മന്ത്രിക്കോഴ വാർത്തയായതിൽ വിദ്യക്ക് പ്രതിഷേധം


സ്വന്തം ലേഖകൻ
Published on Jul 17, 2026, 12:11 AM | 2 min read
കോഴിക്കോട്
മന്ത്രിക്കോഴയിൽ പൊലീസിൽ നൽകിയ പരാതി പുറത്തുവന്നതിൽ വിദ്യ ബാലകൃഷ്‌ണൻ എംഎൽഎക്ക് അമർഷം. വാർത്ത പുറത്തുവന്നതിലെ ‘പ്രതിഷേധം’ പ്രകടിപ്പിച്ച് എംഎൽഎ ഫേസ്‌ബുക്ക് കുറിപ്പിട്ടു. സംഭവം മൂടിവയ്ക്കാനുള്ള ശ്രമം എംഎൽഎയുടെ ഭാഗത്തുനിന്ന് തുടക്കം മുതലുണ്ടായിരുന്നു. ഇക്കാര്യം പാർടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് വിദ്യ ബാലകൃഷ്ണൻ പറയുമ്പോഴും നേതൃത്വത്തിൽ ആരും ഇക്കാര്യമറിഞ്ഞതായി സ്ഥിരീകരിക്കുന്നില്ല. മാധ്യമ വാർത്തകളിലൂടെയാണ് വിവരമറിഞ്ഞതെന്നാണ് ജില്ലയിലെ മുതിർന്ന നേതാക്കൾ പറയുന്നത്.
മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുള്ള ഫോൺകോൾ എത്തിയത് ജൂലൈ ആറിനാണ്. 11നാണ് എംഎൽഎ പൊലീസിൽ പരാതിപ്പെട്ടത്. തുടർന്നും ഇക്കാര്യം പൊതുസമൂഹത്തെ അറിയിക്കാൻ തയ്യാറായില്ല. കേസ് നൽകിയ വിവരം പുറത്തുവന്നാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് എംഎൽഎയുടെ വാദം. വിവരം പുറത്തുവിടരുതെന്ന നിർദേശം എംഎൽഎ പൊലീസുദ്യോഗസ്ഥർക്കും നൽകിയിരുന്നു.
വിവരമറിഞ്ഞ് വിളിച്ച മാധ്യമപ്രവർത്തകനോട് വിഷയം വാർത്തയാക്കരുതെന്ന് പറഞ്ഞിരുന്നതായി -ഫേസ്‌ബുക്ക് കുറിപ്പിൽ വിദ്യ ബാലകൃഷ്ണൻ വ്യക്തമാക്കി. വാർത്ത പുറത്തുവിട്ടതിലും തനിക്ക് വന്ന ഫോൺ നമ്പർ പുറത്തുവിട്ടതിലുമുള്ള ശക്തമായ പ്രതിഷേധം ഇവിടെ കുറിക്കുന്നു എന്നുപറഞ്ഞാണ് എംഎൽഎ ഫേസ്‌ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
‘മന്ത്രിപദവി’ മറച്ചുവച്ച് എംപിമാരും
കോഴിക്കോട്
മന്ത്രിക്കോഴയിൽ വിളിയെത്തിയ എംപിമാരും വിവരം മറച്ചുവച്ചു. ഷാഫി പറമ്പിൽ എംപിയും ഡീൻ കുര്യാക്കോസുമാണ് ഇക്കാര്യം മറച്ചുവച്ചത്. എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണന് മന്ത്രിസ്ഥാനം വാഗ്ദാനംചെയ്ത് മൂന്നുകോടി രൂപ ആവശ്യപ്പെട്ടത് വിവാദമായതോടെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രെൈവറ്റ് സെക്രട്ടറി ഡി എസ് രാജ്‌കുമാർ വയനാട് പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽനിന്ന് രാജ്‌കുമാർ എന്ന് പരിചയപ്പെടുത്തിയാണ് എംപിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ്, വിദ്യ ബാലകൃഷ്‌ണൻ എംഎൽഎ എന്നിവർക്ക് വിളിയെത്തിയത്. സംഭവമുണ്ടായി ദിവസങ്ങളോളം എംപിമാരും എംഎൽഎയും ഇക്കാര്യം പൊതുശ്രദ്ധയിൽ വരാതിരിക്കാൻ ശ്രമിച്ചു.
വിദ്യ പരാതി നൽകിയശേഷവും പൊലീസിൽ പരാതിപ്പെടാൻ ഷാഫിയും ഡീൻ കുര്യാക്കോസും തയ്യാറായില്ല. ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നതായി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായി വിദ്യ ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്റെ പേരിൽ തട്ടിപ്പ് നടക്കുന്നതായി അറിഞ്ഞിട്ടും പരാതി നൽകാൻ രാജ്‌കുമാറും തയ്യാറായിരുന്നില്ല. വിദ്യ നൽകിയ പരാതിയിൽ കോൺഗ്രസിനുള്ളിൽ അസ്വാരസ്യം പടർന്നുതുടങ്ങിയതോടെയാണ് രാജ്‌കുമാർ ബുധനാഴ്ച പരാതി നൽകാൻ തയ്യാറായത്. അതേസമയം, തട്ടിപ്പുകാർ ലക്ഷ്യമിട്ടതായി പറയുന്ന ഷാഫിയോ ഡീൻ കുര്യാക്കോസോ പരാതി നൽകിയിട്ടുമില്ല.
ജൂലൈ 14ന് മുമ്പുള്ള ഒരാഴ്ചയ്ക്കുള്ളിലായി ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ, വിദ്യ ബാലകൃഷ്ണൻ എന്നിവരെ വിളിച്ച് പണം തട്ടാൻ ശ്രമിച്ചുവെന്നാണ് രാജ്‌കുമാറിന്റെ പരാതിയിൽ പറയുന്നത്.
അതേസമയം, വിദ്യ ബാലകൃഷ്ണന്റെ പരാതിയിൽ അന്വേഷണം തുടരുന്നതായി സൈബർ പൊലീസ് വ്യക്തമാക്കി. ഉത്തരേന്ത്യ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എംഎൽഎയ്ക്ക് വിളിയെത്തിയ നമ്പർ ഇപ്പോഴും സജീവമാണെന്നും എവിടെയെന്ന് കണ്ടെത്താൻ ശ്രമം നടക്കുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.











0 comments