ഹൃദയപൂര്‍വം 60 ലക്ഷം പൊതിച്ചോർ
വയറെരിയില്ല നാളെകളിലും

ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പൊതിച്ചോർ വാങ്ങുന്ന മെഡിക്കൽ കോളേജിലെ രോഗികളുടെ കൂട്ടിരിപ്പുകാരുടെ നീണ്ടനിര
സ്വന്തം ലേഖിക കോഴിക്കോട് നെഞ്ചിൽ ആധിയും കണ്ണിൽ പരിഭ്രമവുമായിനിന്ന പതിനായിരങ്ങൾക്ക് ആശ്വാസമാണ് ഇൗ സ്നേഹപ്പൊതികൾ. മരുന്നിന്റെയും സിറിഞ്ചിന്റെയും ലോകത്ത് നീറിയവരുടെ വയറുനിറച്ച് ഹൃദയപൂര്‍വം ഡിവൈഎഫ്ഐ ക്യാമ്പയിൻ യാത്ര തുടരുകയാണ്. ഇൗ തണൽ ഇന്നലെയിൽ നിന്നും നാളേകളിലേക്ക് ഇനിയും കൈത്തിരിയായി പടരും... ജില്ലയിൽ ഇതുവരെ 60 ലക്ഷം പൊതിച്ചോറുകളാണ് നൽകിയത്. പൊതിച്ചോറിന് പുറമെ നാദാപുരം, കുറ്റ്യാടി, വടകര, താമരശേരി, കൊയിലാണ്ടി താലൂക്ക് ആശുപത്രികളിൽ പ്രഭാത, രാത്രി ഭക്ഷണവിതരണവും ഉണ്ട്. ആശുപത്രിയിലെത്തുന്ന രോഗികൾ ഭക്ഷണത്തിന് ബുദ്ധിമുട്ടരുതെന്ന ആശയത്തിൽ 2017ൽ ആവിഷ്‌കരിച്ച പദ്ധതി 2021 ആഗസ്തിലാണ് ജില്ലയിൽ ആരംഭിച്ചത്. അഞ്ചു വര്‍ഷത്തിനിടെ ഒറ്റദിവസംപോലും ഭക്ഷണ വിതരണം മുടങ്ങിയിട്ടില്ല. ഡിവൈഎഫ്‌ഐ പ്രവർത്തകർ യൂണിറ്റുതലത്തിൽ വീട് കയറിയാണ് പൊതിച്ചോറുകൾ ശേഖരിക്കുന്നത്. വര്‍ഷങ്ങളായി, കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാര്‍ക്കും പ്രതീക്ഷയാണ് പൊതിച്ചോറ് വണ്ടി. ദിവസം 3000മുതൽ 4500വരെ പൊതിച്ചോർ വിതരണംചെയ്യുന്നുണ്ട്. പൊതിച്ചോർ വിതരണം വിലക്കുമെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രസ്താവന പാവങ്ങളുടെ കഞ്ഞിയിൽ പാറ്റയിടുന്നതാണെന്നും കക്ഷിരാഷ്ട്രീയഭേദമന്യേ അന്നമൂട്ടിയ "ഹൃദയപൂര്‍വം' നിര്‍ത്തരുതെന്നും പൊതിച്ചോറിന് കാത്തുനിൽക്കുന്നവര്‍ ഒരേസ്വരത്തിൽ പറയുന്നു.









0 comments