മാനവികതയുടെ തണലിൽ സുമതിയുടെ അന്ത്യനിദ്ര

സുമതിയുടെ സംസ്കാരം നടത്താൻ കുഴിയെടുക്കുന്ന യുവാക്കൾ
പി ചന്ദ്രബാബു മുക്കം പാതിരാത്രി കുഴിമാടമൊരുക്കുന്പോൾ ഇരുട്ടും കനത്ത മഴയും ആ യുവാകൾക്ക് ഒരുപ്രശ്‌നമായിരുന്നില്ല. ചെറുപ്പംമുതൽ സ്‌നേഹപൂർവംമാത്രം ഇടപെടുന്ന സുമതിക്ക് അന്ത്യവിശ്രമത്തിന് വഴിയൊരുങ്ങണം, അത് മാത്രമായിരുന്നു മനസ്സിൽ. മുക്കം നഗരസഭയിലെ കാതിയോട്ട് കഴിഞ്ഞദിവസം അന്തരിച്ച പാലക്കുന്നുമ്മൽ സുമതി (64)ക്കായി പൂളപ്പൊയിൽ ഖബർസ്ഥാനിൽ സൗജന്യമായി ഖബറൊരുക്കുന്ന യുവാക്കൾ വീടിനടുത്ത് കുഴിമാടമൊരുക്കിയത് മത–ജാതി അതിർത്തികളെ ഭേദിക്കുന്ന മാനവികതയുടെ സന്ദേശംകൂടിയായി. സമീപത്തെ വീടുകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സുമതി രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് മൃതദേഹം വീട്ടിലെത്തിച്ചെങ്കിലും, കനത്ത മഴ കാരണം സംസ്കാര ചടങ്ങുകൾക്ക് കുഴിയെടുക്കാൻ ആളെ ലഭിക്കാതെ ബന്ധുക്കളും നാട്ടുകാരും പ്രയാസത്തിലായി. വിവരമറിഞ്ഞ് പ്രദേശത്ത് സേവനരംഗത്ത് സജീവമായ പൂളപ്പൊയിൽ ഖബർസ്ഥാനിൽ സൗജന്യമായി ഖബറൊരുക്കുന്ന ഉസൈൻ പൂലേരി, ആഷിക് തഹാനി, എ എം യൂസഫ്, ഹാഷിർ എന്നിവരും അയൽവാസികളായ പി കെ ശംസു, മൻസൂർ എന്നിവരും സ്ഥലത്തെത്തി വീടിനോടുചേർന്ന് സുമതിക്കായി കുഴിമാടമൊരുക്കുകയായിരുന്നു. ചൊവ്വ രാത്രി ഏഴരയോടെ ആരംഭിച്ച കുഴിയെടുക്കൽ കനത്ത മഴയും ചെളിയും അവഗണിച്ച് രാത്രി 11.30വരെ നീണ്ടു. പൂർണമായും ഹിന്ദു ആചാരപ്രകാരമുള്ള സംസ്കാര ചടങ്ങുകൾക്ക് ആവശ്യമായ കുഴിമാടമൊരുക്കിയശേഷമാണ് യുവാക്കൾ മടങ്ങിയത്. ചെറുപ്പംമുതലേ അയൽപ്പക്ക കുടുംബങ്ങളുമായി സുമതിക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്. മദ്രസകളിലെ വിശേഷദിവസങ്ങളിൽ വിഹിതം നൽകാറുണ്ട്. ആശുപത്രിയിൽ കാണാൻ വന്ന അയൽവാസികളോടുള്ള ആത്മബന്ധത്തിന്റെ തുടർച്ചയെന്നോണമാണ് അന്ത്യയാത്രയിലും സഹോദരങ്ങളുടെ സജീവ സാന്നിധ്യമുണ്ടായത്.










0 comments