മെഡിക്കൽ കോളേജ് എസ്എഫ്ഐ തൂക്കി

23 വർഷത്തെ ചരിത്രം തിരുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥികളുമായി എസ്എഫ്ഐ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നു
സ്വന്തം ലേഖിക
Published on Jul 05, 2026, 02:21 AM | 1 min read
കോഴിക്കോട്
രണ്ടുപതിറ്റാണ്ടിനുശേഷം വര്‍ഗീയക്കോട്ട തകര്‍ത്തെറിഞ്ഞ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ യൂണിയൻ പിടിച്ചെടുത്ത് എസ്എഫ്ഐ. വിദ്യാർഥികളുടെ അവകാശങ്ങള്‍ക്കായും അനീതിക്കെതിരെയും അടിയുറച്ച് പോരാടിയവര്‍ ആരോഗ്യ വിദ്യാഭ്യാസ രംഗത്തും ചെങ്കൊടി പാറിച്ചു. നീണ്ട 23 വര്‍ഷത്തിനുശേഷം ഇൻഡിപെൻഡൻസ് എന്ന അരാഷ്‌ട്രീയ മുന്നണി കൂട്ടായ്‌മയെ ആണ് തോൽപ്പിച്ചത്. കേരള ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിൽ നടന്ന തെരഞ്ഞെടുപ്പിൽ 16ൽ 13 സീറ്റും എസ്എഫ്ഐ നേടി. ജനറലിൽ പത്തിൽ എട്ട് സീറ്റിലും ബാച്ച് റെപ്പിൽ ആറിൽ അഞ്ച് സീറ്റുമാണ് നേടിയത്.
ജനറൽ സീറ്റിൽ വിജയിച്ച എസ്എഫ്ഐ സ്ഥാനാർഥികൾ: ബെഞ്ചമിൻ തോമസ് (വൈസ് ചെയര്‍പേഴ്സൺ), മുഹമ്മദ് സലിം (ജനറൽ സെക്രട്ടറി), ഇ എസ് അനയ (ജോയിന്റ് സെക്രട്ടറി), എം എസ് ശ്രീലക്ഷ്മി (ആര്‍ട്സ് സെക്രട്ടറി), എൻ അൻസാഫ് യാസീൻ (സ്പോര്‍ട്സ് സെക്രട്ടറി), എ ആര്‍ ശരത് (മാഗസിൻ എഡിറ്റര്‍), സി യദുകൃഷ്ണൻ (യുയുസി യുജി), ഡോ. കെ ടി സുമയ്യ ബീഗം (യുയുസി പിജി). ഇൻഡിപെൻഡൻസ് സ്ഥാനാര്‍ഥികളായ നയൻ മേനോൻ ചെയര്‍പേഴ്സണായും നിദ റഷീദ് വി സി വുമണായും തെരഞ്ഞെടുക്കപ്പെട്ടു.
ദീർഘകാലമായി എസ്‌എഫ്‌ഐ നയിച്ച ക്യാന്പസിൽ 2003ലാണ് ഇൻഡിപെൻഡൻസ് ജയിക്കുന്നത്. യൂണിറ്റില്ലാത്ത കെഎസ്‌യു, ക്യാമ്പസ് ഫ്രണ്ട്, എബിവിപി, ഫ്രറ്റേണിറ്റി എന്നിവരെല്ലാം ചേർന്ന് ഇൻഡിപെൻഡൻസ് എന്ന അരാഷ്‌ട്രീയ കൂട്ടായ്‌മ രൂപീകരിച്ച് എസ്‌എഫ്‌ഐക്കെതിരെ ഒന്നിക്കുകയായിരുന്നു. വർഗീയ പ്രചാരണം നടത്തിയും മറ്റും 23 വർഷം യൂണിയൻ അവർ നിലനിർത്തിയെങ്കിലും വിദ്യാർഥികൾക്കായി രാഷ്‌ട്രീയംപറഞ്ഞ് അചഞ്ചലമായി നിലകൊണ്ട എസ്‌എഫ്‌ഐക്ക് മധുരവിജയം സമ്മാനിച്ച് ക്യാന്പസ് ഇൗ തെരഞ്ഞെടുപ്പിൽ ഹൃദയത്തിലേറ്റുകയായിരുന്നു. ഇത്തവണ കെഎസ്‌യു ഇൗ അവിയൽ മുന്നണിയിൽ നിന്ന് മാറി നിന്നാണ് മത്സരിച്ചത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, കേന്ദ്ര കമ്മിറ്റി അംഗം പി താജുദ്ദീൻ എന്നിവര്‍ ആഹ്ലാദറാലി നയിച്ചു.











0 comments