ad
Deshabhimani

കോറോ ഹെൽത്തിലെ പിരിച്ചുവിടൽ

ജീവനക്കാർക്ക്‌ ഓഫീസിൽ പ്രവേശിക്കാനായില്ല

കോറോ ഹെൽത്ത് കമ്പനി ഓഫീസിലേക്ക്‌  ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച്‌

കോറോ ഹെൽത്ത് കമ്പനി ഓഫീസിലേക്ക്‌ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച്‌

വെബ് ഡെസ്ക്

Published on Jul 08, 2026, 02:27 AM | 1 min read

കോഴിക്കോട്‌ അമേരിക്കൻ കമ്പനി കോറോ ഹെൽത്തിൽനിന്ന്‌ പിരിച്ചുവിട്ട ജീവനക്കാർക്ക്‌ ഓഫീസിൽ പ്രവേശിക്കാനായില്ല. രാവിലെ ലേബർ ഓഫീസർ സ്ഥലത്തെത്തി ഹാജർ രേഖപ്പെടുത്തിയെങ്കിലും ജീവനക്കാർക്ക്‌ വെസ്റ്റ്ഹിൽ ചുങ്കത്തെ ഓഫീസിൽ പ്രവേശിക്കാനോ, തൊഴിലെടുക്കാനോ സാധിച്ചില്ല. ഇ‍ൗ ഓഫീസിലെ മുന്നൂറിലേറെ ജീവനക്കാരെയാണ്‌ വെള്ളിയാഴ്‌ച പിരിച്ചുവിട്ടത്‌. കോഴിക്കോട്, കൊച്ചി ഓഫീസുകളിലായി തൊള്ളായിരത്തോളം ജീവനക്കാരെ ഇതിനകം പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം രാവിലെ ജോലിക്കെത്തിയ തൊഴിലാളികളോട് ജോലി അവസാനിപ്പിക്കാനും റിലീവിങ് ലെറ്റർ വാങ്ങി മടങ്ങാനും ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത്‌ ലേബർ കമീഷണറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ഇ‍ൗ മാസം 10 വരെ പതിവുപോലെ ജോലിക്കെത്താനായിരുന്നു തീരുമാനം. ഒമ്പത്‌ മുതൽ ആറുവരെ ഓഫീസിലിരിക്കാമെന്നായിരുന്നു ചർച്ചയുടെ തീരുമാനമായി ഉമ തോമസ്‌ എംഎൽഎ അറിയിച്ചത്‌. എന്നാൽ, വെസ്‌റ്റ്‌ഹിൽ ചുങ്കത്തെ ഓഫീസിൽ ചൊവ്വ ഉന്നത ഉദ്യോഗസ്ഥരാരും എത്തിയില്ല. ഇതോടെ സർക്കാരിനെ വിശ്വസിച്ച്‌ ജോലിക്ക്‌ വന്നവർ വഞ്ചിക്കപ്പെട്ടു. ശുചിമുറി ഉപയോഗിക്കാൻ പോലും അനുമതി ലഭിച്ചില്ല. ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ട നടപടിയിൽ സിഐടിയുവും ഡിവൈഎഫ്‌ഐയും പ്രതിഷേധിച്ചു. ജീവനക്കാർക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ കമ്പനിയിലേക്ക്‌ മാർച്ച്‌ നടത്തി. ഡിവൈഎഫ്‌ഐ കോഴിക്കോട് നോർത്ത് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ഓഫീസിലേക്ക്‌ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം അമിത പ്രദീപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി കെ നിഖിൽ അധ്യക്ഷനായി. ട്രഷറർ ആസിഫ്, പ്രജീഷ്, ആഷിക്ക് എന്നിവർ സംസാരിച്ചു. സിഐടിയു നേതൃത്വത്തിൽ തൊഴിലാളികൾ നടത്തിയ മാർച്ച്‌ ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്‌ഘാടനംചെയ്തു. സെക്രട്ടറി പി സി സുരേഷ്‌ അധ്യക്ഷനായി. ട്രഷറർ പി കെ സന്തോഷ്‌, എം കെ മഹേഷ്‌ എന്നിവർ സംസാരിച്ചു. തൊഴിലാളിവിരുദ്ധ ലേബർ കോഡ്‌ നടപ്പാക്കി ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം തടയുമെന്ന്‌ നേതാക്കൾ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home