ചീഫ് സെക്രട്ടറിക്ക് പരാതി
ജോയിന്റ് രജിസ്ട്രാർക്ക് ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വീകരണം

സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ആയി ചുമതലയേറ്റ കെ എ ഷീജയെ മുക്കം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് നിഷാബ് മുല്ലോളി ഷാളണിയിക്കുന്നു

സ്വന്തം ലേഖകൻ
Published on Jul 19, 2026, 01:17 AM | 1 min read
കോഴിക്കോട്
സഹകരണ ബാങ്കിൽ കോടികളുടെ അഴിമതി നടത്തിയ പ്രതികളും കോൺഗ്രസ് നേതാക്കളും ചേർന്ന് ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ(ജനറൽ)ക്ക് ഒൗദ്യോഗിക ചേംബറിൽ സ്വീകരണമൊരുക്കിയ സംഭവത്തിൽ ചീഫ് സെക്രട്ടറിക്ക് പരാതി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും സർവീസ് ചട്ടങ്ങൾ ലംഘിക്കുകയും ചെയ്‌ത ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ (ജനറൽ) കെ എ ഷീജക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.
മുക്കം സഹകരണ ബാങ്കിലെ കോടികളുടെ സാമ്പത്തിക അഴിമതി കേസിലെ മുഖ്യപ്രതികളായ മുക്കം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഷാബ് മുല്ലോളി, ഭരണസമിതി അംഗം ഒ കെ ബൈജു എന്നിവർ സഹകരണ ഭവനിലെത്തിയാണ് ജോയിന്റ് രജിസ്ട്രാർക്ക് സ്വീകരണമൊരുക്കിയത്. ഇൗ നടപടിക്കെതിരെ സഹകാരി എ പി ജാഫർ ഷെരീഫ് ആണ് പരാതി നൽകിയത്. പ്രതികൾക്കൊപ്പം കോൺഗ്രസ് യൂണിയൻ നേതാവും പങ്കുചേർന്നു. ഗുരുതര സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം നേരിടുന്ന പ്രതികളും യൂണിയൻ ഭാരവാഹികളും രാഷ്ട്രീയ പാർടി പ്രതിനിധികളും ചേർന്ന് ഉന്നത ഉദ്യോഗസ്ഥയ്ക്ക് അവരുടെ ഔദ്യോഗിക ചേംബറിൽ സ്വീകരണം നൽകുന്നത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്.
മുക്കം സഹകരണ ബാങ്കിൽ അഴിമതി നടത്തിയതിന് മുൻ ഭരണസമിതിയംഗമായ ഒ കെ ബൈജുവിനോട് പണം തിരിച്ചടയ്ക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. മുക്കം ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭരണത്തിലാണ്. അഴിമതിയിൽനിന്ന് രക്ഷപ്പെടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സ്വീകരണമെന്നും ആക്ഷേപമുണ്ട്. സഹകരണ സംഘം പ്ലാനിങ് അസി. രജിസ്ട്രാർ കിഷോർ, ഡി ആർ സിന്ധു എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തിരുന്നു.









0 comments