ad
Deshabhimani

 മൺസൂൺ നിരോധനം ഇന്ന് അവസാനിക്കും

കർശന നിബന്ധന ചരക്ക് നീക്കത്തിന് വിനയാകുമെന്ന് ആശങ്ക

ബേപ്പൂർ തുറമുഖത്തുനിന്നും ലക്ഷദ്വീപിലേക്കുള്ള ചരക്കുകൾ  ‘സാഗർ യുവരാജ്’ 
ബാർജിൽ കയറ്റുന്നു ​

ബേപ്പൂർ തുറമുഖത്തുനിന്നും ലക്ഷദ്വീപിലേക്കുള്ള ചരക്കുകൾ ‘സാഗർ യുവരാജ്’ 
ബാർജിൽ കയറ്റുന്നു ​

വെബ് ഡെസ്ക്

Published on Sep 15, 2026, 02:00 AM | 1 min read

മനാഫ് താഴത്ത് ഫറോക്ക് ​ തുറമുഖങ്ങളിലെ മൺസൂൺകാല യാത്രാ നിരോധം ചൊവ്വാഴ്‌ച അവസാനിക്കുമെങ്കിലും ലക്ഷദ്വീപിലേക്കും തിരിച്ചുമുള്ള ചരക്കു കടത്തിന്‌ ദ്വീപ് തുറമുഖ വകുപ്പ് ഏർപ്പെടുത്തിയ കർശന നിയന്ത്രണം വിനയായേക്കുമെന്ന്‌ ആശങ്ക. മർക്കന്റയിൽ മറൈൻ നിയമപ്രകാരം ചെറുകിട, -ഇടത്തരം തുറമുഖങ്ങൾവഴി യാത്രാ കപ്പലുകൾ, യന്ത്രവൽകൃത വെസലുകൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയ മൺസൂൺകാല യാത്രാ നിരോധം നീക്കുന്നതോടെ നാലുമാസത്തിന് ശേഷമാണ്‌ തുറമുഖത്തുനിന്നുള്ള ചരക്കുനീക്കം പുനരാരംഭിക്കുന്നത്‌. ​ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിനും നിരോധിത വസ്‌തുക്കളുടെ കടത്ത്‌ തടയുന്നതിനുമാണ് കൊച്ചി, ബേപ്പൂർ, മംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള സ്വകാര്യ കപ്പലുകൾക്കും ഉരുക്കൾക്കും നിയന്ത്രണങ്ങൾ കടുപ്പിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. ചരക്കുകൾ കൊണ്ടുപോകാൻ ഒരാഴ്‌ച മുമ്പ് ലക്ഷദ്വീപ് പോർട്ട് ഷിപ്പിങ് ആൻഡ് ഏവിയേഷൻ വിഭാഗത്തിന്റെ പ്രത്യേക അനുമതി വാങ്ങണമെന്നാണ് ലക്ഷദ്വീപ് തുറമുഖ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്. ചരക്കുകളുടെ വിശദ വിവരങ്ങൾ രേഖപ്പെടുത്താൻ പ്രത്യേക മാതൃകാ പട്ടികയും ലഭ്യമാക്കിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് ഒരാഴ്‌ച മുമ്പെ നിർദിഷ്ട ഫോറത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‌ കീഴിലെ പോർട്ട് ഓഫീസുകളിൽ അപേക്ഷ നൽകണം. ദ്വീപ് തുറമുഖ വകുപ്പിന്റെ അനുമതി ലഭിച്ചശേഷം അതതു തുറമുഖ കാര്യാലയത്തിൽനിന്ന്‌ ക്ലിയറൻസ് വാങ്ങിയാൽ മാത്രമേ ചരക്കുമായി പുറപ്പെടാനാകൂ. പുതിയ നിബന്ധനകൾ ബേപ്പൂർ തുറമുഖത്തുനിന്നുൾപ്പെടെ ദ്വീപിലേക്കുള്ള ചരക്കുകടത്തിനെ സാരമായി ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് ഏജന്റുമാരും ഉരു നടത്തിപ്പുകാരും. ഞായർ, തിങ്കൾ ദിവസങ്ങളിലായി സവായ് സാക്കി, ബിസ്മി, മറൈൻ ലൈൻ എന്നീ ഉരുക്കൾ ചരക്ക്‌ കയറ്റുന്നതിനായി ബേപ്പൂർ തുറമുഖത്ത് നങ്കൂരമിട്ടിരുന്നു. മുൻകാലങ്ങളിൽ നേരത്തെ ചരക്ക്‌ കയറ്റിവയ്‌ക്കുകയും നിരോധം കഴിഞ്ഞയുടൻ പുറപ്പെടുകയുമാണ്‌ പതിവ്‌. അനുമതിക്കായി കൂടുതൽ ദിവസങ്ങൾ ഉരു തുറമുഖത്ത് നങ്കൂരമിടുമ്പോൾ സാമ്പത്തിക നഷ്ടവുമുണ്ടാകും. നിലവിൽ ലക്ഷദ്വീപ് ഭരണ വിഭാഗത്തിന്റെ "സാഗർ യുവരാജ്’ എന്ന ബാർജിൽ ചരക്ക്‌ കയറ്റി അയക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home