പ്രളയം തകർത്ത ജീവിതങ്ങൾക്ക് കരുതലിന്റെ തണൽ


സ്വന്തം ലേഖകൻ
Published on Jan 16, 2026, 12:37 AM | 1 min read
കോഴിക്കോട്
ജീവിതത്തിലേക്ക് പ്രളയജലമിരച്ചുകയറിയ അഞ്ച് കുടുംബങ്ങൾക്കുകൂടി സർക്കാരിന്റെ കൈത്താങ്ങ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കുടുംബങ്ങളെയാണ് സർക്കാർ കരുതലിന്റെ കരങ്ങൾ നീട്ടി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നത്.
2018ലെ പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണത്തിന് സർക്കാർ സഹായമെത്തിച്ചിരുന്നു. ജില്ലയിൽ 33 കുടുംബങ്ങളെയാണ് അർഹരായി കണ്ടെത്തിയത്. ഇതിൽ 18 കുടുംബങ്ങൾക്കുള്ള വീട് നിർമാണം നിർമിതികേന്ദ്ര ഏറ്റെടുത്തു. ഗുണഭോക്തൃ പട്ടികയിലുണ്ടായിരുന്ന ഒമ്പത് കുടുംബങ്ങൾ ഇതിനിടെ സഹായം ആവശ്യമില്ലെന്ന് അധികൃതരെ അറിയിച്ചു. നിർമാണം ആരംഭിക്കാനുള്ളതും പൂർത്തീകരിക്കാത്തതുമായ അഞ്ച് കുടുംബങ്ങളെക്കൂടി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തിയതായി ലൈഫ് മിഷൻ സർക്കാരിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് കൂടി കരുതലിന്റെ തണലൊരുക്കാനുള്ള തീരുമാനമായത്.
കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവനയിൽനിന്നാണ് കോഴിക്കോട്ടെ അഞ്ച് കുടുംബങ്ങൾക്ക് തുക അനുവദിക്കുന്നത്. 18,40,000 രൂപ അനുവദിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം കലക്ടർക്ക് അനുമതി നൽകി. മരുതോങ്കര, വളയം, തൂണേരി, കൂടരഞ്ഞി, താമരശേരി സ്വദേശികളായ കുടുംബങ്ങൾക്കാണ് വീട് അനുവദിക്കുന്നത്. ഇതിൽ നാല് കുടുംബങ്ങൾക്ക് 40,000 രൂപ നേരത്തെ അനുവദിക്കുകയും നിർമിതി കേന്ദ്ര തറ നിർമാണം പൂർത്തീകരിക്കുകയും ചെയ്തിരുന്നു. ലൈഫ് പട്ടികയിൽ ഉൾപ്പെടാത്ത ഇവർക്ക് ശേഷിക്കുന്ന തുകയായ 3.6 ലക്ഷം രൂപ കൂടി അനുവദിക്കും. തുകയൊന്നും അനുവദിക്കാതിരുന്ന കുടുംബത്തിന് നാല് ലക്ഷമാണ് സർക്കാർ ധനസഹായമായി നൽകുന്നത്. ഒരു കുടുംബത്തിന് ഭൂമി വാങ്ങാനുള്ള സഹായമായി 6.4 ലക്ഷം രൂപയും നേരത്തെ അനുവദിച്ചിരുന്നു.










0 comments