ad
Deshabhimani

ദേശം തദ്ദേശം

വികസനത്തേരിൽ കുന്നമംഗലം

a
avatar
ശ്രീനിവാസൻ ചെറുകുളത്തൂർ

Published on Oct 17, 2025, 02:38 AM | 3 min read

കുന്നമംഗലം

"സ്വന്തമായി ഭൂമിയും കിടപ്പാടവും ഇല്ലാത്ത ഞങ്ങൾക്ക് താങ്ങായത് പഞ്ചായത്താണ്. പ്ലാസ്റ്റിക് ഷീറ്റിട്ട കുടിലിൽനിന്ന് അടച്ചുറപ്പുള്ള ഒരുവീട്ടിൽ താമസിക്കുകയെന്നത് ഞങ്ങളുടെ സ്വപ്നമായിരുന്നു. അത്തരമൊരു വീട് ഞങ്ങൾക്ക് ലൈഫ് ഭവനപദ്ധതിയിലൂടെ സ്വന്തമാക്കാൻ സഹായിച്ചത് പഞ്ചായത്താണ്‌. വാർധക്യകാലത്ത്‌ എനിക്കും ഭർത്താവിനും ആഗ്രഹിച്ചതിനനുസരിച്ചുള്ള വീട്ടിൽ താമസമൊരുക്കിയതിന്‌ നന്ദി. 23നാണ്‌ വീട്ടുകൂടൽ. മന്ത്രി ശശീന്ദ്രനാണ് വരുന്നത്’ നിരാലംബയായ ഒരമ്മയുടെ സന്തോഷം തുടിക്കുന്ന വാക്കുകളാണിത്. കുന്നമംഗലം പഞ്ചായത്തിലെ കോട്ട്യേരി ചന്ദ്രിക(68)യും ഭർത്താവ് വിജയ(70)നും ഏറെ ആഹ്ലാദത്തിലാണ്. ലൈഫ് മിഷൻ ഭവനപദ്ധതിയിൽ പഞ്ചായത്തിൽ 157 വീടുകൾ പൂർത്തിയായി.


​ആരോഗ്യത്തിൽ കുതിച്ചുചാട്ടം

ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് 2025 ൽ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്‌ അവാർഡ് ലഭിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതിൽ ഉൾപ്പെടെ നവീകരിച്ചു. 40 ലക്ഷം രൂപ ചെലവഴിച്ച് ഗവ. ആയുർവേദ ആശുപത്രി കെട്ടിടം നിർമിച്ചു. 50 ലക്ഷം രൂപ വകയിരുത്തി ഗവ. ഹോമിയോ ആശുപത്രി കെട്ടിടനിർമാണം നടന്നുവരുന്നു. കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള നാല് ഉപകേന്ദ്രങ്ങളിൽ പിലാശേരി ഉപകേന്ദ്രത്തിന് 60 ലക്ഷത്തിന്റെ കെട്ടിടമൊരുക്കി. ഒമ്പത് ലക്ഷം രൂപ വിനിയോഗിച്ച് ചൂലാംവയൽ ഉപകേന്ദ്രം നവീകരിച്ചു. പൈങ്ങോട്ടുപുറം, ചാത്തങ്കാവ് ഉപകേന്ദ്രങ്ങളും നവീകരിച്ചു. ഇ ഹെൽത്ത് സമ്പ്രദായം ആദ്യം നടപ്പാക്കി. ഫുൾ ഓട്ടോമാറ്റഡ് ബയോ കെമിസ്ട്രി അനലൈസർ ഇവിടെ പ്രവർത്തിക്കുന്നു . ആശാവർക്കർമാർക്ക് വിശ്രമകേന്ദ്രം സ്ഥാപിച്ചു. പാലിയേറ്റീവ് കെയർ സംവിധാനവും കിടപ്പുരോഗീ പരിചരണവും ഫലപ്രദമായി നടക്കുന്നു. ഡയാലിസിസ് ചെയ്യുന്ന കിഡ്നി രോഗികൾക്ക് സാമ്പത്തികസഹായം നൽകുന്നു.


മികവുറ്റ മാലിന്യസംസ്കരണം

മാലിന്യസംസ്കരണ രംഗത്ത് മികവുറ്റ പഞ്ചായത്തിനുള്ള പുരസ്കാരം 2024ൽ നേടാനായി. 2023ൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ശുചിത്വപദവി നേടിയ ആദ്യ പഞ്ചായത്തായി. എംസിഎഫിനായി പത്ത് സെന്റ്‌ സ്ഥലം സർക്കാരിൽനിന്ന് ലഭ്യമാക്കി. എംസിഎഫിനായി 30 ലക്ഷം രൂപ വകയിരുത്തി. പഞ്ചായത്ത് ഓഫീസ് കെട്ടിടം 25 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചു. മാലിന്യസംസ്കരണത്തിൽ ഹരിതകർമ സേന പ്രധാന പങ്ക് വഹിക്കുന്നു .ഹരിത മിത്ര സ്മാർട്ട് ഗാർബേജ് ആപ്പ് ജില്ലയിൽ ആദ്യം നടപ്പാക്കിയത് കുന്നമംഗലത്താണ്. 23 മിനി എംസിഎഫുകൾ, 55 ബോട്ടിൽ ബൂത്തുകൾ, റിങ് കമ്പോസ്റ്റ്, തുമ്പൂർമുഴി മോഡൽ സംസ്‌കരണ പദ്ധതി, പ്ലാസ്റ്റിക്‌ മാലിന്യം സൂക്ഷിക്കുന്നതിന് 20 കണ്ടെയ്‌നറുകൾ , മലിനജല സംസ്കരണ പ്ലാന്റ്‌ എന്നിവ സ്ഥാപിച്ചു.


വിദ്യാഗ്രാമം പദ്ധതി

വിദ്യാഭ്യാസത്തിന് മുൻഗണന നൽകി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം. സ്കൂളുകളുടെ സഹായത്തോടെ പിന്നാക്കക്കാരായ വിദ്യാർഥികളെ മുന്നാക്കക്കാരാക്കുന്നതിന് അതിതീവ്ര പരിശീലനം നടത്തുന്നു. സ്കൂൾ ഓഫ് മാത്തമറ്റിക്സിന്റെ സഹായത്തോടെ വിദ്യാർഥികൾക്കും അധ്യാപകർക്കും അഞ്ച് വർഷക്കാലവും വിദഗ്‌ധ പരിശീലനം നൽകി. പടനിലം ജിഎൽപി സകൂളിന് ഗേറ്റ്, വാഹനം ഉൾപ്പെടെ ലഭ്യമാക്കി. 15 കുട്ടികളുമായി ബഡ്സ് സ്കൂൾ പ്രവർത്തനമാരംഭിച്ചു . ബഡ്സ് സ്കൂളിന് 15 സെന്റ്‌ സ്ഥലം ലഭ്യമാക്കി. മുൻ എംപി എളമരം കരീം അനുവദിച്ച 76.5 ലക്ഷം രൂപ ചെലവഴിച്ച് പിലാശേരിയിൽ കെട്ടിടനിർമാണം തുടങ്ങി.


വയലും വായനയും

വായനശാലകളുടെ സഹായത്തോടെ വായനശാലകളിലൂടെ കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ നടപ്പാക്കുന്ന നൂതനപദ്ധതിയാണ് വയലും വായനയും. പിലാശേരി വായനശാലയിൽ വയോജനങ്ങൾക്ക് ഇരിക്കാൻ ‘കോലായ് ' പദ്ധതി നടപ്പാക്കി. ഒരുകോടി രൂപ ചെലവഴിച്ച് പടനിലത്ത് രണ്ട് ഏക്കർ ഭൂമി കളിസ്ഥലത്തിനായി ലഭ്യമാക്കി. ചെത്തുകടവിലെ നിലവിലുള്ള കളിസ്ഥലത്തിന് പത്ത് ലക്ഷം രൂപ വകയിരുത്തി നവീകരിക്കാൻ നടപടിയായി. നാല് വയോജന പാർക്കുകൾ സ്ഥാപിച്ചു. പടനിലം, കാരന്തൂർ വെളൂർ പണി പൂർത്തീകരിച്ചു. പൈങ്ങോട്ട് പുറത്ത് പ്രവൃത്തി നടന്നു വരുന്നു. കുടിവെള്ള പദ്ധതികൾ നവീകരിച്ചു. പുതിയ തെരുവ് വിളക്കുകൾ 120 എണ്ണം അനുവദിച്ചു. ഹൈമാസ്റ്റ്, ലോ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.


പുഴ – തോട് സംരക്ഷണവും

20 ലക്ഷം രൂപ ചെലവഴിച്ച് ആകർഷകമായ രീതിയിൽ കുരിക്കത്തൂരിൽ അയ്യപ്പക്കുളം നീന്തൽക്കുളം നിർമിച്ചു. കണ്ടക്കുളം നവീകരിച്ചു. പൂനൂർ പുഴയും ചെറുപുഴയും സംരക്ഷിക്കുന്നതിന് പദ്ധതികൾ ആവിഷ്‌കരിച്ചു. തോടുകളിലെ ചെളി നീക്കംചെയ്ത് പാർശ്വഭിത്തി കെട്ടി തോടുകളിലൂടെ തെളിനീരൊഴുകുന്നതിന് പദ്ധതികൾ ആവിഷ്‌കരിച്ചു . 46 അങ്കണവാടികളിൽ 43നും സ്വന്തം കെട്ടിടമായി. സ്വന്തമായി കെട്ടിടമില്ലാത്ത പൊയ്യ അങ്കണവാടിക്ക് 30 ലക്ഷം രൂപയും മുറിയംചാൽ അങ്കണവാടിക്ക് 25 ലക്ഷവും കെട്ടിടമില്ലാത്ത മറ്റൊരു അങ്കണവാടിക്ക് 25 ലക്ഷവും വകയിരുത്തി. പഞ്ചായത്തിലെ 60 ശതമാനത്തിലധികം അങ്കണവാടികളെ ക്രാഡിൽ അങ്കണവാടികളാക്കി. മറ്റുള്ളവയ്‌ക്ക് പണം വകയിരുത്തി.

കാർഷിക മേഖലയിൽ തരിശുഭൂമിയിൽ നെൽകൃഷിക്ക് തുടക്കമിട്ടു. 30 ഏക്കറിലാണ് തരിശുഭൂമി കൃഷിയോഗ്യമാക്കിയത്.



a



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home