ad
Deshabhimani

നടപടിയെടുക്കാതെ സ്‌പോർട്‌സ്‌ ക‍ൗൺസിൽ

ചെളിക്കുളമായി കൊയിലാണ്ടി മൈതാനം

a

ചെളിക്കുളമായ കൊയിലാണ്ടി മൈതാനം

avatar
എ സജീവ്കുമാർ

Published on Jun 15, 2026, 12:15 AM | 1 min read

കൊയിലാണ്ടി

കാലവർഷം ആരംഭിച്ചതോടെ കൊയിലാണ്ടി മൈതാനം (സ്‌പോർട്‌സ്‌ ക‍ൗൺസിൽ സ്‌റ്റേഡിയം) ചെളിക്കുളമായി. ഡ്രൈനേജില്‍ പ്ലാസ്‌റ്റിക് മാലിന്യം കെട്ടിക്കിടക്കുന്നതിനാലാണ്‌ മൈതാനത്തിലെ വെള്ളം ഒഴുകിപ്പോകാത്തത്. പൊതുപരിപാടികൾ നടക്കുന്നതിന്റെ ഭാഗമായി പല ഭാഗത്തും ഉണ്ടായിട്ടുള്ള കുഴികൾ അടയ്‌ക്കാത്തതും വെള്ളക്കെട്ടിനിടയാക്കുന്നു. മൈതാനത്തിന്റെ നടത്തിപ്പുകാരായ ജില്ലാ സ്പോർട്സ് കൗൺസിൽ ആവശ്യമായ സംരക്ഷണം നൽകാത്തതാണ്‌ മൈതാനത്തിന്റെ ശോച്യാവസ്ഥയ്‌ക്ക്‌ കാരണം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് കായികതാരങ്ങൾ ദിനംപ്രതി പരിശീലനത്തിനെത്തുന്ന സ്‌റ്റേഡിയത്തിൽ അടിസ്ഥാന സ‍ൗകര്യങ്ങൾ പോലുമില്ല. പെൺകുട്ടികൾക്കുള്ള ഡ്രസ്സിങ്‌ റൂം, ടോയ്‌ലറ്റ്, കുടിവെള്ളം തുടങ്ങിയവ ഇവിടെയില്ല.

റവന്യൂ വകുപ്പിന്റെ കീഴിലായിരുന്ന 3.89 ഏക്കർ ഭൂമി 1998ൽ 25 വർഷത്തേക്ക് സ്പോർട്സ് കൗൺസിലിന് ലീസിന് നൽകിയിരുന്നു. ഇതിന്റെ കാലാവധി 2023 ഡിസംബറില്‍ പൂര്‍ത്തിയായെങ്കിലും കരാർ പുതുക്കാതെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം കൈവശം വച്ചിരിക്കയാണ്. മൂവായിരത്തോളം വിദ്യാർഥികളുള്ള ജീവിഎച്ച്എസ്എസിന്റെ കളിസ്ഥലം എന്ന നിലയിലും കൊയിലാണ്ടിയിലെ പ്രധാന കായിക കേന്ദ്രമെന്ന നിലയ്ക്കും കാര്യമായ വികസനമൊന്നും ഉണ്ടാകാത്തതിനാൽ സ്‌റ്റേഡിയം വിട്ടുകിട്ടണമെന്നാണ് നഗരസഭയുടെയും കായികപ്രേമികളുടെയും കൊയിലാണ്ടി ജിവിഎച്ച്‌എസ്‌ സ്‌കൂൾ അധികൃതരുടെയും ആവശ്യം. മൈതാനം വികസിപ്പിക്കാനോ നഗരസഭയ്ക്ക് വിട്ടുകൊടുക്കാനോ സ്പോർട്സ് കൗൺസിൽ തയ്യാറാകുന്നില്ല.

മൈതാനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ ജിവിഎച്ച്എസ്എസ് പിടിഎ കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയും അന്തിമ തീരുമാനം എടുക്കേണ്ടത് റവന്യു വകുപ്പാണെന്ന് നിർദേശിച്ച്‌ 2024 ഫെബ്രുവരി 29ന് വിഷയം സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്‌തു. മന്ത്രിതല ചർച്ച നടത്തിയിട്ടും പരിഹാരമായിട്ടില്ല. മൈതാനത്തിന്റെ അധികാരം റവന്യൂവിനാണെങ്കിലും തൊട്ടടുത്തുള്ള ഗവ. ഹൈസ്കൂളിന്റെ സമ്മതത്തോടെ മാത്രമേ മറ്റുള്ള പരിപാടികൾക്കായി വിട്ടുകൊടുത്തിരുന്നുള്ളൂ. റവന്യു വകുപ്പ്‌ സ്പോർട്സ് കൗൺസിലുമായി കരാറുണ്ടാക്കിയപ്പോഴും ഹൈസ്കൂളിലെ കുട്ടികൾക്ക് എപ്പോഴും ഉപയോഗിക്കാമെന്നും അവരുടെ സമ്മതത്തോടെയേ മറ്റുള്ളവർക്ക് മൈതാനം കൊടുക്കാവൂ എന്നും വ്യവസ്ഥയുണ്ട്‌. എന്നാൽ, കളിക്കാൻ മൈതാനത്തിലെത്തിയ കുട്ടികളെ തടഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ നഗരസഭയുടെ കാലത്ത് സ്‌റ്റേഡിയം വിട്ടുകിട്ടണമെന്ന് നഗരസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. പുതിയ ഭരണസമിതിയും എംഎൽഎയുമെല്ലാം കായിക വളർച്ചയ്‌ക്കായി സ്‌റ്റേഡിയം നഗരസഭയ്‌ക്ക് വിട്ടുനൽകണമെന്നാണ് പറയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home