ad
Deshabhimani

സർവേയുമായി വിദ്യാർഥികൾ

മരുന്നിനും വേണം മറുമരുന്ന്‌

പ്രോജക്ട്‌ റിയൽ ലൈഫിന്റെ ഭാഗമായി കായണ്ണ പഞ്ചായത്തിലെ വീടുകൾ 
സന്ദർശിച്ച് വിവരം ശേഖരിക്കുന്ന കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ 
വിദ്യാർഥികൾ

പ്രോജക്ട്‌ റിയൽ ലൈഫിന്റെ ഭാഗമായി കായണ്ണ പഞ്ചായത്തിലെ വീടുകൾ 
സന്ദർശിച്ച് വിവരം ശേഖരിക്കുന്ന കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ 
വിദ്യാർഥികൾ

വെബ് ഡെസ്ക്

Published on Jul 08, 2026, 02:33 AM | 1 min read

സ്വന്തം ലേഖകൻ കായണ്ണ (കോഴിക്കോട്‌) രോഗികൾക്ക്‌ കൈമാറാവുന്ന എത്രയെത്ര മരുന്നുകളാണ്‌ ഓരോ വീട്ടിലും അനാഥമായി കിടക്കുന്നത്‌. ഇവ മണ്ണിലുപേക്ഷിച്ചാലുള്ള ദോഷങ്ങളെക്കുറിച്ച്‌ നമുക്ക്‌ എന്തറിയാം. പൊതുജനങ്ങൾക്ക്‌ ഇതുസംബന്ധിച്ച അവബോധം നൽകാൻ ശാസ്‌ത്രീയ സർവേയുമായി ഇറങ്ങിയിരിക്കുകയാണ്‌ കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ. സ്‌കൂളിലെ ഇക്കണോമിക്സ് വകുപ്പിന്റെയും എക്കോൺസ്‌പിയർ ക്ലബ്ബിന്റെയും നേതൃത്വത്തിലാണ്‌ ‘പ്രൊജക്ട്‌ റീലൈഫ്‌’ പരിപാടി. കായണ്ണ പഞ്ചായത്തിലെ 14 വാർഡുകളിലാണ്‌ മരുന്നു തേടിയും വിവര ശേഖരണത്തിനായുമുള്ള വിദ്യാർഥികളുടെ യാത്ര. 250 വീടുകളിൽ 40 വിദ്യാർഥി ഗവേഷകർ 20 ടീമുകളായി സന്ദർശിക്കും. ശാസ്ത്രീയമായി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ്‌ വിവരശേഖരണം. പ്രാഥമിക ഗവേഷണ പഠനത്തിനുള്ള ഫീൽഡ് സർവേ ആരംഭിച്ചു. വീടുകളിൽ മരുന്ന് സൂക്ഷിക്കുന്ന രീതി, മരുന്നുകൾ ബാക്കി വരുന്നതിനുള്ള കാരണങ്ങൾ, കാലാവധി കഴിഞ്ഞ മരുന്നുകളുടെ കൈകാര്യം, സുരക്ഷിതമായ പുറന്തള്ളലിനെക്കുറിച്ചുള്ള ധാരണ, മരുന്നുകൾ തെറ്റായ രീതിയിൽ ഉപേക്ഷിക്കുന്നത് ആരോഗ്യത്തിനും പരിസ്ഥിതിക്കും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അവബോധം എന്നീ വിഷയങ്ങളാണ് പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഉപയോഗിക്കാത്തതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾ അശാസ്ത്രീയമായി പുറന്തള്ളുന്നത് മണ്ണിലും ജലസ്രോതസ്സുകളിലും ഔഷധാവശിഷ്ടങ്ങൾ വ്യാപിക്കുന്നതിനിടയാക്കും. പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും പ്രത്യാഘാതങ്ങളും ഉണ്ടാക്കും. ഇതേപ്പറ്റി ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളുടെ വിവിധ പഠനങ്ങളും റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടിയാണ്‌ കുട്ടികളുടെ അന്വേഷണവും സർവേയും. കായണ്ണ പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് സർവേ. ശേഖരിക്കുന്ന വിവരങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്തശേഷം വിശദ പഠന റിപ്പോർട്ടും നയപരമായ ശുപാർശകളും പ്രസിദ്ധീകരിക്കുമെന്ന് പ്രോജക്ട്‌ ഡയറക്ടർ ഡോ. പി കെ ഷാജി, സാമ്പത്തികശാസ്ത്ര വിഭാഗം അധ്യാപിക ഫസ്‌ല എന്നിവർ പറഞ്ഞു. സർവേ പുതിയ അനുഭവമാണെന്ന്‌ വിദ്യാർഥി ഗവേഷകരായ അനഘ, ആദിത്യൻ എന്നിവർ അഭിപ്രായപ്പെട്ടു. സർവേയുടെ ആദ്യദിവസം അധ്യാപകരായ ബാബുരാജ്, ഷീനുരാജ്, അനധ്യാപകരായ പുഷ്പരാജ്, കെ വി നിഷ, ജിഷ്ണു എന്നിവരും സർവേ ടീമിനൊപ്പം പങ്കുചേർന്നു. കായണ്ണ പഞ്ചായത്തും സ്കൂൾ പിടിഎയും നൂതന പഠന ഗവേഷണത്തിന്‌ പൂർണ പിന്തുണ യുമായുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home