print edition കുറ്റം പറഞ്ഞവർ തിരുത്തി; ഉൗരാളുങ്കൽ സൂപ്പറെന്ന് യുഡിഎഫ് സർക്കാർ

തിരുവനന്തപുരം: ഉൗരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസി)ക്കെതിരെ പടച്ചുവിട്ട നുണകൾ ഭരണത്തിലെത്തിയപ്പോൾ തിരുത്തി യുഡിഎഫ്. തിങ്കളാഴ്‌ച നിയമസഭയിലെ ചോദ്യോത്തരവേളയിൽ പൊതുമരാമത്തുമന്ത്രി പി കെ ബഷീർ രേഖാമൂലം നൽകിയ മറുപടിയിലാണ് ഉൗരാളുങ്കലിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയത്.
ഊരാളുങ്കലിന് പൊതുമരാമത്ത് ജോലികൾ നൽകുന്നതിന് മുൻഗണനയുണ്ടോ, നടപടിക്രമം പാലിക്കാതെ നിർമാണാനുമതി നൽകിയത് ഗുണനിലവാരം കുറയാനും അഴിമതിക്കും കാരണമായിട്ടുണ്ടോ എന്നെല്ലാമായിരുന്നു ചോദ്യങ്ങളും ഉപചോദ്യങ്ങളും. ഭൂരിഭാഗവും ഉന്നയിച്ചത് യുഡിഎഫ് എംഎൽഎമാർ. ഉൗരാളുങ്കൽ ഏറ്റെടുത്ത പ്രവൃത്തിയിലൊന്നും അഴിമതിയില്ലെന്നും ഗുണനിലവാരം ഉറപ്പാക്കുന്നതിനാൽ എല്ലാവരും അവർക്ക് പിന്നാലെ പോകുകയാണെന്നും മന്ത്രി പി കെ ബഷീർ രേഖാമൂലം മറുപടി നൽകി.
ഊരാളുങ്കൽ ഗ്രാമത്തിൽനിന്ന് ലോകനെറുകയിലേക്ക് ഉയർന്ന പ്രസ്ഥാനമാണ് യുഎൽസിസി. ദേശീയപാത നിർമാണത്തിലുൾപ്പെടെ ഗുണമേന്മ ഉറപ്പാക്കിയതോടെ രാജ്യത്തെ വിവിധ മേഖലകളിൽ ‘ഉൗരാളുങ്കൽ’ എന്ന പേര് പടർന്നു. കഴിഞ്ഞ 10 വർഷം യുഎൽസിസി ഏറ്റെടുത്ത പദ്ധതികൾ കേരളത്തിന്റെ അഭിമാനമായി.
സ്വകാര്യ കന്പനികൾക്കുവേണ്ടി യുഎൽസിസിയെ ഇകഴ്‌ത്തി തകർക്കാനാണ് പ്രതിപക്ഷത്തായിരുന്നപ്പോൾ യുഡിഎഫ് ശ്രമിച്ചത്. നിരന്തരം അഴിമതിയാരോപണങ്ങൾ ഉന്നയിച്ച് ഇഡി അന്വേഷണംവരെ എ ത്തിച്ചു. സാമൂഹിക പരിഷ്‌കർത്താവായിരുന്ന വാഗ്‌ഭടാനന്ദന്റെ നേതൃത്വത്തിൽ ആരംഭിച്ച തൊഴിലാളികളുടെ സംഘടനയാണ് ഉൗരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയായി വളർന്നത്. ഐടി, ബഹിരാകാശ സാങ്കേതികവിദ്യ, കൃഷി, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. രാജ്യത്തെ നവരത്ന സഹകരണ സംഘങ്ങളിലൊന്ന് കൂടിയാണ് 102 വർഷം പിന്നിട്ട ഉൗരാളുങ്കൽ സൊസൈറ്റി.











0 comments