നിക്ഷേപ തട്ടിപ്പ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

വടകര
കടത്തനാട് ലേബർ കോൺട്രാക്ട് കോ–-ഓപറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പിലെ രണ്ടാമത്തെ കേസിൽ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് തള്ളി. സംഘം മുൻ പ്രസിഡന്റും ഡിസിസി സെക്രട്ടറിയുമായ വടകര പഴങ്കാവിലെ പറമ്പത്ത് ടി വി സുധീർ കുമാറും സെക്രട്ടറി വെള്ളികുളങ്ങര സ്വദേശി മടപ്പറമ്പത്ത് ശ്രീനിലയത്തിൽ പ്രീനയും നൽകിയ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. തിരുവള്ളൂർ സ്വദേശി ചിരികണ്ടോത്ത് ഇബ്രാഹിം ഹാജി സൊസൈറ്റിയിൽ നിക്ഷേപിച്ച 22 ലക്ഷം തിരികെ ലഭിക്കാത്തതിനെ തുടർന്ന് നൽകിയ പരാതിയിലാണ് ഇരുവരും അറസ്‌റ്റിലായത്.
സഹകരണ വകുപ്പ് ഓഡിറ്റർ നൽകിയ പരാതിയിൽ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഇബ്രാഹിം ഹാജി സംഘം മുൻ പ്രസിഡന്റായ ടി വി സുധീർ കുമാറിന്റെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യചെയ്തിരുന്നു. സൊസൈറ്റിയിൽ 5.80 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് ആർക്കും പണം തിരികെ ലഭിച്ചിട്ടില്ല. ഈ പണം എന്തിനാണ് ഉപയോഗിച്ചതെന്നതടക്കമുള്ള വിവരങ്ങൾ അന്വേഷക സംഘം പരിശോധിച്ചുവരികയാണ്. സംഘത്തിന്റെ ബാങ്ക് അക്കൗണ്ടുകളിൽ തുകയൊന്നുമില്ല. ഇബ്രാഹിം ഹാജിയുടെ മരണമടക്കമുള്ള മൂന്ന് കേസുകളാണ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്നത്. പുതിയ നാല് പരാതികൾകൂടി അന്വേഷിക്കാൻ ക്രൈം ബ്രാഞ്ചിന് ജില്ലാ പൊലീസ് മേധാവി ഉത്തരവ് നൽകി. ഇതിനുപുറമെ മൂന്ന് പരാതികൾകൂടി വടകര പൊലീസ് രജിസ്‌റ്റർ ചെയ്തിട്ടുണ്ട്.








0 comments