കാൽപ്പന്തിൻ രുചിയുള്ള കമല ഹോട്ടൽ

കമല ഹോട്ടലിന്റെ ചുവരുകളില്‍ പതിച്ച ഫുട്ബോള്‍ ലോകകപ്പ് പോസ്റ്ററുകള്‍ക്കരികെ ഉടമ ശിവദാസന്
സ്വന്തം ലേഖിക കോഴിക്കോട് പുതിയറ കമല ഹോട്ടലിൽ കഴിക്കാനെത്തുന്നവര്‍ക്ക് പൊരിച്ച പത്തിരിയും നെയ്ച്ചോറും ബിരിയാണിയും മാത്രമല്ല, ഫുട്‌ബോൾ ആവേശത്തിന്റെ ലോക‘രുചി’കളും കണ്ടാസ്വദിക്കാം. കാൽപ്പന്തിന്റെ രാജാക്കന്മാരുടേതുൾപ്പെടെ 48 രാജ്യങ്ങളിലെയും പതാകകളാൽ അലങ്കരിച്ചാണ് ഇൗ ഹോട്ടൽ വരുന്നവരെ സ്വീകരിക്കുന്നത്. ലോകകപ്പ് അടുത്താൽ ഹോട്ടലൊരു മിനി കായികലോകമാകും. ലോകകപ്പ് നേടിയ ടീമുകളുടെ ചിത്രങ്ങൾ നിറഞ്ഞ ചുവരുകൾ, പത്രവാർത്തകൾ, സ്‌പോർട്‌സ് മാഗസിൻ ഇങ്ങനെ ഫുട്‌ബോളിന്റെ ചരിത്രവും വർത്തമാനവും കമലാ ഹോട്ടലിന്റെ രുചി കൂട്ടും. ചെറുപ്പംമുതലേ ഫുട്ബോൾ ഭ്രാന്ത് തലയിൽ കയറിയ, കാട്ടുകുളങ്ങര സ്വദേശി മാണിക്കോത്ത് ശിവദാസനാണ് കാൽപ്പന്തിന്റെ ആവേശം തീൻമേശയിലേക്കെത്തിച്ചത്. 1930മുതൽ 2022വരെ ലോകകപ്പ് നേടിയ ടീമിന്റെ ചിത്രങ്ങൾ ചുവരിൽ പതിപ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങൾ പഴക്കമുള്ള ദേശാഭിമാനിയുടേതുൾപ്പെടെ വിവിധ പത്രങ്ങളിൽ ഫുട്ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം ഭിത്തികളിൽ കാണാം. ലോകകപ്പ് വിശേഷങ്ങളുള്ള കളിക്കളംപോലുള്ള സ്പോര്‍ട്സ് മാസികകളും വായിച്ചാസ്വദിക്കാം. വര്‍ഷങ്ങളായി ഹോട്ടൽ വ്യാപാരിയായ ശിവദാസന് മെസിയും അര്‍ജന്റീനയുമാണ് ലഹരി. ഫുട്ബോൾ പ്രേമികളെല്ലാം ലോകകപ്പുകാലം ആഘോഷിക്കുന്നത് കാണുന്നതാണ് തന്റെ സന്തോഷമെന്ന് ശിവദാസൻ പറഞ്ഞു. ലോകകപ്പ് രാജ്യങ്ങളുടെ പേരിലുള്ള കണ്ണടകൾ, മൊബൈൽ ഫോൺ കെയ്‌സ്, വാട്ടര്‍ ബോട്ടിൽ തുടങ്ങിയവയെല്ലാം ഹോട്ടലിലുണ്ട്. മരംകൊണ്ടുള്ള ഫ്രിഡ്ജ് ഉൾപ്പെടെയുള്ള പുരാവസ്തുക്കളുടെ ശേഖരവും 67കാരന്റെ പക്കലുണ്ട്. ഇ കെ നായനാര്‍ മന്ത്രിയായിരുന്ന കാലത്ത് മികച്ച ഹോം അക്വേറിയത്തിനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. മകൻ ഷിബിനും അച്ഛന് പിന്തുണയുമായികൂടെയുണ്ട്.










0 comments