ad
Deshabhimani

കർമനിരതരായി അഗ്നിരക്ഷാസേന

രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ; 
ഒഴിവായത്‌ വൻ ദുരന്തം

പുറമേരിയിൽ തീപിടിത്തമുണ്ടായ കെട്ടിടത്തിൽ അഗ്നിരക്ഷാസേന രക്ഷാപ്രവർത്തനം നടത്തുന്നു

പുറമേരിയിൽ തീപിടിത്തമുണ്ടായ കെട്ടിടത്തിൽ അഗ്നിരക്ഷാസേന രക്ഷാപ്രവർത്തനം നടത്തുന്നു

വെബ് ഡെസ്ക്

Published on Apr 29, 2026, 02:21 AM | 1 min read

സ്വന്തം ലേഖകൻ നാദാപുരം നാടിനെ മുൾമുനയിലാക്കിയ നിമിഷമായിരുന്നു. രക്ഷാപ്രവർത്തനം ദ്രുതഗതിയിലായതോടെ വൻ ദുരന്തം ഒഴിവായി. പുറമേരിയിലെ കടകളിലെ തീപിടിത്തം കൃത്യതയാർന്ന രക്ഷാപ്രവർത്തനത്തിലൂടെയാണ്‌ നിയന്ത്രണവിധേയമാക്കിയത്‌. മൂന്നുനിലക്കെട്ടിടമാകെ തീഗോളമായി മാറിക്കൊണ്ടിരിക്കുമ്പോൾ ചേലക്കാടുനിന്ന്‌ ചീറിപ്പാഞ്ഞെത്തുകയായിരുന്നു അഗ്നിരക്ഷാസേന. ചടുലമായ പ്രവർത്തനത്തിലൂടെ തൊട്ടടുത്ത കെട്ടിടത്തിലേക്കും സമീപത്തെ വീടുകളിലേക്കും തീ പടരുന്നത് തടയാനായി. സമീപത്തെ വീടുകളിൽ പ്രായമായവർ ഉൾപ്പെടെ ഉണ്ടായിരുന്നു. തുടർച്ചയായി വെള്ളംചീറ്റിയാണ്‌ വീടുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കിയത്‌. അഗ്നിരക്ഷാസേനയ്‌ക്ക് ഒപ്പം നാട്ടുകാരും പൊലീസും ചേർന്നതോടെ രക്ഷാപ്രവർത്തനം വേഗത്തിലായി. പുറമേരി പരിസരമാകെ പുക പടർന്നിരുന്നു. സ്റ്റേഷൻ ഓഫീസർ വരുൺ, സീനിയർ ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർമാരായ മുഹമ്മദ്‌ സാനിജ്, സി കെ ഷൈജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വംനൽകി. നാദാപുരത്തുനിന്ന്‌ 3, വടകര– 2, പാനൂർ– 1 യൂണിറ്റ് അഗ്നിരക്ഷാസേനാംഗങ്ങളാണ്‌ കർമനിരതരായത്‌. സമീപത്തെ വൈദ്യുതിബന്ധവും വിച്ഛേദിച്ചിരുന്നു. അഗ്നിരക്ഷാസേനാംഗങ്ങൾ കെട്ടിടത്തിനുമുകളിൽ ഇരച്ചുകയറി മുകളിലത്തെ നിലയിൽനിന്ന്‌ ഗ്യാസ് സിലിണ്ടർ താഴെ എത്തിച്ചത് വൻ പൊട്ടിത്തെറി ഒഴിവാക്കി. പുറമേരി സർവീസ് സഹകരണ ബാങ്കിന്റെയും സമീപത്തെയും കിണറുകളിൽനിന്നും കരിങ്കൽ പാലത്തിനുസമീപത്തെ തോട്ടിൽനിന്നുമാണ്‌ തീയണയ്‌ക്കാൻ വൻതോതിൽ വെള്ളമെത്തിച്ചത്‌. മൂന്ന് മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനാണ് നാട് സാക്ഷ്യംവഹിച്ചത്. സംസ്ഥാനപാതയിലെ ഗതാഗതം പൂർണമായും വഴിതിരിച്ചുവിട്ട് രക്ഷാപ്രവർത്തനം എളുപ്പമാക്കി. എംഎൽഎമാരായ കെ പി കുഞ്ഞമ്മദ് കുട്ടി, ഇ കെ വിജയൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പി ചാത്തു, ഏരിയാ സെക്രട്ടറി എ മോഹൻദാസ്, ജില്ലാ കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ്, ബോക്ക് പ്രസിഡന്റ്‌ കെ പി പ്രദീഷ്, പഞ്ചായത്ത് പ്രസിഡന്റ്‌ കെ ശ്രീലത, ജില്ലാ പഞ്ചായത്ത് അംഗം കെ സുബിന, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ രമ മടപ്പള്ളി, സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ സി എച്ച് മോഹനൻ, കെ കെ ദിനേശൻ പുറമേരി എന്നിവർ സംഭവസ്ഥലത്തെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home