ട്രോളിങ് നിരോധനം
പഞ്ഞമാസ ആനുകൂല്യവിതരണം വൈകുന്നു; തീരം വറുതിയിൽ

നെബിൻ കെ ആസാദ്
Published on Jun 30, 2026, 01:28 AM | 2 min read
കോഴിക്കോട്
ട്രോളിങ് നിരോധനത്തിൽ വറുതിയിലായ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന പഞ്ഞമാസ ആനുകൂല്യം (സമ്പാദ്യ സമാശ്വാസ പദ്ധതി) വിതരണം വൈകുന്നു. സൗജന്യ റേഷനും വിതരണംചെയ്തില്ല. ജില്ലയിൽ 13,637 പേർക്കായി 8.18 കോടി രൂപക്ക് മുകളിലാണ് സമ്പാദ്യ സമാശ്വാസ പദ്ധതിയിനത്തിൽ നൽകേണ്ടത്.
യന്ത്രവൽകൃത മത്സ്യയാനങ്ങളിൽ പണിയെടുക്കുന്ന മൂവായിരത്തോളം തൊഴിലാളികൾക്ക് സൗജന്യ റേഷനും നൽകണം. 1500 രൂപ ആദ്യഗഡുവായി നൽകുകയാണെങ്കിൽ സമാശ്വാസ പദ്ധതിയിൽ 2,04,55,500 രൂപ വിതരണംചെയ്യണം. എന്നാൽ ട്രോളിങ് നിരോധനം ആരംഭിച്ച് ആഴ്‌ചകൾ കഴിഞ്ഞപ്പോഴാണ് ആദ്യഗഡുവിന്റെ വിതരണം ആരംഭിച്ചത്. മെയ് മുതൽ ജൂലൈ വരെ തൊഴിലാളികൾക്ക് മൂന്നുഗഡുക്കളായി 6000 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് മാർച്ചിൽ തുക 6000 രൂപയായി വർധിപ്പിച്ചത്. അതുവരെ കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ വിഹിതമായ 1500രൂപ വീതവും ഗുണഭോക്തൃവിഹിതം 1500രൂപയും ചേർത്ത് 4500 രൂപയാണ് നൽകിയിരുന്നത്. സെപ്തംബർ മുതൽ ഫെബ്രുവരി വരെ തൊഴിലാളികൾ 250രൂപ വച്ചാണ് അടയ്‌ക്കുന്നത്. ഇങ്ങനെ അടച്ച 1500 രൂപ സമ്പാദ്യം, മുൻ വർഷങ്ങളിൽ ആദ്യ ഗഡുവായി മേയിലോ ജൂൺ ആദ്യമോ നൽകിയിരുന്നു. ട്രഷറി നിയന്ത്രണം ഉള്ളതിനാലാണ് സഹായം വിതരണം ചെയ്യാൻ വൈകിയതെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിശദീകരണം. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് കലക്ടർ പങ്കെടുത്ത യോഗത്തിൽ, സൗജന്യ റേഷന് പുതിയ അപേക്ഷ ക്ഷണിക്കണമെന്ന ആവശ്യമുയർന്നിരുന്നു. ഇതിൽ ഉൾപ്പെടുത്തിയവരുടെയും ആനുകൂല്യ പട്ടികയിൽ മുമ്പുണ്ടായിരുന്നവരുടെയും പട്ടിക സിവിൽ സപ്ലൈസ് വിഭാഗത്തിന് കൈമാറിയെന്നാണ് ഫിഷറീസ് വകുപ്പ് അറിയിച്ചത്. എന്നാൽ ഇതുവരെ വിതരണം നടന്നില്ല.
മുൻ യുഡിഎഫ് സർക്കാർ 2700 രൂപയാണ് പഞ്ഞമാസ ആനുകൂല്യമായി നൽകിയിരുന്നത്. 2016–17ലെ ഒന്നാം എൽഡിഎഫ് സർക്കാർ ആനുകൂല്യം 4500 രൂപയാക്കി. ട്രോളിങ് നിരോധനമായതിനാൽ അനക്കമറ്റുകിടക്കുന്ന തീരദേശത്തിന് സമാശ്വാസമാകുമായിരുന്ന പദ്ധതിയാണ് മുടങ്ങിയത്.
മന്ത്രിക്ക് മുഹമ്മദ് റിയാസ് കത്ത് നൽകി
മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷനും സമ്പാദ്യ സമാശ്വാസ ധനസഹായവും അടിയന്തരമായി വിതരണംചെയ്യണമെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ. ഇക്കാര്യം ആവശ്യപ്പെട്ട് ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറിന് കത്ത് നൽകി. സംസ്ഥാനത്ത് ട്രോളിങ് നിരോധം തുടരുന്ന സാഹചര്യത്തിൽ ആനുകൂല്യവും റേഷനും നൽകാത്തതിനെ തുടർന്നാണ് കത്ത്.
കഴിഞ്ഞ പത്തുവർഷമായി ട്രോളിങ് നിരോധ കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷനും പഞ്ഞമാസ ധനസഹായവും എൽഡിഎഫ് സർക്കാർ ലഭ്യമാക്കിയിരുന്നു. എന്നാൽ, ഇത്തവണ ട്രോളിങ് നിരോധം ആരംഭിച്ചിട്ടും ഇതുവരെ ഈ രണ്ട് ആനുകൂല്യങ്ങളും മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമായിട്ടില്ല. റേഷനും ധനസഹായവും വൈകുന്നതിനാൽ തീരദേശ മേഖലയിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യസുരക്ഷാ ആശങ്കയും നേരിടുന്നു.
അടിയന്തര ഇടപെടൽ നടത്തി റേഷൻ, ധനസഹായ വിതരണത്തിനുള്ള നടപടി സ്വീകരിക്കണമെന്നും റിയാസ് മന്ത്രിയോട് അഭ്യർഥിച്ചു.











0 comments