ad
Deshabhimani

തീറ്റയ്ക്ക് തീവില

കോഴിവളർത്തൽ 
ഉപേക്ഷിക്കാൻ കർഷകർ

കോഴിവളർത്തൽ

കോഴിഫാം

avatar
സ്വന്തം ലേഖിക

Published on Jul 22, 2026, 02:06 AM | 1 min read

കൊല്ലം

പശ്ചിമേഷ്യൻ യുദ്ധവും അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും മൂലം കോഴിത്തീറ്റ വില കുതിക്കുന്നു. കോഴിവളർത്തൽ ഉപേക്ഷിക്കാൻ ജില്ലയിലെ ചെറുകിട, ഇടത്തരം കർഷകർ. കോഴിത്തീറ്റയ്ക്ക് ഒരു മാസത്തിനുള്ളിൽ ചാക്കിന് 650രൂപയാണു കൂടിയത്. വർധിച്ച ചെലവ് സഹിച്ച് കോഴിക്കുഞ്ഞുങ്ങളെ ഇറക്കാനാകില്ലെന്ന് ഭൂരിഭാഗം കർഷകരും തീരുമാനിച്ചതോടെ ഓണക്കാലത്ത്‌ കോഴിയിറച്ചി ക്ഷാമത്തിനും വിലവർധനയ്‌ക്കും സാധ്യതയേറി. ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ ബ്രോയിലർ സ്റ്റാർട്ടിന്റെ 50കിലോ ചാക്കിന്‌ 2500രൂപയാണ്‌ വില. ചില്ലറ വിൽപ്പനയിൽ 2700രൂപ നൽകണം. നേരത്തെ ഇതിന്‌ 1900–2000രൂപയായിരുന്നു. 1820രൂപയായിരുന്ന മുട്ടക്കോഴി സ്‌റ്റാർട്ടിന്‌ 2150രൂപയായി. ഒന്നരമാസം കഴിഞ്ഞ കുഞ്ഞുങ്ങൾക്ക്‌ നൽകേണ്ട ഗ്രോവറിന്‌ 220രൂപയുടെ വർധനയാണുണ്ടായത്‌. 1550രൂപയായിരുന്ന ഇതിന്‌ ഇപ്പോൾ വില 1870രൂപ. വലിയ കോഴികൾക്ക്‌ നൽകുന്ന ലെയർ ഫിഡിന്‌ 1800രൂപയായും വർധിച്ചു. 1500രൂപയായിരുന്നു നേരത്തെ വില. ഒരുമാസം കുറഞ്ഞത്‌ 20ചാക്ക്‌ തീറ്റയെങ്കിലും വേണം. തീറ്റച്ചെലവിന് അനുസരിച്ച് വില ലഭിക്കില്ലെന്നു ഭയന്ന് കോഴിക്കുഞ്ഞുങ്ങളുടെ പുതിയ ബാച്ച് ഇറക്കൽ പല ഫാമുകളും വെട്ടിക്കുറച്ചു. വിവിധ പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങൾക്ക്‌ കോഴികളെ നൽകുന്ന ഫാം ഉടമകളാണ്‌ വിലക്കയറ്റത്തിൽ ഏറെയും പ്രതിസന്ധിയിലായത്‌. ഒരു കോഴിക്ക്‌ 130രൂപയാണ്‌ ഇവർക്ക്‌ സർക്കാർ നിശ്ചയിച്ചിട്ടുള്ള വില. തീറ്റ വിലയ്ക്ക് ആനുപാതികമായി കോഴിക്ക്‌ വില ലഭിക്കാത്തത്‌ കർഷകരെ കടക്കെണിയിലാക്കുന്നതായി അവർ പറയുന്നു. തമിഴ്‌നാട്ടിൽ നിന്നടക്കം കുഞ്ഞുങ്ങളെ വിതരണംചെയ്യുന്ന വിവിധ കന്പനികളും ഏജന്റുമാരും കോഴികളുടെ വില വർധിപ്പിച്ചെങ്കിലും തങ്ങൾക്ക്‌ നഷ്ടം സഹിക്കാനേ കഴിയുന്നുള്ളൂവെന്ന്‌ ഫാം ഉടമകൾ പറയുന്നു. തീറ്റ നിർമാണത്തിന് ഏറെ ആവശ്യമുള്ള അമിനോ ആസിഡുകളുടെ ഇറക്കുമതി യുദ്ധപ്രതിസന്ധിയിൽ തടസ്സപ്പെട്ടതാണ്‌ വില വർധനയ്‌ക്ക്‌ പ്രധാന കാരണം. എഥനോൾ നിർമാണത്തിനായി ചോളം ഉൾപ്പെടെയുള്ളവ വ്യവസായികൾ മൊത്തമായി എടുക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. തീറ്റ നിർമാണത്തിലെ മറ്റൊരു പ്രധാന ഘടകമായ സോയ പിണ്ണാക്കും കിട്ടാനില്ല. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന്‌ മഴയിലുണ്ടായ ഏറ്റക്കുറച്ചിൽ ചോളം, സോയാബീൻ കൃഷിയെ പ്രതികൂലമായി ബാധിച്ചതും തിരിച്ചടിയാകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home