രക്ഷയായി ഫിഷറീസ് റെസ്ക്യു സേന
കരകയറ്റിയത് 252 ജീവൻ

അനഘ പ്രകാശ്
Published on Oct 27, 2025, 01:34 AM | 1 min read
കോഴിക്കോട്
തിരയിളക്കത്തിന്റെ ആഴങ്ങളിൽനിന്ന് ഒരു വര്‍ഷത്തിനിടെ ഫിഷറീസ് റെസ്ക്യു സേന കരകയറ്റിയത് 252 ജീവനുകൾ. 2024 ഏപ്രിൽ ഒന്ന് മുതൽ ഈ വര്‍ഷം മാര്‍ച്ച് 31 വരെ 33 രക്ഷാപ്രവര്‍ത്തനങ്ങൾ ജില്ലയിൽ നടത്തി. 18 മത്സ്യബന്ധനയാനങ്ങൾ സുരക്ഷിതമായി കരയിലെത്തിക്കുകയും ചെയ്തു. ഒമ്പത് തീരദേശ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് സ്റ്റേഷനുകളാണ് മത്സ്യത്തൊഴിലാളികൾക്ക് സംരക്ഷണത്തിന്റെ കുട ചൂടുന്നത്.
ജില്ലയിൽ ബേപ്പൂരാണ് ഫിഷറീസ് സ്റ്റേഷൻ പ്രവര്‍ത്തിക്കുന്നത്. കോഴിക്കോടിന് പുറമെ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച സീ റെസ്ക്യൂ ഗാര്‍ഡുമാരുടെയും ലൈഫ് ഗാര്‍ഡുമാരുടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങൾ. മോശം കാലാവസ്ഥ, സാങ്കേതിക തകരാര്‍, ഇന്ധനം തീരൽ തുടങ്ങിയവയാണ് കൂടുതൽ അപകടങ്ങൾക്കും കാരണമാകുന്നത്. കൺട്രോൾ റൂമിൽ അപകട വിവരം ലഭിച്ചാലുടൻ രക്ഷാപ്രവര്‍ത്തകര്‍ സജ്ജമാകും. അപകട മുന്നറിയിപ്പുള്ളപ്പോൾ പോലും സാഹസികമായാണ് പ്രവര്‍ത്തനം.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തിന് വിരുദ്ധമായി കടലിൽ നടക്കുന്ന പ്രവര്‍ത്തനങ്ങൾക്കും ഫിഷറീസ് സ്റ്റേഷൻ മറൈൻ എൻഫോഴ്സ്-മെന്റ് വിഭാഗം പൂട്ടിടുന്നുണ്ട്. 2024 – 25 കാലയളവിൽ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ കണ്ടെത്താൻ 271 പട്രോളിങ്ങുകളാണ് നടത്തിയത്. ഫിഷറീസ് കൺട്രോൾ റൂം നമ്പര്‍: 0495 2414074, +91 9496007052.










0 comments