ad
Deshabhimani

കായ വറുത്ത് 
തരാല്ലോ...

ഓണം അടുത്തതോടെ കോഴിക്കോട് തളിയില്‍ സജീവമായ വറുത്തുപ്പേരി വിപണിയില്‍ നിന്ന്.

ഓണം അടുത്തതോടെ കോഴിക്കോട് തളിയില്‍ സജീവമായ വറുത്തുപ്പേരി വിപണിയില്‍ നിന്ന്.

വെബ് ഡെസ്ക്

Published on Aug 18, 2026, 02:14 AM | 1 min read

സ്വന്തം ലേഖിക കോഴിക്കോട് ഇലയിട്ടാൽ ആദ്യം വിളമ്പുന്ന വറുത്തുപ്പേരിയും ശര്‍ക്കര ഉപ്പേരിയും കൊറിച്ചാണ് ഓണസദ്യയുടെ സ്വാദ് അറിഞ്ഞുതുടങ്ങുക. നേന്ത്രക്കായ തൊലി കളഞ്ഞ് കനം കുറച്ചരിഞ്ഞ്, ഇരുമ്പുചട്ടിയിൽ തിളയ്ക്കുന്ന വെളിച്ചെണ്ണയിലിട്ടാണ് ഉപ്പേരി വറുത്ത് കോരുന്നത്. മൊരിഞ്ഞ ഉപ്പേരിയുടെ കൊതിയൂറുന്ന മണം നാട്ടിൽ ഓണമെത്തിയതിന്റെ വരവ് അറിയിക്കുന്നത് കൂടിയാണ്. ആദ്യകാലങ്ങളിൽ വീടുകളിൽതന്നെ വറുത്തുപ്പേരിയും ശര്‍ക്കര വരട്ടിയുമെല്ലാം തയ്യാറാക്കുമായിരുന്നു. എന്നാൽ, ഇന്ന് പാക്കറ്റ് ഉപ്പേരികളോടാണ് പ്രിയം. മേട്ടുപാളയത്തുനിന്നുള്ള നേന്ത്രക്കായകളാണ് നഗരത്തിലെ മിക്ക കടകളിലും ഉപ്പേരിയ്ക്കായി ഉപയോഗിക്കുന്നത്. പൊള്ളുന്ന വിലയാണ് ഇത്തവണ ഓണവിപണിയിൽ. മുൻവര്‍ഷങ്ങളെ അപേക്ഷിച്ച് ഉപ്പേരിയിലും 15 ശതമാനത്തോളം വിലവര്‍ധനയുണ്ടായി. വറുത്തുപ്പേരിക്കും ശര്‍ക്കര ഉപ്പേരിക്കും കിലോയ്ക്ക് 480– 500 രൂപ വരെയാണ്‌ നിലവിലെ നിരക്ക്. 70– 75 വരെയാണ് ഒരു കിലോ നേന്ത്രക്കായയുടെ വില. വെളിച്ചെണ്ണ വില കൂടിയതും ഉപ്പേരി ഇനങ്ങളുടെ വില കൂടാൻ കാരണമായി. മറ്റ് എണ്ണകളിൽ വറുക്കുന്ന ഉപ്പേരിയും വിപണിയിലുണ്ട്. വിലക്കയറ്റം കച്ചവടത്തെ ബാധിച്ചിരുന്നെങ്കിലും ഓണമെത്തിയതോടെ വിപണി തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ്‌ കച്ചവടക്കാർ. ഓണം സീസണിൽ വിദേശരാജ്യങ്ങളിലേക്ക് വൻ തോതിൽ കയറ്റി അയക്കാറുമുണ്ട്. "കത്തിക്കാനുള്ള ചകിരി ഉൾപ്പെടെ എല്ലാ സാധനങ്ങൾക്കും വില കൂടി. ഒരു ചകിരിക്ക് മാത്രം മൂന്ന് രൂപ കൊടുക്കണം. ഓണമാകുമ്പോഴേക്കും സാധനങ്ങൾക്ക് വില ഇനിയും കൂടിയേക്കും. സീസണായതിനാൽ നല്ല കച്ചവടമുണ്ടാകാറുണ്ട്. 20 വര്‍ഷമായി കച്ചവടം ചെയ്യുന്നു. ലൈവായി തയ്യാറാക്കി നൽകുന്നതിനാൽ ഏറെ ദൂരെനിന്നും ഓര്‍ഡര്‍ വരാറുണ്ട്'–തളി റോഡിലെ വ്യാപാരി പ്രദീപൻ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home