ad
Deshabhimani

പാളയം ബിജുവധം

കത്തി കണ്ടെടുക്കാനായില്ല; 
സഹകരിക്കാതെ പ്രതി

പാളയത്ത് ബിജുവിനെ കൊല്ലാനായി പ്രതി ദീപക്ക് ഉപയോഗിച്ച ആയുധത്തിനായി 
പൊലീസ് സ്‌കൂബ സംഘം കിണറ്റിൽ തിരച്ചിൽ നടത്താനെത്തിയപ്പോൾ.

പാളയത്ത് ബിജുവിനെ കൊല്ലാനായി പ്രതി ദീപക്ക് ഉപയോഗിച്ച ആയുധത്തിനായി 
പൊലീസ് സ്‌കൂബ സംഘം കിണറ്റിൽ തിരച്ചിൽ നടത്താനെത്തിയപ്പോൾ.

വെബ് ഡെസ്ക്

Published on Jul 25, 2026, 02:45 AM | 1 min read

കോഴിക്കോട്‌ പാളയം ബിജു വധക്കേസ്‌ പ്രതി ദീപക്ക്‌ കൊലപാതകത്തിന്‌ ഉപയോഗിച്ച കത്തി കണ്ടെടുക്കാനായി സംഭവസ്ഥലത്തെ കിണറ്റിൽ പരിശോധന. ബീച്ച്‌ ഫയർ ഫോഴ്സിന്റെ സ്കൂബ ടീം എത്തിയാണ്‌ കിണറ്റിൽ മുങ്ങി പരിശോധന നടത്തിയത്‌. കത്തി കണ്ടെടുക്കാനായില്ല. പൊലീസ്‌ കസ്റ്റഡിയിലുള്ള ദീപക്ക്‌ ചോദ്യംചെയ്യലുമായി കാര്യമായി സഹകരിക്കുന്നില്ല. കൊലപാതകത്തിൽ പങ്കില്ലെന്ന നിലപാടിലാണ്‌ ദീപക്ക്‌. ദീപക്കിന്റെ മാങ്കാവിലെ വീട്ടിൽനിന്ന്‌ ബിജുവിന്റെ ഫോണും സ്കൂട്ടറിന്റെ താക്കോലും കണ്ടെടുത്തിരുന്നു. ഇത്‌ ബിജുവിന്റേതാണെന്ന്‌ ദീപക്ക്‌ സമ്മതിച്ചു. ഇത്‌ വഴിയിൽനിന്ന്‌ കളഞ്ഞുകിട്ടിയതാണെന്നാണ്‌ മൊഴി. കൊലപാതകത്തിനുപയോഗിച്ച കത്തി ബിജുവിന്റെ വീടിന്‌ സമീപത്തെ കിണറ്റിൽ ഉപേക്ഷിച്ചിരിക്കാമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ്‌ കസബ പൊലീസ്‌ ഫയർ ഫോഴ്സിന്റെ സഹായംതേടിയത്‌. സ്കൂബ സംഘാംഗങ്ങൾ അരമണിക്കൂറോളം കിണറ്റിൽ പരിശോധിച്ചിട്ടും കത്തി കണ്ടെത്താനായില്ല. സ്കൂബാ സംഘാംഗങ്ങളായ പി കെ മനുപ്രസാദ്‌, കെ പി ബാലൻ, സിഖിൽ മല്ലിശേരി, പി അനൂപ്‌, സിന്തിൽ കുമാർ, എൻ അനൂപ്‌ എന്നിവർ പരിശോധനയ്ക്ക്‌ നേതൃത്വം നൽകി. കസബ ഇൻസ്‌പെക്ടർ പി ജെ ജിമ്മി, എസ്‌ഐ നിമിൻ കെ ദിവാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതിയെ ചോദ്യംചെയ്യുന്നത്‌. കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കും. ചോദ്യംചെയ്യലുമായി ദീപക്ക്‌ സഹകരിക്കാത്ത സാഹചര്യത്തിൽ കസ്റ്റഡി കാലാവധി നീട്ടിച്ചോദിക്കാനാണ്‌ പൊലീസിന്റെ ആലോചന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home