അടുക്കള പുകയാൻ കീശ കീറും

പാളയത്തെ പച്ചക്കറി വിപണിയിൽ നിന്ന്
സ്വന്തം ലേഖിക
Published on Jul 11, 2026, 02:29 AM | 1 min read
കോഴിക്കോട്
തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിച്ചതിനുപിന്നാലെ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിക്കുന്നു. സാധാരണക്കാരുടെ അടുക്കള പുകയാൻ കീശ പൊള്ളുമെന്നതാണ് വിപണിയിലെ സ്ഥിതി. പച്ചക്കറി, മീൻ, മാംസം, മുട്ട, പലവ്യഞ്ജനങ്ങൾ എന്നിവക്കെല്ലാം വില കുത്തനെ ഉയരുകയാണ്.
മത്സ്യം കിട്ടാനില്ല
കടൽമീനുകളുടെ വരവ് കുറഞ്ഞതോടെ മീനിന്റെ വില വർധിച്ചു. നാല് കിലോ മത്തി 100 രൂപയ്ക്ക് വിറ്റിരുന്നത് നിലവിൽ കിലോയ്ക്ക് 280 രൂപവരെ ഈടാക്കുന്നുണ്ട്. അയല കിലോയ്ക്ക് 200 മുതൽ 300 രൂപവരെയും മാന്തൾ 360 രൂപയ്ക്കുമാണ് വിൽക്കുന്നത്. അയക്കൂറയ്ക്കുമുമ്പ് 800ആയിരുന്നത് ഇപ്പോൾ 1500 രൂപയാണ്. മത്സ്യത്തിനുപുറമെ മാംസത്തിന്റെ വിലയും വർധിച്ചിരിക്കയാണ്. ഇറച്ചിക്കോഴിക്ക് കിലോ 240 രൂപയും ആട്ടിറച്ചിയ്ക്ക് 1000 രൂപയുമാണ് വില. ബീഫിന് 60 മുതൽ 100 രൂപവരെയും കൂടും. കോഴിത്തീറ്റ വിലയിലെ വര്‍ധനവും വെല്ലുവിളിയായി. കോഴിമുട്ടയ്ക്ക് 7.50മുതൽ എട്ടുരൂപ വരെയാണ് വില. കേക്ക്, പഫ്സ് ഉൾപ്പെടെയുള്ള മുട്ട വിഭവങ്ങൾക്കും വില കൂട്ടിയിട്ടുണ്ട്.
പച്ചക്കറിക്ക് തീവില
ഉള്ളി, ഇഞ്ചി, മുളക്, പയര്‍, കാരറ്റ്, ബീൻസ് എന്നിവയ്ക്കെല്ലാം വില കൂടി. സവാളയ്ക്ക് കിലോയ്ക്ക് 35ഉം ചെറിയുള്ളിക്ക് 100 രൂപയുമാണ് നിലവിലെ വില. 70 രൂപയായിരുന്ന ഇഞ്ചിയുടെ വില കുറഞ്ഞ കാലയളവിലാണ് 250ആയി വര്‍ധിച്ചത്. കാന്താരി മുളകിന് 300 രൂപവരെയായിരുന്നത് 700 രൂപയുമായി. പയറിന് 40 ഉണ്ടായിരുന്നത് 80ആയും വര്‍ധിച്ചു. മഴക്കാലത്ത് പച്ചക്കറി ഉൽപ്പാദനം കുറഞ്ഞതും അയൽസംസ്ഥാനങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞതും തിരിച്ചടിയായി.
പലവ്യഞ്ജനവും കുതിച്ചു
അരി, പഞ്ചസാര ഉൾപ്പെടെയുള്ള പലവ്യഞ്ജനങ്ങളുടെ വിലയും കുതിച്ചു. കിലോയ്‌ക്ക് രണ്ടുമുതൽ മൂന്നുരൂപവരെയാണ് അരിക്ക് കൂടിയത്. 48 മുതലാണ് വില. പൊന്നിയ്ക്ക് 65 മുതലാണ് വില. കൈമ അരിയ്ക്ക് നേരത്തെ 180ആയിരുന്നത് 210ആയാണ് വര്‍ധിച്ചത്.











0 comments