ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലെ പോര്
പ്രസിഡന്റിന് ഡിസിസിയുടെ മൂക്കുകയർ


സ്വന്തം ലേഖകൻ
Published on Jun 19, 2026, 01:53 AM | 1 min read
കോഴിക്കോട്
ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റ് മില്ലി മോഹനെ എതിർക്കുന്നവരെ പിന്തുണയ്‌ക്കാനും പ്രസിഡന്റിന് മൂക്കുകയറിടാനും ഡിസിസി നേതൃത്വം തീരുമാനിച്ചു. ഇനി ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിന് മുന്പ് അജൻഡകൾ കോൺഗ്രസ് കൗൺസിൽ പാർടി ചർച്ചചെയ്‌ത് തീരുമാനമെടുക്കും. ഭരണത്തിൽ ഡിസിസിയുടെ നേരിട്ടുള്ള മേൽനോട്ടവും ഉണ്ടാവും. എല്ലാ മാസവും പാർലമെന്ററി പാർടി യോഗവും ചേരും. ഭരണസമിതി അംഗങ്ങളുടെ തമ്മിലടി ഒഴിവാക്കാൻ കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്, രാഷ്‌ട്രീയകാര്യസമിതിയംഗം എൻ സുബ്രഹ്മണ്യൻ, ഡിസിസി ജനറൽ സെക്രട്ടറി പി എം അബ്ദുറഹ്മാൻ എന്നിവർക്ക് ചുമതല നൽകി.
കോൺഗ്രസ് അംഗങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ കൗൺസിൽ യോഗത്തിൽ പരിഹരിക്കണം. ഒരുകാരണവശാലും തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും പുറത്തുവരാൻ പാടില്ലെന്നാണ് നിർദേശം. ഭരണം തുടങ്ങി മാസങ്ങൾക്കുള്ളിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസിലെ മറ്റംഗങ്ങൾ രംഗത്തെത്തിയത്. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മില്ലിമോഹനെ മാറ്റണമെന്നാവശ്യപ്പെട്ട് മറ്റംഗങ്ങൾ ഡിസിസി പ്രസിഡന്റിനും എം കെ രാഘവൻ എംപിക്കും കത്തുനൽകി.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്തുള്ള ചില നിയമനങ്ങൾ ഒഴിവാക്കിയില്ലെന്ന് ആരോപിച്ചായിരുന്നു പടയൊരുക്കം. എന്നാൽ പ്രസിഡന്റ് സ്ഥാനം മോഹിച്ച വനിതാനേതാവും രണ്ട് ഭരണസമിതിയംഗങ്ങളുമാണ് വിവാദങ്ങൾക്ക് പിന്നിലെന്നാണ് പ്രസിഡന്റിനെ അനുകൂലിക്കുന്നവരുടെ വാദം. മാത്രമല്ല ജില്ലയിലെ എ ഗ്രൂപ്പിലെ പ്രബലനേതാവിന്റെ പിന്തുണയും ഇവർക്കുണ്ട്.
ചരിത്രത്തിലാദ്യമായി യുഡിഎഫിന് ലഭിച്ച ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ പ്രസിഡന്റ് മില്ലി മോഹന്റെ നിലപാടുകൾ കൂടിയാലോചനകൾ ഇല്ലാതെയും ഏകാധിപത്യപരവുമാണെന്ന് ആരോപിച്ചാണ് അംഗങ്ങൾ ഒപ്പിട്ട പരാതി നേതൃത്വത്തിന് കൈമാറിയത്.









0 comments