ad
Deshabhimani

വെള്ളമുണ്ടായിട്ടും ജപ്പാൻ ‘കിട്ടാക്കനി’

a

പെരുവണ്ണാമൂഴി റിസർവോയറിലുള്ള കിണറും പമ്പ് ഹൗസും

avatar
സ്വന്തം ലേഖകൻ

Published on Jun 16, 2026, 02:59 AM | 1 min read

പേരാമ്പ്ര

വൈദ്യുതി വിതരണത്തിലുണ്ടാകുന്ന തടസ്സംമൂലം പെരുവണ്ണാമൂഴി ജപ്പാൻ പദ്ധതിയിൽനിന്നുള്ള കുടിവെള്ളവിതരണം മുടങ്ങുന്നത് പതിവാകുന്നു. റിസർവോയറിൽ മതിയായ വെള്ളമുണ്ടായിട്ടും ഉപഭോക്താക്കൾക്ക്‌ കുടിവെള്ളം ‘കിട്ടാക്കനി’യാവുകയാണ്‌. കെഎസ്ഇബിയുടെ ഫീഡർ വർക്ക് നടക്കുന്നതാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് ജലഅതോറിറ്റി പറയുന്നത്. കോഴിക്കോട് മെഡിക്കൽകോളേജ് ഉൾപ്പെടെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടിട്ടും പ്രശ്‌നം പരിഹരിക്കുന്നതിൽ അനാസ്ഥ തുടരുകയാണ്‌.

കോഴിക്കോട് കോർപറേഷനിലും സമീപത്തെ 16 പഞ്ചായത്തുകളിലും കുടിവെള്ളം നൽകുന്നതാണ് ജപ്പാൻ കുടിവെള്ള വിതരണ പദ്ധതി. പെരുവണ്ണാമൂഴി പൊൻമലപ്പാറയിലെ മാത്തൂർ കുന്നിലുള്ള 62 ഏക്കർ സ്ഥലത്താണ് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ടാങ്കും ജല ശുദ്ധീകരണ പ്ലാന്റുമുള്ളത്. പെരുവണ്ണാമൂഴി റിസർവോയറിലാണ് കിണറും പമ്പ് ഹൗസും സ്ഥാപിച്ചത്‌. മെയ് വരെ റിസർവോയറിൽ വെള്ളം കുറവായതിനാൽ, ജലവിതരണം നടത്തുന്നതിൽ പരിമിതിയുണ്ടായിരുന്നു. മഴ പെയ്തതോടെ റിസർവോയറിൽ ആവശ്യത്തിന് വെള്ളമുണ്ടായിട്ടും കുടിവെള്ളവിതരണം മുടങ്ങുകയാണ്‌. പദ്ധതിയെ ആശ്രയിക്കുന്ന ആയിരക്കണക്കായ ഗാർഹിക ഉപഭോക്താക്കളും ഏറെ പ്രയാസത്തിലാണ്.


ജലവിതരണം അവതാളത്തിൽ; ജനം ദുരിതത്തിൽ

കോഴിക്കോട്‌

നഗരത്തിൽ വിവിധയിടങ്ങളിൽ ജപ്പാൻ പദ്ധതിയിലെ ജലവിതരണം മുടങ്ങുന്നതായി പരാതി. മലാപ്പറമ്പ്‌, മൂഴിക്കൽ, ചെലവൂർ, വെള്ളിമാടുകുന്ന്‌, പാലക്കോട്ടുവയൽ, മെഡിക്കൽ കോളേജ്‌, വിരുപ്പിൽ, കാളാണ്ടിത്താഴം തുടങ്ങിയ ഭാഗങ്ങളിലാണ്‌ കുടിവെള്ളം തടസ്സപ്പെടുന്നത്‌. മെയ്‌ മുതൽ ഒരുദിവസം ഇടവിട്ടായിരുന്നു ജലവിതരണം. കുറച്ചു ദിവസങ്ങളിലായി രാവിലെ അൽപ്പനേരം വെള്ളം ലഭിച്ചാൽ അടുത്ത ദിവസം രാത്രിയേ ലഭിക്കുന്നുള്ളൂ. ഉയരം കൂടിയ പ്രദേശങ്ങളിൽ ഒട്ടും വെള്ളമെത്താത്ത അവസ്ഥയാണ്‌. മുമ്പ്‌ താഴ്‌ന്ന പ്രദേശങ്ങളിലെ ആളുകൾ ഉപയോഗത്തിന്‌ ശേഷം പൈപ്പ്‌ അടച്ചാൽ ഉയർന്ന പ്രദേശങ്ങളിലേക്ക്‌ ശക്തിയിൽ വെള്ളമെത്തുമായിരുന്നു. താഴ്‌ന്ന പ്രദേശങ്ങളിലുള്ളവർക്കുപോലും ആവശ്യത്തിന്‌ വെള്ളം കിട്ടാതായതോടെ പ്രശ്‌നം രൂക്ഷമായി.

ഓരോ ദിവസം ഇടവിട്ടാണ്‌ ഓരോ മേഖലയിലേക്ക്‌ ജലം വിതരണം ചെയ്യുന്നത്‌. ഇതിന്‌ കൃത്യമായ സമയനിശ്ചയമില്ലെന്നാണ്‌ ഉപഭോക്താക്കൾ പറയുന്നത്‌. കാലവർഷം ആരംഭിച്ചതിനാൽ കിണറുള്ള വീടുകളെ കാര്യമായി ബാധിക്കുന്നില്ലെങ്കിലും കിണറില്ലാത്ത വീടുകളാണ്‌ ഇ‍ൗ പ്രദേശങ്ങളിൽ ഭ‍ൂരിഭാഗവും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home