ന്യൂട്രിമിക്സ് നിർമാണ സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
കുരുന്നുകൾക്കും വയറ്റത്തടി

സ്വന്തം ലേഖകൻ കോഴിക്കോട് ധാന്യങ്ങളുടെയും മറ്റു ചേരുവകളുടെയും വില കൂടിയിട്ടും ഉൽപ്പന്നത്തിന്റെ വില വർധിപ്പിക്കാത്തതിനെ തുടർന്ന് അമൃതം ന്യൂട്രിമിക്സ് നിർമാണ സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. ജില്ലയിൽ 24 യൂണിറ്റുകളുണ്ടായിരുന്നതിൽ ഒമ്പതെണ്ണത്തിന് ഇതിനകം താഴുവീണു. ഇതുമൂലം ഈ മേഖലയിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾ പ്രതിസന്ധി നേരിടുകയാണെന്ന് കൊമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ ഭാരവാഹികൾ പറഞ്ഞു. 2006ൽ സംസ്ഥാന സർക്കാർ കേന്ദ്രസഹായത്തോടെ കുടുംബശ്രീ വഴി നടപ്പാക്കിയ പദ്ധതിയാണ് അമൃതം ന്യൂട്രിമിക്സ്. ഐസിഡിഎസ് മുഖേന അങ്കണവാടികൾ വഴിയാണ് ആറുമാസം മുതൽ മൂന്നു വയസുവരെയുള്ള കുഞ്ഞുങ്ങൾക്ക് അമൃതം ന്യൂട്രിമിക്സ് വിതരണം ചെയ്യുന്നത്. ഉൽപ്പാദനത്തിനുള്ള ധാന്യങ്ങളുടെയും മറ്റു ചേരുവകളുടെയും വില പല തവണ വർധിച്ചെങ്കിലും ഉൽപ്പന്നത്തിന്റെ വില 2017ലാണ് അവസാനമായി വർധിപ്പിച്ചത്. ഇപ്പോൾ ലഭിക്കുന്ന വിലകൊണ്ട് ഇൗ മേഖലയിൽ പിടിച്ചുനിൽക്കാൻ കഴിയില്ല. വിവിധ ലൈസൻസ് ഫീയും ഫുഡ് ടെസ്റ്റ് ഫീയും കൂട്ടി. ഫുഡ് ടെസ്റ്റ് ചെലവ് 6,000 രൂപയാക്കി. അതേസമയം, സമയബന്ധിതമായി മൈക്രോബയോളജി പരിശോധനകളടെ റിപ്പോർട്ടുകൾ ലഭിക്കാത്തതിനെ തുടർന്ന് പല യൂണിറ്റുകളും അടച്ചുപൂട്ടേണ്ടിവന്നു. ലാബ് റിപ്പോർട്ടുകൾ വൈകിപ്പിക്കുന്നത് പതിവായിട്ടുണ്ട്. ഇത് സ്വകാര്യ മേഖലയെ ന്യൂട്രിമിക്സ് ഉൽപ്പാദനത്തിലേക്ക് കൊണ്ടുവരാനാണോയെന്ന സംശയവും വർധിപ്പിക്കുന്നു. 2017ൽ നിശ്ചയിച്ച കിലോ 73.50 രൂപ നിരക്ക് പുതുക്കുക, ഗുണനിലവാര ടെസ്റ്റുകൾ സമയബന്ധിതമായി ലഭിക്കുന്നതിന് നടപടി സ്വീകരിക്കുക, എഫ്‌സിഐ വഴിയുള്ള ഗോതമ്പിന്റെ ലഭ്യത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉടൻ അംഗീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അല്ലാത്ത പക്ഷം പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും യൂണിയൻ ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് കെ പി അനിൽ കുമാർ, സെക്രട്ടറി കെ പി സജീഷ്, ട്രഷറർ ശശി കുമാർ പേരാമ്പ്ര, കെ അജിത കുമാരി, ഇ ടി വനജ, ഇ എ ബഷീർ എന്നിവർ പങ്കെടുത്തു.










0 comments