്കുന്ന പാലം പൂർത്തിയായതോടെ ജനങ്ങൾക്ക് റെയിൽവേ സ്റ്റേഷൻ, കൊയിലാണ്ടി താലൂക്ക് ഓഫീസ്, മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് വേഗം എത്തിച്ചേരാനാവും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home