ad
Deshabhimani

വിബിജി ആർഎഎംജി ഇന്ന്‌ മുതൽ; ആശങ്കയിൽ തൊഴിലാളികൾ

തൊഴിലിൽ ഉറപ്പില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 01, 2026, 02:12 AM | 1 min read

കോഴിക്കോട്‌

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രസർക്കാർ പാസാക്കിയ വിബിജി ആർഎഎംജി പദ്ധതി ബുധനാഴ്‌ച മുതൽ നിലവിൽ വരും. മോദി സർക്കാർ കൊണ്ടുവന്ന പദ്ധതിയിൽ ലക്ഷക്കണക്കിന്‌ തൊഴിലാളികൾക്ക്‌ തൊഴിൽ നഷ്‌ടമാകും. ജില്ലയിൽ നാലുലക്ഷത്തിനടുത്ത്‌ തൊഴിലാളികളാണ്‌ എംഎൻആർഇജി പദ്ധതിയിൽ തൊഴിൽ കാർഡ്‌ സ്വീകരിച്ചിട്ടുള്ളത്‌. ഇതിൽ രണ്ടുലക്ഷം തൊഴിലാളികളാണ്‌ സ്ഥിരമായി തൊഴിലെടുക്കുന്നത്‌. ഇതിൽ 90 ശതമാനത്തിന്‌ മുകളിൽ തൊഴിലാളികളും സ്‌ത്രീകളാണ്‌. പദ്ധതിയിലിതുവരെ തൊഴിൽ ആവശ്യപ്പെട്ടാൽ അത്‌ നൽകാൻ സർക്കാർ ഉത്തരവാദികളായിരുന്നു. എന്നാൽ പുതിയ നിയമത്തിലങ്ങനെയില്ല. കേന്ദ്രം തീരുമാനിക്കുന്നതിനനുസരിച്ചായിരിക്കും തൊഴിൽ ലഭിക്കുക. പദ്ധതിയനുസരിച്ച്‌ 60 ദിവസംവരെ തൊഴിലുറപ്പ് ജോലി നിർത്തിവയ്‍ക്കാനുള്ള അധികാരം കേന്ദ്രത്തിന്‌ നൽകുന്നുണ്ട്‌. സീസണുകളിൽ തൊഴിലില്ലാതായാൽ അത്‌ തൊഴിലുറപ്പിനെ മാത്രം ആശ്രയിച്ച്‌ ജീവിക്കുന്നവരെ കാര്യമായി ബാധിക്കും. കൂലി തീരുമാനിക്കുന്നതും കേന്ദ്ര സർക്കാരാണ്‌. പദ്ധതിയുടെ സാന്പത്തികഭാരം സംസ്ഥാനങ്ങളുടെ മേൽ കെട്ടിവയ്‌ക്കുന്നതാണ്‌ പുതിയ ബിൽ. ഇതനുസരിച്ച്‌ പദ്ധതി വിഹിതത്തിന്റെ 40 ശതമാനം സംസ്ഥാനം വഹിക്കണം. കേരളത്തിലെ യുഡിഎഫ്‌ സർക്കാർ ഇതിനെ ഏതുരീതിയിൽ സമീപിക്കുമെന്നതും തൊഴിലാളികളെ ആശങ്കയിലാഴ്‌ത്തുന്നു. മുമ്പ്‌ തൊഴിലിനനുസരിച്ച്‌ ഫണ്ട്‌ ലഭ്യമാക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നതെങ്കിൽ പുതിയ പദ്ധതിയിൽ ഫണ്ടിനനുസരിച്ചായിരിക്കും തൊഴിൽ ലഭ്യമാക്കുക. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാന സൗകര്യം, ദുരന്തനിവാരണം എന്നീ വിഭാഗങ്ങളിലാണ്‌ പ്രവൃത്തികൾ. കായികശേഷി കൂടിയ തൊഴിലാളികൾക്കാകും അവസരം. ഇത്‌ 60 കഴിഞ്ഞവർക്കും സ്‌ത്രീകൾക്കും തിരിച്ചടിയാണ്‌. മാത്രമല്ല തൊഴിലാളിയുടെ അവകാശം സംരക്ഷിക്കുന്നതിനെക്കുറിച്ച്‌ പദ്ധതിയിൽ ഒരു വ്യക്തതയുമില്ല. ആധാറുമായി ബന്ധപ്പെടുത്തിയുള്ള ഇ‍ കെവൈസി സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം തൊഴിലാളികൾക്ക്‌ തൊഴിലും വേതനവും നഷ്‌ടമാകാനും സാധ്യതയുണ്ട്‌. ​


കെഎസ്‌കെടിയു മാർച്ച് ഇന്ന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രസർക്കാർ പാസാക്കിയ വിബിജി ആർഎഎംജി പദ്ധതി നടപ്പാക്കുന്നതിനെതിരെ കെഎസ്‌കെടിയു ബുധനാഴ്‌ച പ്രതിഷേധിക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണപദ്ധതി തുടരുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, തൊഴിലുറപ്പ് തകർക്കുന്ന വിബിജി റാംജി നിയമം പിൻവലിക്കുക എന്നീ ആവശ്യം ഉന്നയിച്ച് ജില്ലയിലെ 16 ഏരിയ കേന്ദ്രങ്ങളിലും കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തും.


a



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home