വിജയ വാനിൽ ഉയരെ ‘വാമോസ്’....

കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ലോകകപ്പ് ഫാൻസ് ഷോയിൽ അണിനിരന്ന അർജന്റീന ആരാധകരായ വിദ്യാർഥികൾ
സ്വന്തം ലേഖകൻ കോഴിക്കോട് ആകാശത്തിലേക്ക് കൂറ്റൻ പതാക വീശി അർജന്റീന ജഴ്‌സിയണിഞ്ഞ് ആരാധകരെങ്ങും രാവിലെമുതൽ നിറഞ്ഞാടി. കളിക്കളത്തിൽ മെസിയുടെ മാന്ത്രികക്കാലുകൾ ഗോൾവർഷം ചൊരിഞ്ഞതോടെ ആവേശം നീലാകാശത്തിന് താഴെ അലകടലായി. മധുരപലഹാരങ്ങൾ വിതരണംചെയ്‌തും പടക്കം പൊട്ടിച്ചും ആരാധകർ ലോകകപ്പ് പുതിയ പതിപ്പിൽ നിലവിലെ ജേതാക്കളുടെ വിജയവരവറിയിച്ചു. ബുധൻ രാവിലെ ആറുമുതൽ ടെലിവിഷനും ബിഗ് സ്‌ക്രീനുമുന്നിലും തടിച്ചുകൂടിയവർ മെസിയെന്ന മാന്ത്രികന്റെ പ്രകടനത്തെക്കുറിച്ച് വാചാലരായി. കഴിഞ്ഞ ലോകകപ്പിന്റെ കിരീടപ്പോരിൽ നിറഞ്ഞാടിയ ആരാധകർ ഇത്തവണത്തെ തുടക്കംതന്നെ ആഘോഷമാക്കി. കന്നിപ്പോരിൽ നാടും നഗരവും ത്രസിച്ചു. മെസി ഹാട്രിക് നേടിയതോടെ ആവേശം ഇരട്ടിയായി. പലരും അർജന്റീനയുടെ ജഴ്‌സിയണിഞ്ഞ് ഇരുചക്രവാഹനങ്ങളിൽ ‘വാമോസ് അർജന്റീന’ ആർപ്പുവിളികളുമായി കറങ്ങി. കപ്പ് അർജന്റീനക്കെന്ന കാര്യത്തിൽ ആരാധകർക്ക് ഒരുസംശയവുമില്ല. കിരീടം നിലനിർത്തുമെന്ന പ്രതീക്ഷ വാനോളമാണവർക്ക്. നഗരത്തിന്റെ പലഭാഗങ്ങളിലും സംഘടനകളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തിൽ പ്രദർശനമൊരുക്കിയിരുന്നു. പലയിടങ്ങളിലും സ്‌ക്രീനിന് വെളിച്ചം തടസ്സമാകുന്നതിനാൽ വലിയ ടിവി സജ്ജമാക്കി. സ്‌കൂളുകളിലും അർജന്റീനയുടെ കുട്ടി ആരാധകർ വിജയം ആഘോഷിച്ചു.










0 comments