ad
Deshabhimani

print edition അയോദ്ധ്യ ക്ഷേത്രക്കൊള്ളയിൽ സംഘപരിവാറിൽ അടി; ആദിത്യനാഥിനെ കുരുക്കാൻ അമിത് ഷാ

AYODHYA TEMPLE.
വെബ് ഡെസ്ക്

Published on Jun 30, 2026, 02:20 AM | 1 min read

ന്യൂഡൽഹി: സംഘപരിവാറിൽ കടുത്ത ഭിന്നതയ്‌ക്ക്‌ വഴിവച്ച്‌ അയോധ്യ രാമക്ഷേത്രത്തിലെ കൊള്ള. നാണക്കേടിൽനിന്ന്‌ മുഖംരക്ഷിക്കാനുള്ള തീവ്രശ്രമവുമായി ആർഎസ്‌എസ്‌–ബിജെപി നേതാക്കൾ രംഗത്തെത്തി. ആർഎസ്‌എസിന്റെ മ‍ൗനത്തിന്‌ പിന്നിലും ഈ ചേരിപ്പോരാണ്‌.


ശതകോടികളുടെ കൊള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കൂടി വീഴ്‌ചയായി ചിത്രീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ നേതൃത്വത്തിൽ ബിജെപി നേതൃത്വം ശ്രമം തുടങ്ങി. എന്നാൽ പ്രത്യേകാന്വേഷണ സംഘത്തിൽ പിടിമുറുക്കി രാമക്ഷേത്രം ട്രസ്റ്റ്‌ അംഗങ്ങളെ മാത്രം ഉത്തരവാദിയാക്കാനാണ് ആദിത്യനാഥിന്റെ ശ്രമം.


മുതിർന്ന ആർഎസ്‌എസ്‌ നേതാവും വിഎച്ച്‌പി അന്താരാഷ്‌ട്ര വൈസ്‌പ്രസിഡന്റും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത്‌ റായിയെ എസ്‌ഐടി തിങ്കളാഴ്‌ച വീണ്ടും ചോദ്യംചെയ്‌തു. തിരിമറിയുള്ളതായി മാസങ്ങൾക്ക്‌ മുമ്പുതന്നെ ക്ഷേത്രം ഫണ്ടിന്റെ സൂക്ഷിപ്പുകാരായ എസ്‌ബിഐ നൽകിയ മുന്നറിയിപ്പ്‌ ചമ്പത്‌ റായ്‌ ഉൾപ്പെടുന്ന ട്രസ്റ്റ്‌ എന്തുകൊണ്ട്‌ മറച്ചുവച്ചുവെന്നാണ്‌ അന്വേഷിക്കുന്നത്‌.


മുതിർന്ന ആർഎസ്‌എസ്‌ നേതാവും പ്രാണപ്രതിഷ്‌ഠാ ചടങ്ങിൽ മുഖ്യആതിഥേയനു(യജമാൻ)മായിരുന്ന ട്രസ്റ്റ് അംഗം അനിൽ മിശ്രയെയും വീണ്ടും ചോദ്യംചെയ്‌തേക്കും. റായിയുടെയും മിശ്രയുടെയും രാജി ട്രസ്റ്റ്‌ അംഗീകരിച്ചിട്ടില്ല.


യുപി നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ അമ്പലക്കൊള്ളയിൽ കടുത്ത നടപടി വേണമെന്ന നിലപാടിലാണ്‌ ആദിത്യനാഥ്‌. ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ യഥാർഥ പ്രതിനിധി താനാണെന്ന പ്രതീതി സൃഷ്‌ടിക്കാനും മോദിക്കുശേഷം ബിജെപിയുടെ കടിഞ്ഞാൺ പിടിച്ചെടുക്കാനുമാണ്‌ ആദിത്യനാഥ്‌ ശ്രമിക്കുന്നത്‌.


മോദി മുൻകൈയെടുത്ത്‌ ട്രസ്റ്റിന്‌ രൂപം നൽകിയപ്പോൾ ആദിത്യനാഥിനെയും അദ്ദേഹത്തിന്റെ ഗോരഖ്‌നാഥ്‌ മഠത്തെയും അവഗണിച്ചിരുന്നു. ബാബ്റി മസ്‌ജിദ്‌ പൊളിക്കൽ പ്രസ്ഥാനത്തിൽ ഗോരഖ്‌നാഥ്‌ മഠം പതിറ്റാണ്ടുകളോളം നിർണായക പങ്കാണ്‌ വഹിച്ചത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home