ജൈവ അരിയും അവലും വിപണിയിലിറക്കി കലിക്കറ്റ് ബാങ്ക്

സിഎൻബിസി റൈസ്– അവൽ എന്നിവയുടെ വിപണനോദ്‌ഘാടനം എം മെഹബൂബ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു
സ്വന്തം ലേഖകൻ കോഴിക്കോട് ജൈവകൃഷിയിൽ പൊന്നുവിളയിച്ച കലിക്കറ്റ് നോർത്ത് സഹകരണ ബാങ്ക് ഭക്ഷ്യോൽപ്പന്നങ്ങളിറക്കി വിപണിയിലും താരമാവുന്നു. സിഎൻബിസി റൈസ്, സിഎൻബിസി അവൽ എന്നിവ വിപണിയിലിറക്കിയാണ് സഹകരണരംഗത്തെ മാതൃകാ കൂട്ടായ്‌മ പുതുവഴികൾ തീർക്കുന്നത്. ഉൽപ്പന്നങ്ങളുടെ വിപണന ഉദ്‌ഘാടനം കൺസ്യൂമർ ഫെഡ് മുൻ ചെയർമാൻ എം മെഹബൂബും തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും ചേർന്ന് നിർവഹിച്ചു. ആദ്യവിൽപ്പന രാധ ടീച്ചർക്ക് നൽകിയായിരുന്നു ഉദ്ഘാടനം. ബാങ്ക് പ്രസിഡന്റ് ഇ പ്രേംകുമാർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ പി അജയകുമാർ, എസ് ആർ ബിജി, കെ രതീഷ്, കൗൺസിലർമാരായ എം എം ലത, ടി എസ് ഷിംജിത്, ഷൈനി, എൻ ഫിറോസ്ഖാൻ, വി ടി ബിന്ദുഷ എന്നിവർ സംസാരിച്ചു. അരിയും അവലും ബാങ്കിന്റെ ഹെഡ് ഓഫീസിൽ ലഭ്യമാണ്. കലിക്കറ്റ് നോർത്ത് സഹകരണ ബാങ്കിലെ ഡയറക്ടർമാരും ജീവനക്കാരും കുടുംബാംഗങ്ങളും ചേർന്ന് ജനുവരി നാലിനാണ് ചെറുവാടി പുഞ്ചപ്പാടത്തെ മുന്നേക്കറിൽ ജൈവ കൃഷിയൊരുക്കിയത്. വിസ്‌മൃതിയിലാകുന്ന കാർഷിക സംസ്‌കൃതി തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ‘സുഭിക്ഷ കേരളം, സുരക്ഷിത കേരളം’ എന്ന പദ്ധതിയിലായിരുന്നു കൃഷിയൊരുക്കിയത്. 120 ദിവസംകൊണ്ട് വിളവെടുക്കുന്ന ഉമ എന്ന ഇനമാണ് നട്ടത്. ഇൗ പുഞ്ചപ്പാടത്ത് നെൽകൃഷി ഇല്ലാതായിട്ട് രണ്ടരപതിറ്റാണ്ടിലേറെയായിരുന്നു. ഇതേത്തുടർന്നാണ് മൂന്നേക്കർപ്പാടം പാട്ടത്തിനെടുത്ത് കഴിഞ്ഞതവണയും ഇത്തവണയും നെൽകൃഷിയൊരുക്കിയത്. കള പറിക്കൽ, വളമിടൽ, ജൈവകീടനാശിനി പ്രയോഗം തുടങ്ങിയവയെല്ലാം ജീവനക്കാരും കുടുംബാംഗങ്ങളും ചേർന്നാണ് ചെയ്‌തത്. ബാങ്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞ തവണയും ജൈവകൃഷിയൊരുക്കി അവലും അരിയും വിപണിയിലിറക്കിയിരുന്നു.










0 comments