ad
Deshabhimani

ട്രോളിങ് നിരോധം നാളെ അർധരാത്രി മുതൽ

a

ഇനി ട്രോളിങ് നിരോധത്തിന്റെ നാളുകൾ. ഒമ്പത‍് അർധരാത്രിമുതൽ 52 ദിവസങ്ങളിലാണ് ട്രോളിങ് നിരോധമുള്ളത്. ട്രോളിങ് നിരോധത്തിന് 
മുന്നോടിയായി പുതിയാപ്പ ഹാർബറിൽ അറ്റകുറ്റപ്പണികൾക്കായി ബോട്ടുകൾ കരയ്ക്ക് കയറ്റുന്ന മൂപ്പൻ ആലി മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഖലാസികൾ

avatar
സ്വന്തം ലേഖകൻ

Published on Jun 08, 2026, 12:57 AM | 1 min read

ഫറോക്ക്

മൺസൂൺ കാല ട്രോളിങ് നിരോധം ചൊവ്വ അർധരാത്രിയോടെ നിലവിൽ വരും. കേരള തീരത്ത്‌ കരയിൽനിന്ന് കടലിലേക്ക്‌ 12 നോട്ടിക്കൽ മൈൽ ( 22 കിലോമീറ്റർ ) വരെ 52 ദിവസങ്ങളിലായി നടപ്പാക്കുന്ന നിരോധം ജൂലൈ 31 വരെ നീളും. ഈ കാലയളവിൽ മീൻപിടിത്ത ട്രോൾ ബോട്ടുകൾ കടലിലിറങ്ങില്ല. ഇതേ തുടർന്ന് മത്സ്യ അനുബന്ധ മേഖലയിലുള്ളവർക്ക് വിശ്രമകാലമാവും. പരമ്പരാഗത യന്ത്രവൽകൃത ബോട്ടുകൾക്ക് കർശന ഉപാധികളോടെ മീൻപിടിത്തത്തിലേർപ്പെടാം.

ഭൂരിഭാഗം കടൽ മത്സ്യങ്ങളുടേയും പ്രജനനം നടക്കുന്ന മൺസൂൺ കാലത്ത് ട്രോളിങ് നടത്തുന്നത് മത്സ്യങ്ങളുടെ മുട്ടയും ചെറുമത്സ്യങ്ങളും നശിക്കുന്നതിലൂടെ കടൽ മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നതായുള്ള വിവിധ പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് 1988 മുതൽ കേരള തീരക്കടലിൽ മൺസൂൺ കാല ട്രോളിങ് നിരോധം നടപ്പാക്കിവരുന്നത്. നിരോധത്തിന്റെ ഫലമായി കടൽ മത്സ്യ ഉൽപ്പാദനം ഗണ്യമായി വർധിച്ചിട്ടുള്ളതായും പഠനങ്ങൾ തെളിയിക്കുന്നു.

ജില്ലയിൽ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാൽ എന്നിവിടങ്ങളിലായി 1300 ഓളം യന്ത്രവൽകൃത ബോട്ടുകളുണ്ടെങ്കിലും നിയമാനുസൃതമായി ലൈസൻസ് പുതുക്കിയവ 636 ആണ്. മറ്റു മത്സ്യബന്ധന കേന്ദ്രങ്ങളിലുൾപ്പെടെ 2606 ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾ, 369 എൻജിൻ ഇല്ലാത്ത വള്ളങ്ങളുമടക്കം മൊത്തം 3611 യാനങ്ങളാണ് ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ പുറം ജില്ലകളിൽനിന്ന്‌ ഏകദേശം 171 ബോട്ടുകളും ജില്ലയിലെ തീരക്കടൽ കേന്ദ്രീകരിച്ച് മത്സ്യബന്ധനത്തിലേർപ്പെടുന്നു. ബോട്ടുകളിൽ പകുതിയിലേറെയും ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ചാണ് മീൻപിടിത്തം. അഞ്ച് ഫിഷിങ് ഹാർബറുകളും 15 ഫിഷ് ലാൻഡിങ് സെന്ററുകളിലുമായി 20656 തൊഴിലാളികൾ പ്രത്യക്ഷമായി ജില്ലയിൽ മത്സ്യബന്ധന മേഖലയിൽ തൊഴിലെടുക്കുന്നതായാണ് ഔദ്യോഗിക കണക്ക്. ഇതിനുപുറമെ കടത്തുവാഹനങ്ങൾ, ഐസ്, ലേലം, കയറ്റുമതി, വിൽപ്പന തുടങ്ങിയ അനുബന്ധ മേഖലകളിലായും ആയിരക്കണക്കിന് തൊഴിലാളികൾ പണിയെടുക്കുന്നു. ഇവരുൾപ്പെടെ ആയിരങ്ങൾക്കാണ് നിരോധകാലത്ത് തൊഴിലും വരുമാനവും ഇല്ലാതാകുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home