അപൂർവ രോഗങ്ങൾക്കുള്ള മികവിന്റെ കേന്ദ്രമാകാനൊരുങ്ങി ഗവ. മെഡിക്കൽ കോളേജ്

സ്വന്തം ലേഖിക കോഴിക്കോട് അപൂർവ രോഗങ്ങൾക്ക് ചികിത്സയും ഗവേഷണവും ഒരുക്കുന്ന മികവിന്റെ കേന്ദ്രമാകാനൊരുങ്ങി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്. സംസ്ഥാനത്തെ രണ്ടാമത്തെ മികവിന്റെ കേന്ദ്രം കോഴിക്കോട്ട് സജ്ജമാക്കണമെന്ന ആരോഗ്യവകുപ്പിന്റെ അപേക്ഷ പരിഗണിച്ച് കേന്ദ്രസംഘം കഴിഞ്ഞ ആഴ്‌ച മെഡിക്കൽ കോളേജിലെത്തി സൗകര്യങ്ങൾ വിലയിരുത്തി. ശുപാർശ അംഗീകരിക്കുന്നതോടെ അപൂർവ രോഗം വരുന്ന കുട്ടികൾക്ക് 50 ലക്ഷം രൂപ വീതം ചെലവ് വരുന്ന ചികിത്സ ഇൗ കേന്ദ്രത്തിലൂടെ ലഭിക്കും. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ സജ്ജമാകുന്ന കേന്ദ്രത്തിൽ 70ലേറെ വരുന്ന അപൂർവ രോഗങ്ങൾക്ക് സമഗ്ര ചികിത്സ ഉറപ്പാക്കും. അപൂർവ രോഗം സംബന്ധിച്ച ദേശീയ നയത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയമാണ് പ്രത്യേക കേന്ദ്രങ്ങൾ അനുവദിക്കുന്നത്. തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലാണ് ആദ്യകേന്ദ്രം. അപൂർവ രോഗങ്ങളുള്ള കേസുകൾ ഏറെയും മലബാർ മേഖലയിലാണ്. കൂടുതൽ പേരും കിടപ്പുരോഗികളായതിനാൽ ചികിത്സയ്‌ക്കും മറ്റുമായി തിരുവനന്തപുരം വരെ യാത്രചെയ്യാനുള്ള പ്രതിസന്ധി പുതിയ കേന്ദ്രം വരുന്നതോടെ പരിഹരിക്കപ്പെടും. രോഗങ്ങൾ സംബന്ധിച്ച സമഗ്ര ഗവേഷണവും പരിശോധനാ സംവിധാനങ്ങളുമുണ്ടാവും. രാജ്യത്ത് അപൂർവ രോഗങ്ങളുടെ മികവിന്റെ കേന്ദ്രങ്ങൾ 15 ആയി ഉയർത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് കേരളം അപേക്ഷിച്ചത്. അവയവ മാറ്റമുൾപ്പെടെയുള്ള ചികിത്സയ്‌ക്ക് സ്വകാര്യ ആശുപത്രിയുമായി സഹകരിച്ചുള്ള പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. തിരുവനന്തപുരം എസ്‌എടിയിൽ മാത്രം 200 പേരാണ് ആശ്രയിക്കുന്നത്. ഇൗ ആഴ്‌ച ഡൽഹിയിൽ നടക്കുന്ന യോഗശേഷം അംഗീകാരം സംബന്ധിച്ച അന്തിമ നടപടികളിലേക്ക് നീങ്ങിയേക്കും.









0 comments