ഞെളിയൻപറമ്പിൽനിന്ന് ആദ്യലോഡ് ആർഡിഎഫ്

ഞെളിയൻപറമ്പിൽ മാലിന്യം നീക്കാനുള്ള ബയോ മൈനിങ്ങിന്റെ ഭാഗമായി ആദ്യ ലോഡ് ആർഡിഎഫ് കയറ്റി അയക്കുന്നതിന്റെ ഫ്ലാഗ് ഓഫ് മേയർ ഒ സദാശിവനും കലക്ടർ സ്നേഹിൽകുമാർ സിങ്ങും ചേർന്ന് നിർവഹിക്കുന്നു
കോഴിക്കോട് ഞെളിയൻപറമ്പിലെ മാലിന്യക്കൂമ്പാരം നീക്കി ഭൂമി വീണ്ടെടുക്കാനുള്ള ബയോ മൈനിങ് ജോലികളുടെ ഭാഗമായി സൈറ്റിൽനിന്ന് ആദ്യ ലോഡ് ആർഡിഎഫ് (പ്ലാസ്റ്റിക്കടക്കം കത്താൻ സാധ്യതയുള്ള മാലിന്യങ്ങൾ) കയറ്റിയയച്ചു. ആന്ധ്രാപ്രദേശിലെ കഡപ്പയിലുള്ള ഡാൽമിയ സിമന്റ് ഫാക്ടറിയിലേക്കാണ് ആദ്യ ലോഡ് ആർഡിഎഫ് കയറ്റി അയച്ചത്. മേയർ ഒ സദാശിവൻ, കലക്ടർ സ്നേഹിൽകുമാർ സിങ് എന്നിവർ ചേർന്ന് ഫ്ലാഗ്‌ഓഫ് ചെയ്തു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെഎസ്ഡബ്ല്യുഎംപി) നേതൃത്വത്തിൽ ഞെളിയൻപറമ്പിലെ മാലിന്യമല പൂർണമായി നീക്കുന്നതിനുള്ള ബയോ മൈനിങ് ജോലികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. 12.6 ഏക്കർ ഭൂമിയിലാണ് ബയോ മൈനിങ് നടക്കുന്നത്. 2.30 ലക്ഷം മീറ്റർ ക്യൂബ് പാരമ്പര്യ മാലിന്യമാണ് ഇവിടെ അടിഞ്ഞുകൂടിയിട്ടുള്ളത്. മാലിന്യം മുഴുവൻ നീക്കി വീണ്ടെടുക്കുന്ന ഭൂമിയിൽ ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ) ബയോ സിഎൻജി പ്ലാന്റ് സ്ഥാപിക്കും. ഇതിനായി ഏഴ് ഏക്കർ ഭൂമി വിട്ടുനൽകും. ഫ്ലാഗ് ഓഫ് ചടങ്ങിൽ കോർപറേഷൻ സെക്രട്ടറി എൻ കെ ഹരീഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ രാജീവ്, കൗൺസിലർ ആദം മാലിക്, കെഎസ്ഡബ്ല്യുഎംപി ജില്ലാ ഡെപ്യൂട്ടി കോ ഓർഡിനേറ്റർ കെ ആർ ബിസ്മി, പിഐയു എൻജിനിയർ കെ പി രമേഷ് എന്നിവർ പങ്കെടുത്തു.










0 comments