പാളി മഴക്കാലപൂർവ ശുചീകരണവും

സ്വന്തം ലേഖകൻ കോഴിക്കോട് മഴക്കാലപൂർവ ശുചീകരണത്തിൽ സർക്കാർ സംവിധാനങ്ങൾ വരുത്തിയത് ഗുരുതരവീഴ്ച. മുൻവർഷങ്ങളിലേതുപോലെ മഴക്കാലപൂർവ ശുചീകരണത്തിന് നേതൃത്വം നൽകാൻ സർക്കാരിനായില്ല. സർക്കാർ കാഴ്‌ചക്കാരായതോടെ തദ്ദേശസ്ഥാപനങ്ങളും നിഷ്‌ക്രിയരായി. പകർച്ച വ്യാധികൾ പടർന്നുപിടിക്കാൻ ഇത് കാരണമായി. കഴിഞ്ഞദിവസം ഷിഗല്ല ബാധിച്ച് മാവൂർ സ്വദേശിനി മരിച്ചിരുന്നു. ഇവരുടെ വീടിന് സമീപപ്രദേശങ്ങളിൽ പരിശോധനയ്ക്കെത്തിയ ആരോഗ്യപ്രവർത്തകർ ഓടകളിലെ മാലിന്യം കണ്ട് ഞെട്ടി. ഇൗ പ്രദേശങ്ങളിലെവിടെയും മഴക്കാലപൂർവ ശുചീകരണം കാര്യമായി നടന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പ്രദേശത്തെ യുഡിഎഫ് കൗൺസിലർ ഇക്കാര്യത്തിൽ യാതൊരിടപെടലും നടത്തിയില്ലെന്നും പ്രദേശവാസികൾ പറയുന്നു. ജില്ലയിലെ പല പഞ്ചായത്തുകളിലും നഗരസഭകളിലും ഇൗ അവസ്ഥയാണ്. വീടുകളിലും സ്ഥാപനങ്ങളിലും പൊതുവിടങ്ങളിലും ഡ്രൈ ഡേ ആചരിക്കുന്നതിലും വീഴ്‌ച വന്നതായി ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് തിരക്ക് മഴക്കാലപൂർവ ശുചീകരണത്തെ ബാധിച്ചുവെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ഏപ്രിലിൽ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർത്തിയാവുകയും മെയ് നാലിന് ഫലം വരികയും ചെയ്‌തിരുന്നു. മെയ് സർക്കാർ അധികാരമേറ്റു. മൂന്നാഴ്ചയോളം പിന്നിട്ടാണ് ജില്ലയിൽ മഴയെത്തിയത്.










0 comments