മലയോര ഹൈവേ 2 റീച്ച് ഉദ്‌ഘാടനത്തിനൊരുങ്ങി
കുതിക്കാം തലയാട് വഴി മലപുറം

മലയാര ഹൈവേ പ്രവൃത്തി അവസാനഘട്ടത്തിലെത്തിയ കട്ടിപ്പാറ ടൗണിൽ നിന്നുള്ള ദൃശ്യം
എം ജഷീന
Published on Jan 03, 2026, 01:34 AM | 2 min read
കോഴിക്കോട്
അതിവേഗം പ്രവൃത്തി പൂർത്തീകരിച്ച് ജില്ലയിൽ രണ്ട് മലയോര ഹൈവേ റീച്ചുകൾ കൂടി സാക്ഷാത്‌ക്കാരത്തിലേക്ക്. 28ാം മൈൽ – തലയാട്, തലയാട് – മലപുറം റീച്ച് എന്നിവയാണ് ഉദ്‌ഘാടനത്തിനൊരുങ്ങുന്നത്. സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്നതിനുള്ള സൂചന ബോർഡുകൾ, സ്‌റ്റഡുകൾ, ബ്രേക്കറുകൾ, സെൻട്രൽ ലൈൻ മാർക്കിങ് തുടങ്ങിയവ സ്ഥാപിക്കൽ, ബിസി (ബിറ്റുമിനസ് കോൺക്രീറ്റ്) പ്രവൃത്തി എന്നീ ജോലികളാണ് ശേഷിക്കുന്നത്. ഇത് ഫെബ്രുവരി ആദ്യവാരത്തോടെ പൂർത്തിയാക്കും. 21 മാസം കൊണ്ടാണ് റോഡ് പ്രവൃത്തി പൂർത്തീകരിക്കുന്നത്. ജില്ലയിൽ മൊത്തമുള്ള 10 റീച്ചിൽ കോടഞ്ചേരി – കക്കാടംപൊയിൽ റീച്ച് നേരത്തെ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തിരുന്നു.
6.74 കിലോ മീറ്ററുള്ള 28ാം മൈൽ – തലയാട് റീച്ച് 47 കോടി രൂപയും 9.9 കിലോ മീറ്ററുള്ള തലയാട്–മലപുറം റീച്ച് 57.95 കോടി രൂപയും ചെലവിട്ടാണ് കിഫ്‌ബി വഴി നിർമിക്കുന്നത്. രണ്ടിനും 12 മീറ്ററാണ് വീതി. നേരത്തെ ആറും അഞ്ചും മീറ്റർ വീതിയുണ്ടായിരുന്ന മലയോര റോഡുകളാണ് ഇരട്ടിയോളം വീതിയും സൗകര്യങ്ങളും വർധിപ്പിച്ചത്.
ശേഷിക്കുന്ന ചുങ്കകുറ്റി– പൂതംപാറ, പൂതംപാറ– തൊട്ടിൽപാലം, തൊട്ടിൽപാലം – മുള്ളൻകുന്ന്, മുള്ളൻകുന്ന്–പെരുവണ്ണാമൂഴി, പെരുവണ്ണാമൂഴി – ചെന്പ്ര, ചെന്പ്ര–28ാം മൈൽ, മലപുറം –കോടഞ്ചേരി റീച്ചുകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി പഞ്ചായത്തുകളിലൂടെ തലയാട്–മലപുറം റീച്ചും കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിലൂടെ 28ാം മൈൽ – തലയാട് റീച്ചും കടന്നുപോകുന്നു. ഓവുചാൽ, കലുങ്കുകൾ, പാർശ്വഭിത്തി, കേബിൾ ഡക്ടുകൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. കട്ടിപ്പാറ, തലയാട് അങ്ങാടികളിൽ റോഡിന് ഇരുവശത്തും കൈവരികളും സ്ഥാപിച്ചു. പ്രധാന കവലകളില്‍ ഇന്റർലോക്ക് കട്ട പാകിയ നടപ്പാതകള്‍, സൗരോര്‍ജ വിളക്കുകള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. തലയാട്–28ാം മൈൽ റീച്ചിൽ ചിലയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായ ഇടങ്ങൾ ശക്തിപ്പെടുത്തുകയും വീതി കൂട്ടുകയും ചെയ്യേണ്ടതുണ്ട്. കേരള ഹൈവേ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഇത് സംബന്ധിച്ച പഠനം നടക്കുന്നുണ്ട്. ഇത്തരം ഭാഗങ്ങളിൽ തുടർ നടപടി കൈക്കൊള്ളും.
മലയോര ഹൈവേയുടെ നിർമാണം പൂർത്തിയാവുന്നതോടെ കക്കയം, തോണിക്കടവ്, കൂരാച്ചുണ്ട് ഭാഗങ്ങളിലേക്കും എൻഎച്ച് 766–ലേക്കും വേഗത്തിലെത്താനാവും. ടൂറിസം സാധ്യതകൾ വിപുലപ്പെടുത്താനും വഴിയൊരുങ്ങും. കക്കയം, കരിയാത്തുംപാറ, തോണിക്കടവ്, വയലട തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാവും.











0 comments