കാലവർഷം കനക്കുന്നു

കാലവര്‍ഷം നല്‍കിയ ചെറിയ ഇടവേളയ്ക്ക് ശേഷം കനത്ത മഴയാണ് ജില്ലയില്‍ ലഭിക്കുന്നത്. കോഴിക്കോട് പെരുമണ്ണയില്‍ നിന്നുള്ള ദൃശ്യം

സ്വന്തം ലേഖകൻ
Published on Jun 30, 2026, 01:19 AM | 1 min read
കോഴിക്കോട്
ഇടവേളയ്ക്കുശേഷം ജില്ലയിൽ കാലവര്‍ഷം വീണ്ടും കരുത്താര്‍ജിക്കുന്നു. ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിൽ ഭേദപ്പെട്ട മഴ ലഭിച്ചു. ശനി രാവിലെ 8.30മുതൽ ഞായർ രാവിലെ 8.30വരെ കോഴിക്കോട്– 55.4 മില്ലി മീറ്റർ, കൊയിലാണ്ടി– 22.0 മി.മീ, വടകര– 61.0 മി.മീ മഴ ലഭിച്ചു. ഓട്ടോമാറ്റിക് മഴ മാപിനിയുള്ള സ്‌റ്റേഷനുകളായ ഉറുമി– 64.5 മി.മീ, കുന്നമംഗലം– 27.5 മി.മീ, വിലങ്ങാട്– 20.5 മി.മീ, കോഴിക്കോട്– 36 മി.മീ, വടകര– 44.5 മി.മീ മഴ കഴിഞ്ഞദിവസം രേഖപ്പെടുത്തി. കൊടുവള്ളി ബ്ലോക്കിന് കീഴിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ജില്ലയിൽ കാലവർഷം ആരംഭിച്ചശേഷവും കുറഞ്ഞ മഴയായിരുന്നു ലഭിച്ചത്. ജൂണിൽ 25 ശതമാനം മഴയുടെ കുറവുണ്ടായി. സാധാരണ ലഭിക്കേണ്ട 847.1 മി.മീ മഴക്കുപകരം 635.5 മി.മീ മഴയാണ് ഇതുവരെ ലഭിച്ചത്.
വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് സൂചന. തിങ്കളാഴ്‌ച ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. 64.5 മി.മീമുതൽ 115 മി.മീ ശക്‌തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ ഒന്നുവരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും രണ്ടുവരെ ഒറ്റപ്പെട്ട_ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40മുതൽ 50 കിലോമീറ്റർവരെ (ചിലപ്പോൾ പരമാവധി 60 കി.മീവരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.











0 comments