print edition സ്ത്രീസുരക്ഷാപദ്ധതിയും വെട്ടി; 16.5 ലക്ഷം സ്‌ത്രീകളുടെ ആത്മാഭിമാനം തകർത്ത് മുഖ്യമന്ത്രി

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: വീട്ടമ്മമാരുടെ ആത്മാഭിമാനം ഉയർത്തി എൽഡിഎഫ് സർക്കാർ ആരംഭിച്ച ‘മുഖ്യമന്ത്രിയുടെ സ്‌ത്രീ സുരക്ഷാ പദ്ധതി’ക്ക് പൂട്ടിട്ട് യുഡിഎഫ് സർക്കാർ. 35–60 പ്രായത്തിലുള്ള 16.5 ലക്ഷം സ്‌ത്രീകൾക്ക് മാസം 1000 രൂപ നൽകുന്ന ഇൗ പദ്ധതിയിലുൾപ്പെട്ടവർ അനർഹരാണെന്ന് ആക്ഷേപിച്ചാണ് പദ്ധതിയുമായി മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ സൂചന നൽകിയത്.
തിങ്കളാഴ്‌ച എ സി മൊയ്‌തീൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു സതീശൻ. മദ്യക്കന്പനികളുടെ ഫയൽ അതിവേഗം നീക്കിയ മുഖ്യമന്ത്രി പാവപ്പെട്ട സ്‌ത്രീകൾക്ക് ഏപ്രിൽ, മേയ് മാസങ്ങളിൽ തുക അനുവദിക്കാനുള്ള ഫയൽ തടഞ്ഞിരുന്നു.
അതിന് പിന്നാലെയാണ് രാജ്യത്തിന് മാതൃകയായ പദ്ധതി തകർക്കുമെന്ന പ്രഖ്യാപനം. കെ സ്‌മാർട്ട് വഴി എല്ലാ മാനദണ്ഡവും പാലിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത്. 16,40,343 ഗുണഭോക്താക്കൾ നിലവിലുണ്ട്. അഞ്ച് ലക്ഷം പേരുടെ പട്ടിക അന്തിമാനുമതി കാത്തുകിടക്കുന്നു. ഇവരെയാണ് അനർഹരെന്ന് മുഖ്യമന്ത്രി അധിക്ഷേപിച്ചത്.
ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ ഒരു സമിതിയും ഉണ്ടായിരുന്നില്ലെന്നും വേണ്ടപ്പെട്ടവർക്കെല്ലാം സിപിഐ എം ലോക്കൽ, ഏരിയ കമ്മിറ്റികൾ ചേർന്നാണ് പെൻഷൻ നൽകിയതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് പരിശോധിക്കാതെ പദ്ധതി തുടരില്ലെന്നും പറഞ്ഞു. എന്നാൽ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിശദീകരിച്ചതോടെ മുഖ്യമന്ത്രിക്ക് മറുപടിയില്ല.
കെ- സ്‌മാർട്ട് പ്ലാറ്റ്ഫോം, ആധാർ, പൊതുവിതരണ സംവിധാനം, മരണ രജിസ്ട്രി, സർവീസ് പെൻഷൻ പരിശോധന, ക്ഷേമ പെൻഷൻ പരിശോധനയ്‌ക്കുള്ള സേവന പെൻഷൻ, ട്രഷറി സർവീസ് തുടങ്ങിയ സർക്കാർ ഡാറ്റാബേസും സേവനങ്ങളെയും സംയോജിപ്പിച്ച ടൂൾ എൻജിനാണ് അപേക്ഷകൾ പരിശോധിച്ചത്. കെ സ്‌മാർട് വഴി സംയോജിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്. സുതാര്യത എല്ലാ ഘട്ടങ്ങളിലും ഉറപ്പാക്കി. ഇൗ ഗുണഭോക്തൃ പട്ടികയാണ് തട്ടിപ്പെന്ന് മുഖ്യമന്ത്രി പറഞ്ഞത്. പദ്ധതി അട്ടിമറിക്കുന്നത് സ്‌ത്രീകളോടുള്ള വെല്ലുവിളിയാണെന്ന് എ സി മൊയ്‌തീനും പ റഞ്ഞു.











0 comments