മുക്കം സഹകരണ ബാങ്ക് ക്രമക്കേട്
യുഡിഎഫ് ഭരണസമിതി അംഗങ്ങളിൽ നിന്ന് തുക തിരിച്ചുപിടിക്കാൻ നടപടി തുടങ്ങി


സ്വന്തം ലേഖകൻ
Published on Jul 13, 2025, 01:10 AM | 1 min read
മുക്കം
മുക്കം സർവീസ് സഹകരണ ബാങ്കിന് നഷ്ടം വരുത്തിയവരിൽനിന്ന് തുക തിരിച്ചുപിടിക്കാൻ വകുപ്പ് തല നടപടി ആരംഭിച്ചു. യുഡിഎഫ് ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും ഡയറക്ടറും അടക്കമുള്ളവരിൽനിന്ന് തുക ഈടാക്കാനുള്ള നടപടിയാണ് സഹകരണ വകുപ്പ് തുടങ്ങിയത്. ബാങ്കിൽ നടന്ന ക്രമക്കേട് അന്വേഷിച്ച സഹകരണ വിജിലൻസിന്റെ ശുപാർശ പ്രകാരമാണ് നടപടി. ഇക്കാര്യത്തിൽ നടപടി എടുത്ത് റിപ്പോർട്ട് നൽകാനുള്ള സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി സജിത്ത് ബാബുവിന്റെ ഉത്തരവനുസരിച്ച് കോഴിക്കോട് ജോ. രജിസ്ട്രാർ ആണ് നടപടി തുടങ്ങിയത്.
ബാങ്കിൽ 2008–--23 കാലയളവിൽ ഡയറക്ടറായിരുന്ന കോൺഗ്രസ് നേതാവ് ഒ കെ ബൈജു ഭരണസമിതി തീരുമാനത്തിനും ബാങ്ക് നിയമാവലിക്കും വിരുദ്ധമായി ലീഗൽ ഫീസിനത്തിൽ 4,89,000 രൂപയും വാഴ കൃഷി ഇനത്തിൽ 1,04,039 രൂപയും ഉൾപ്പെടെ ആകെ 5,93,039 രൂപ സ്വന്തം പേരിലുള്ള 0679 എന്ന സസ്പെൻസ് അക്കൗണ്ടിൽ കൂടി അധികമായി കൈപ്പറ്റിയിരുന്നു. ആ തുക ഒ കെ ബൈജുവിൽനിന്ന് തിരിച്ചുപിടിക്കാൻ സഹകരണ വിജിലൻസ് ശുപാർശ ചെയ്തത് അനുസരിച്ച് നടപടി ആരംഭിച്ചു.
2008-ൽ സർക്കാർ പ്രഖ്യാപിച്ച കടാശ്വാസ പദ്ധതിയിൽ ആയിഷ, വാസു, ഉസ്മാൻ, ഭാസ്‌കരൻ എന്നിവർ ബിസിനസ് ആവശ്യത്തിനായി എടുത്ത വായ്‌പ കാർഷിക വായ്പകളായി മാറ്റി അനധികൃതമായി 1,86,988 രൂപ ഇളവുനൽകി സർക്കാരിന് നഷ്ടമുണ്ടാക്കി. ഈ തുക ഇവരിൽനിന്ന് തിരിച്ചുപിടിക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.
ഈ തുക ഇവരിൽനിന്ന് ഈടാക്കാൻ കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 68(2) പ്രകാരം നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി കാര്യങ്ങൾ ബോധിപ്പിക്കാൻ 18ന് പകൽ രണ്ടിന് ജോയിന്റ് രജിസ്ട്രാർക്ക് മുന്നിൽ ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് നൽകി. ഇവർ ഹാജരാവാത്തപക്ഷം ഒന്നും ബോധിപ്പിക്കാനില്ല എന്ന നിഗമനത്തിൽ തുടർനടപടി സ്വീകരിക്കും.
ബാങ്കിൽ നടന്ന അഴിമതിയും ക്രമക്കേടുകളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ കെ ഉണ്ണികൃഷ്ണൻ, കെ ടി ബിനു എന്നിവർ സഹകരണ മന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് ഉത്തര മേഖലാ സഹകരണ വിജിലൻസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹകരണ വകുപ്പ് തുടർനടപടി തുടങ്ങിയത്.








0 comments