ad
Deshabhimani

ക്ഷേമനിധി ബോർഡുകളിൽ താൽക്കാലിക നിയമനം

print edition പണപ്പിരിവിന്‌ മന്ത്രിയുടെ വിശ്വസ്‌തന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം

UDF
വെബ് ഡെസ്ക്

Published on Jun 24, 2026, 02:54 AM | 1 min read

മലപ്പുറം: ക്ഷേമനിധി ബോർഡ്‌ ഓഫീസുകളിലെ നിയമനത്തിനായുള്ള പണപ്പിരിവിന്‌ മലപ്പുറം ജില്ലയിൽ മന്ത്രിയുടെ വിശ്വസ്‌തന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം. ഡിസിസി ജനറൽ സെക്രട്ടറിയും ഐഎൻടിയുസി ജില്ലാ ഭാരവാഹിയും അടങ്ങുന്നതാണ്‌ സംഘം. കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റടക്കം നേതൃത്വത്തിലുള്ളവരെ അടുപ്പിക്കാതെയാണ്‌ ക്ഷേമനിധി ബോർഡ്‌ ഓഫീസുകളിലേക്കുള്ള താൽക്കാലിക നിയമനം നടത്തുന്നത്‌.

മന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫംഗം നേരിട്ടാണ്‌ നിയമനത്തിനുള്ള കാര്യങ്ങൾ നോക്കുന്നത്‌.


നിയമസഭാ മണ്ഡലങ്ങളിലും ഇവരുടെ വിശ്വസ്‌തരായവരെ ഏജന്റുമാരായി നിശ്‌ചയിച്ചിട്ടുണ്ട്‌. ഇവരാണ്‌ താൽക്കാലിക നിയമനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതും വിലപേശുന്നതും. നിയമനം ലഭിച്ചാൽ പതിനായിരം രൂപമുതൽ രണ്ടുലക്ഷംവരെയാണ്‌ വാങ്ങുന്നത്‌. ക്ലർക്ക്‌, പ്യൂൺ, സ്വീപ്പർ തസ്‌തികകളിലാണ്‌ ക്ഷേമനിധി ബോർഡ്‌ ജില്ലാ ഓഫീസുകളിൽ താൽക്കാലിക നിയമനം നടത്തുന്നത്‌.‍ നിർമാണത്തൊഴിലാളി, മോട്ടോർ, കർഷകത്തൊഴിലാളി, കള്ള്‌ ചെത്ത്‌, തയ്യൽ, അസംഘടിതം, ഷോപ്‌സ്‌ ആൻഡ്‌ എസ്‌റ്റാബ്ലിഷ്‌മെന്റ്‌ എന്നീ മേഖലകളിലെ ക്ഷേമനിധി ബോർഡ്‌ ഓഫീസുകളിലേക്കാണ്‌ നിയമനം. ഇവയുടെയെല്ലാം ജില്ലാ ഓഫീസ്‌ മലപ്പുറത്താണ്‌. ഫിഷറീസ്‌, കയർ തൊഴിലാളി ക്ഷേമനിധി ഓഫീസ്‌ പൊന്നാനിയിലാണ്‌. നിർമാണത്തൊഴിലാളി, മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസിലാണ്‌ കൂടുതൽ ഒഴിവുകൾ. രണ്ടിടത്തും 15വീതം ഒഴിവുകളുണ്ട്‌. കർഷകത്തൊഴിലാളി, കള്ള്‌ ചെത്ത്‌ ഓഫീസിൽ എട്ടുവീതം ഒഴിവുകളാണ്‌. മറ്റിടങ്ങളിൽ മൂന്നുവീതം താൽക്കാലിക ഒഴിവുകളാണുള്ളത്‌. നിർമാണത്തൊഴിലാളി ക്ഷേമനിധി ഓഫീസിൽ കോടതി ഉത്തരവുപോലും കാറ്റിൽപ്പറത്തിയാണ്‌ നിയമനം.


സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലേക്കും ബിവറേജസ്‌ ഒ‍ൗട്ട്‌ലെറ്റുകളിലേക്കുമുള്ള താൽക്കാലിക നിയമനത്തിനും ഇ‍ൗ സംഘംതന്നെയാണ്‌ കരുക്കൾ നീക്കുന്നത്‌. ചില വകുപ്പുകളിൽ താൽക്കാലിക ഡ്രൈവർ നിയമനവും പണംവാങ്ങി നടത്തുന്നതിന്‌ നീക്കമുണ്ട്‌. ഇ‍ൗ മേഖലകളിൽ പ്രവർത്തിക്കുന്ന ഐഎൻടിയുസി യൂണിയനുകളെയും താൽക്കാലിക നിയമന കാര്യങ്ങളിൽ ഇ‍ൗ സംഘം അടുപ്പിച്ചിട്ടില്ല. യുഡിഎഫ്‌ ഭരണത്തിലേറിയപ്പോൾതന്നെ ചിലർക്ക്‌ പണം ഉറപ്പിച്ച്‌ നിയമന വാഗ്‌ദാനം നൽകിയതോടെ ജില്ലാ കോൺഗ്രസ്‌ നേതൃത്വത്തിലെ ഉന്നതർതന്നെ കെപിസിസി നേതൃത്വത്തെ വിവരം ധരിപ്പിച്ചിരുന്നു. എന്നാൽ, കെപിസിസി പ്രസിഡന്റ്‌ മന്ത്രിയായതിനാൽ സംഘടനാകാര്യങ്ങൾ നോക്കാനാളില്ലാത്ത സ്ഥിതിയാണ്‌. ഡിസിസി പ്രസിഡന്റടക്കം കാഴ്‌ചക്കാരായി മാറിനിൽക്കേണ്ട സ്ഥിതിയാണെന്ന്‌ നേതാക്കൾതന്നെ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home