Deshabhimani

ദേശം തദ്ദേശം

ചേലോടെ ചേളന്നൂർ

a
avatar
ഉണ്ണി ഇ‍ൗന്താട്‌

Published on Nov 09, 2025, 01:45 AM | 2 min read

കക്കോടി

ഭിന്നശേഷിക്കാരായ കുട്ടികളുടെ മുഖത്ത്‌ വിരിയുന്ന പുഞ്ചിരിയും സന്തോഷവും നടത്തവുമെല്ലാം രക്ഷിതാക്കളിൽ ആശ്വാസം സമ്മാനിക്കുന്പോൾ നന്ദിയോടെ അവരുടെ മനസ്സിൽ നിറയുന്ന ഒരു ആതുരാലയമുണ്ട്‌. നരിക്കുനിയിലെ ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രവും അവിടുത്തെ എഐ വെർച്വൽ റിയാലിറ്റി തിയേറ്ററും. എഐ സാങ്കേതികവിദ്യയുടെ സഹായത്താൽ ഭിന്നശേഷി കുട്ടികളെ ചേർത്തുപിടിച്ച്‌ പുതുജീവിതം സമ്മാനിക്കുന്ന സംസ്ഥാനത്തെ ആദ്യ എഐ വെർച്വൽ തിയേറ്ററുള്ള ആതുരാലയം. സമഗ്ര പരിപാലനം ഉറപ്പാക്കുന്ന കമ്യൂണിറ്റി ബെയ്‌സ്‌ഡ്‌ ഡിസെബിലിറ്റി മാനേജ്‌മെന്റ്‌ സെന്ററിന്‌ (സിഡിഎംസി) കീഴിലാണ്‌ വെർച്വൽ റിയാലിറ്റി തിയേറ്റർ. പുരസ്‌കാരങ്ങൾക്കുപുറമെ നൂതന കാഴ്‌ചപ്പാടുകളാൽ ആരോഗ്യരംഗത്ത്‌ സംസ്ഥാനതലത്തിൽ തന്നെ നരിക്കുനി ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രം തലയെടുപ്പോടെ നിൽക്കുന്പോൾ ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്തിന്‌ അഭിമാനം വാനോളമാണ്‌... ഇതുമാത്രമല്ല, വേറിട്ട ഇടപെടലിലൂടെ നാടിനെ അടയാളപ്പെടുത്തുന്ന ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റെ മികവുകൾ അക്കമിട്ട്‌ പറഞ്ഞാലും തീരില്ല...

ഭ‍ൗതികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ ചലനശേഷി വികാസത്തിനും സാമൂഹിക നൈപുണ്യ വികാസത്തിനും സഹായമാകുന്നതാണ്‌ വെർച്വൽ റിയാലിറ്റി തിയേറ്റർ. ഇതിനുപുറമെ സിഡിഎംസി പദ്ധതിയിൽ പരിപാലനത്തിനായി സൈക്കോളജിസ്‌റ്റ്‌, സ്‌പെഷ്യൽ എഡ്യുക്കേറ്റർ, തെറാപ്പിസ്‌റ്റ്‌ തുടങ്ങിയവരുമുണ്ട്‌. നരിക്കുനിയിലേതുൾപ്പെടെ കായകൽപ്പ്‌ അവാർഡിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടാൻ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ കുടുംബരോഗ്യ കേന്ദ്രങ്ങൾക്കായി. തലക്കുളത്തൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററും ജില്ലയിലെ മികച്ച കമ്യൂണിറ്റി ഹെൽത്ത് സെന്ററായി മാറി. ആരോഗ്യത്തിൽ മാത്രമല്ല, സമഗ്ര മേഖലയിലും ചേളന്നൂർ ബ്ലോക്കിന്റെ സ്‌പർശം പ്രകടമാണ്‌.


​അറിവിന്റെ കുതിപ്പിന്‌ ‘ലക്ഷ്യ’

​ എൻഐടിപോലുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെ സംസ്ഥാനത്ത് ആദ്യമായി "ലക്ഷ്യ’ എന്ന പേരിൽ ജനകീയ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കി. സാധാരണ കുട്ടികളുടെ കണ്ടുപിടിത്തങ്ങളെ പ്രോത്‌സാഹിപ്പിക്കാനും പുതിയ സാങ്കേതികവിദ്യ പരിചയപ്പെടുത്താനുമുള്ള മാതൃകാ പദ്ധതിയാണിത്‌.


130 ഹെക്ടർ തരിശുഭൂമിയിൽ കൃഷി

​130 ഹെക്ടർ തരിശുഭൂമിയിൽ കൃഷി ഇറക്കിയതാണ്‌ പ്രധാന നേട്ടങ്ങളിലൊന്ന്‌. ആദ്യമായി പഞ്ചായത്തുതലത്തിൽ പുഷ്പകൃഷി ആരംഭിച്ചത് ചേളന്നൂർ ബ്ലോക്കിന്‌ കീഴിലാണ്. കർഷകരെ സഹായിക്കാൻ "കർഷക ചരിതം" എന്ന പേരിൽ മൊബൈൽ കർഷക യൂണിറ്റും ആരംഭിച്ചു.


ശുചിത്വ അങ്ങാടി

നിരവധി സ്കൂളുകളിൽ ശുചിമുറി ഉൾപ്പെടെ ഒരുക്കി. ബ്ലോക്ക് പരിധിയിലെ ഒരു അങ്ങാടിയെ ശുചിത്വ അങ്ങാടിയായി ഏറ്റെടുത്ത്‌ നിരവധി പ്രവർത്തനങ്ങൾ നടത്തി ശുചിത്വം ഉറപ്പാക്കുന്നു.


പിങ്ക്‌ ഫിറ്റ്‌നസ്‌ സെന്റർ

​ സ്ത്രീകളുടെ ആരോഗ്യം ഉറപ്പാക്കാൻ പിങ്ക് ഫിറ്റ്നസ് സെന്റർ ജിം ആരംഭിച്ചു. നരിക്കുനി, നന്മണ്ട, കാക്കൂർ, ചേളന്നൂർ, കക്കോടി, തലക്കുളത്തൂർ പഞ്ചായത്തുകളിൽ ഇതിന്റെ പ്രവൃത്തി പൂർത്തിയാക്കി. നിരവധി വനിതകളാണ്‌ സംവിധാനം ഉപയോഗപ്പെടുത്തുന്നത്‌.


പ്രധാന നേട്ടങ്ങളിൽ ചിലത്‌

  • കുമാരസ്വാമി രാജാ റോഡുമുതൽ ചേളന്നൂർവരെ വെള്ളപ്പൊക്കം പരിഹരിക്കാൻ ചെലപ്രം പുഴയിൽ ചീർപ്പ് കെട്ടിയതിനാൽ വെള്ളക്കയറ്റം തടഞ്ഞുനിർത്താനായി.

  • ധാരാളം കുടിവെള്ള പദ്ധതികൾ നടപ്പാക്കാനായി.

  • പുതിയ സംരംഭങ്ങളിലൂടെ 300ഓളം പേർക്ക്‌ തൊഴിലായി. നിരവധി പട്ടികജാതി വനിതകൾക്ക് വാദ്യോപകരണം പദ്ധതിയിലൂടെ തൊഴിൽ ലഭിച്ചു. ഖാദിമേഖലയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് തറികൾ ഉൾപ്പെടെ നൽകാനായി. മെഗാ തൊഴിൽമേള രണ്ട്‌ വാർഷിക പദ്ധതി വഴി നടപ്പാക്കി.

  • കേരളോത്സവം വിജയകരമായി സംഘടിപ്പിച്ച്‌ കഴിഞ്ഞ മൂന്നുതവണയും ജില്ലയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടാനും എവർ റോളിങ് ട്രോഫി സ്വന്തമാക്കാനുമായി.


a



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home