കിങ് ഖാൻ; കാലമെത്ര മാറിയാലും ഇളകാത്ത കിരീടം


ഹർഷിദ ബത്താലി
Published on Nov 02, 2026, 09:45 AM | 4 min read
നവംബർ രണ്ടിന്റെ പുലരികളിൽ മുംബൈയിലെ 'മന്നത്തിനു മുന്നിൽ ആഹ്ലാദപ്രകടനം നടത്തുന്ന ജനസാഗരത്തിന് ഒരൊറ്റ രാജാവേയുള്ളൂ - ഷാരൂഖ് ഖാൻ. കൈകൾ വിരിച്ചുപിടിച്ച്, കവിളുകളിൽ നുണക്കുഴി വിരിയിച്ച്, ചുംബനങ്ങൾ എറിയുന്ന ഒരു 61 കാരനെ നോക്കി ലോകം മുഴുവൻ ഇന്നും ആർത്തുവിളിക്കുന്നു. വയസ്സ് അറുപതൊന്നു തികയുമ്പോഴും, ഇന്ത്യൻ സിനിമയുടെ സിംഹാസനത്തിൽ മറ്റാർക്കും വിട്ടുകൊടുക്കാതെ അയാൾ വാഴുകയാണ്, യഥാർത്ഥ 'കിങ്' ആയിത്തന്നെ.
ഇത്തവണത്തെ എസ്ആർകെയുടെ പിറന്നാളിന് ഒരു പ്രത്യേകതയുണ്ട്. വർഷങ്ങളായി ലോകം മുഴുവനുള്ള ആരാധകർ നെഞ്ചേറ്റിയ വിളിപ്പേരായ 'കിങ്', ഇപ്പോൾ അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ പേര് കൂടിയാണ്. അറുപതാം പിറന്നാളിൽ പുറത്തുവിട്ട 'കിങ്ങി'ന്റെ ആദ്യ ദൃശ്യങ്ങളിൽ കൈയിൽ കിങ് ഓഫ് ഹാർട്സ് കാർഡുമായി, നരച്ച മുടിയും ഗൗരവം നിറഞ്ഞ മുഖവുമായി എത്തിയ ഷാരൂഖ് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഒരു വർഷത്തിനിപ്പുറം അറുപത്തൊന്നാം പിറന്നാളിൽ അതേ ചിത്രത്തിലെ പ്രണയഗാനവുമായി അദ്ദേഹം വീണ്ടും എത്തിയിരിക്കുന്നു. പേരിൽ മാത്രമല്ല, പ്രേക്ഷകരുടെ മനസ്സിലും താൻ കിങ് തന്നെയാണെന്ന് ഓർമിപ്പിക്കുന്നതുപോലെ.

'കിങ്ങി'ന്റെ ആദ്യ ഗാനമായ 'തു മിൽ ജായേ'യിൽ ഷാരൂഖിനൊപ്പം ദീപിക പദുക്കോണുമുണ്ട്. അരിജീത് സിങ്ങിന്റെയും മധുബന്തി ബാഗ്ചിയുടെയും ആലാപനത്തിനൊപ്പം എഡ് ഷീരനും ഗാനത്തിന്റെ ഭാഗമാകുന്നു. പ്രണയവും ആക്ഷനും ഇടകലരുന്ന ഗാനരംഗങ്ങൾ ഷാരൂഖിന്റെ പുതിയ കഥാപാത്രത്തെക്കുറിച്ചുള്ള കൗതുകം കൂട്ടുന്നു. 'പഠാനി'നുശേഷം സിദ്ധാർഥ് ആനന്ദുമായി ഷാരൂഖ് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'കിങ്'. മകൾ സുഹാന ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. പിതാവും മകളും ആദ്യമായി വലിയൊരു സിനിമയിൽ ഒന്നിച്ചെത്തുന്നതിന്റെ സന്തോഷവും ഈ പിറന്നാളിനുണ്ട്.
പക്ഷേ, ഷാരൂഖിനെ കിങ് ആക്കിയത് സിനിമകളുടെ പേരുകളോ ബോക്സ് ഓഫീസ് കണക്കുകളോ മാത്രമല്ല. മുംബൈയിലെ സിനിമാലോകത്ത് കുടുംബപാരമ്പര്യത്തിന്റെ പിന്തുണയില്ലാതെ കടന്നുവന്ന ഒരു ഡൽഹിക്കാരൻ, പതിറ്റാണ്ടുകൾക്കിപ്പുറവും കോടിക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട താരമായി തുടരുന്നു. വിജയങ്ങൾക്കൊപ്പം പരാജയങ്ങളും വിമർശനങ്ങളും നേരിട്ടിട്ടും ഓരോ തിരിച്ചുവരവിലും ആരാധകരെ വീണ്ടും ആവേശത്തിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ടെലിവിഷനിൽനിന്ന് ബോളിവുഡിലേക്ക്
1965 നവംബർ രണ്ടിന് ന്യൂഡൽഹിയിലാണ് ഷാരൂഖ് ഖാൻ ജനിച്ചത്. സിനിമയിലെത്തുന്നതിന് മുമ്പ് ടെലിവിഷൻ പ്രേക്ഷകർക്ക് പരിചിതനായിരുന്നു. 'ഫൗജി', 'സർക്കസ്' തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ച യുവാവ് 1992ൽ 'ദീവാന'യിലൂടെ ബോളിവുഡിലെത്തി. അന്നത്തെ ഹിന്ദി സിനിമയിലെ പതിവ് നായകസങ്കൽപ്പങ്ങളോട് ഒത്തുപോകുന്ന കഥാപാത്രങ്ങൾ മാത്രമായിരുന്നില്ല തുടക്കത്തിൽ ഷാരൂഖിനെ തേടിയെത്തിയത്. 'ബാസീഗർ', 'ഡർ', 'അഞ്ജാം' തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അദ്ദേഹം മടിച്ചില്ല. നായകനെന്നാൽ എപ്പോഴും നന്മയുടെ പ്രതീകമായിരിക്കണമെന്ന പതിവ് ധാരണകളെ ചോദ്യം ചെയ്ത വേഷങ്ങളായിരുന്നു അവ.

പ്രണയനായകനായി വളർന്ന കാലം
എന്നാൽ 1995ൽ പുറത്തിറങ്ങിയ 'ദിൽവാലെ ദുൽഹനിയാ ലേ ജായേംഗേ' ഷാരൂഖിന്റെ സിനിമാജീവിതംതന്നെ പാടെ മാറ്റിമറിച്ചു. രാജ് എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ അതിവേഗം ഇടംപിടിച്ചു. ട്രെയിനിലേക്ക് കൈ നീട്ടുന്ന രാജും കടുകുപാടങ്ങൾക്കിടയിലെ പ്രണയരംഗങ്ങളും ഇന്ത്യൻ സിനിമയുടെ ഓർമകളിൽ സ്ഥിരമായി. പിന്നാലെ 'ദിൽ തോ പാഗൽ ഹേ', 'കുഛ് കുഛ് ഹോതാ ഹേ', 'കഭി ഖുഷി കഭി ഗം', 'കൽ ഹോ നാ ഹോ', 'വീർ സാറ' തുടങ്ങി നിരവധി ചിത്രങ്ങൾ ഷാരൂഖിനെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാക്കി.

പ്രണയചിത്രങ്ങളിലെ ഷാരൂഖിന്റെ ജനപ്രീതി അത്രയേറെ വലുതായിരുന്നതിനാൽ പലപ്പോഴും അദ്ദേഹത്തിന്റെ മറ്റ് കഥാപാത്രങ്ങൾ അതിനിടയിൽ മറഞ്ഞുപോകാറുണ്ട്. എന്നാൽ 'സ്വദേശി'ലെ മോഹൻ ഭാർഗവും 'ചക് ദേ ഇന്ത്യ'യിലെ കബീർ ഖാനും 'മൈ നെയിം ഈസ് ഖാനി'ലെ റിസ്വാൻ ഖാനുമെല്ലാം അദ്ദേഹത്തിലെ അതുല്യപ്രതിഭയെ കാണിച്ചുതരും. വിദേശത്തുനിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുന്ന ശാസ്ത്രജ്ഞൻ, പരാജയത്തിന്റെ വേദനയിൽനിന്ന് തിരിച്ചുവരുന്ന ഹോക്കി പരിശീലകൻ, മുൻവിധികൾക്കെതിരെ സ്വന്തം ജീവിതംകൊണ്ട് മറുപടി പറയുന്ന മനുഷ്യൻ - ഇവരെല്ലാം ഷാരൂഖിന്റെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്.

രാജ്യവും കടന്ന താരപ്രഭ
ഇന്ത്യയ്ക്ക് പുറത്തേക്കും ഹിന്ദി സിനിമയുടെ ജനപ്രീതി വളർന്ന കാലഘട്ടത്തിൽ ഷാരൂഖിന്റെ ചിത്രങ്ങൾ വലിയ പങ്കുവഹിച്ചു. യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും ഏഷ്യയുടെ വിവിധ ഭാഗങ്ങളിലും അദ്ദേഹത്തിന് ആരാധകരുണ്ടായി. ഭാഷ അറിയാത്തവർക്കുപോലും ഷാരൂഖിന്റെ സിനിമകളിലെ പാട്ടുകളും പ്രണയരംഗങ്ങളും പരിചിതമായി. ഇന്ത്യൻ സിനിമയിലെ ഒരു താരമെന്നതിലുപരി ലോകമെമ്പാടുമുള്ള ആരാധകരെ ഒന്നിപ്പിക്കുന്ന സാന്നിധ്യമായി അദ്ദേഹം വളർന്നു. കിങ് ഖാൻ എന്ന വിളിപ്പേരിന് ഇത്രയേറെ സ്വീകാര്യത ലഭിച്ചതും ആ ജനപ്രീതികൊണ്ടാണ്.
ഇടവേളയും തിരിച്ചുവരവും
എന്നാൽ ആ കിരീടം എപ്പോഴും തിളക്കത്തോടെ നിന്നിരുന്നില്ല. വലിയ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ പല സിനിമകളും പരാജയപ്പെട്ടു. പ്രത്യേകിച്ച് 2018ൽ 'സീറോ' പ്രതീക്ഷിച്ച വിജയം നേടാതെപോയതോടെ ഷാരൂഖിന്റെ കരിയറിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു. പുതിയ തലമുറയിലെ താരങ്ങൾ മുന്നേറുമ്പോൾ ബോളിവുഡിൽ പഴയ ആധിപത്യം തിരിച്ചുപിടിക്കാൻ ഷാരൂഖിന് കഴിയുമോയെന്ന ചർച്ചകളും സജീവമായി. പിന്നാലെ അദ്ദേഹം സിനിമയിൽനിന്ന് നീണ്ട ഇടവേളയെടുത്തു.
ആ കാത്തിരിപ്പ് അവസാനിച്ചത് 2023ലാണ്. 'പഠാൻ' തിയറ്ററുകളിലെത്തിയപ്പോൾ സിനിമയ്ക്കൊപ്പം ഷാരൂഖിന്റെ തിരിച്ചുവരവും വലിയ ആഘോഷമായി. വർഷങ്ങൾക്കുശേഷം പ്രിയതാരത്തെ വലിയ സ്ക്രീനിൽ കാണാനെത്തിയ ആരാധകർ തിയറ്ററുകളെ ഉത്സവപ്പറമ്പുകളാക്കി. പിന്നാലെ പുറത്തിറങ്ങിയ 'ജവാൻ' ആ വിജയം ആവർത്തിച്ചു. ഒരേ വർഷം രണ്ട് വലിയ വിജയങ്ങൾ സ്വന്തമാക്കിയതോടെ ഷാരൂഖിന്റെ കരിയറിന് പുതിയ ഊർജം ലഭിച്ചു. വിമർശനങ്ങൾക്കുള്ള മറുപടി സിനിമകളിലൂടെയാണ് അദ്ദേഹം നൽകിയത്.
ആദ്യ ദേശീയ പുരസ്കാരം
'ജവാൻ' മറ്റൊരു നേട്ടവും സമ്മാനിച്ചു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഷാരൂഖിനെ തേടിയെത്തി. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിലെ ആദ്യ ദേശീയ പുരസ്കാരമായിരുന്നു അത്. ജനപ്രീതിയുടെയും ബോക്സ് ഓഫീസ് വിജയങ്ങളുടെയും കൊടുമുടികൾ പലതവണ കീഴടക്കിയ ശേഷമാണ് ഈ അംഗീകാരം ലഭിച്ചത്. വൈകിയെത്തിയ പുരസ്കാരത്തിന് ഷാരൂഖിന്റെ ആരാധകർക്കിടയിലും വലിയ സ്വീകാര്യത ലഭിച്ചു.

സിനിമയ്ക്കപ്പുറവും ഷാരൂഖിന്റെ ജീവിതം പലതവണ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ഗൗരി ഖാനുമായുള്ള വിവാഹജീവിതവും മക്കളായ ആര്യൻ, സുഹാന, അബ്രാം എന്നിവരോടൊപ്പമുള്ള കുടുംബനിമിഷങ്ങളും ആരാധകർക്ക് പരിചിതമാണ്. സ്വന്തമായി നിർമാണക്കമ്പനി ആരംഭിച്ചും സിനിമയുടെ സാങ്കേതിക മേഖലകളിൽ നിക്ഷേപം നടത്തിയും അഭിനയത്തിനപ്പുറം സിനിമാവ്യവസായത്തിലും അദ്ദേഹം സജീവമായി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെ ക്രിക്കറ്റുമായും ബന്ധപ്പെട്ടു.
സിനിമയ്ക്കപ്പുറം ലോക ഫാഷൻ വേദിയിലും ഷാരൂഖ് ചരിത്രം കുറിച്ചു. 2025ൽ ന്യൂയോർക്കിൽ നടന്ന മെറ്റ് ഗാലയിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ പുരുഷ സിനിമാതാരമായി അദ്ദേഹം മാറി. സബ്യസാചി മുഖർജി ഒരുക്കിയ കറുത്ത വസ്ത്രവും രത്നങ്ങൾ പതിപ്പിച്ച വടിയും 'K' എന്ന അക്ഷരമുള്ള മാലയുമായി എത്തിയ ഷാരൂഖ് രാജ്യാന്തര ഫാഷൻ ലോകത്തിന്റെയും ശ്രദ്ധ നേടി.
ഷാരൂഖിന്റെ ജനപ്രീതി എത്രത്തോളമുണ്ടെന്ന് അറിയാൻ ഈ കണക്കുകളൊന്നും വേണ്ട. നവംബർ രണ്ടിന് മന്നത്തിന് മുന്നിലെത്തിയാൽ മതി. ദൂരദേശങ്ങളിൽനിന്ന് യാത്രചെയ്തെത്തുന്നവർ, പ്രിയതാരത്തിന്റെ ചിത്രങ്ങളേന്തി നിൽക്കുന്നവർ, ഒരുനോക്ക് കാണാൻ മണിക്കൂറുകളോളം കാത്തിരിക്കുന്നവർ - എല്ലാവർക്കും ആഘോഷിക്കാൻ ഒരേയൊരു കാരണമേയുള്ളൂ, ഷാരൂഖ്. ആരാധകർക്ക് കൈവീശി നന്ദി പറയുന്ന താരത്തിന്റെ ദൃശ്യം വർഷങ്ങളായി മുംബൈയിലെ പിറന്നാൾക്കാലത്തിന്റെ ഭാഗമാണ്.
തലമുറകൾക്കപ്പുറം ഷാരൂഖ്
ആദ്യ സിനിമ പുറത്തിറങ്ങിയ കാലത്തെ പ്രേക്ഷകരല്ല ഇന്നുള്ളത്. സിനിമ കാണുന്ന രീതിയും താരങ്ങളെ വിലയിരുത്തുന്ന മാനദണ്ഡങ്ങളും മാറി. സാമൂഹികമാധ്യമങ്ങളുടെ കാലത്ത് ഓരോ സിനിമയും ഓരോ കഥാപാത്രവും നിരന്തരം ചർച്ചചെയ്യപ്പെടുന്നു. വിജയങ്ങൾ പെട്ടെന്ന് ആഘോഷിക്കപ്പെടുന്നതുപോലെ പരാജയങ്ങളും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു. ഈ മാറ്റങ്ങൾക്കിടയിലും തലമുറകളെ ഒരുപോലെ ആകർഷിക്കാൻ കഴിയുന്നതാണ് ഷാരൂഖിന്റെ ഏറ്റവും വലിയ കരുത്ത്. ഒരുകാലത്ത് അദ്ദേഹത്തിന്റെ സിനിമകൾ കണ്ട് വളർന്നവർ ഇന്ന് സ്വന്തം മക്കൾക്കൊപ്പമിരുന്ന് അതേ സിനിമകൾ ആസ്വദിക്കുന്നു.
ഇപ്പോൾ 'കിങ്' എന്ന പുതിയ ചിത്രവുമായി ഷാരൂഖ് മറ്റൊരു അധ്യായത്തിലേക്ക് കടക്കുകയാണ്. 'പഠാൻ', 'ജവാൻ' എന്നിവയിലൂടെ തിരിച്ചുപിടിച്ച ആവേശം നിലനിർത്താൻ കഴിയുമോയെന്ന കാത്തിരിപ്പിനൊപ്പം പുതിയ കഥാപാത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഉയരുന്നു. ഡിസംബർ 24ന് ചിത്രം തിയറ്ററുകളിലെത്തും.
അറുപത്തൊന്നാം വയസ്സിലെത്തുമ്പോൾ ഷാരൂഖിന് ഇനി തന്റെ താരപദവി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. മുപ്പത്തിനാല് വർഷത്തെ സിനിമാജീവിതവും എണ്ണമറ്റ കഥാപാത്രങ്ങളും ലോകമെമ്പാടുമുള്ള ആരാധകരും അതിന് സാക്ഷികളാണ്. എന്നാൽ ആ അംഗീകാരങ്ങൾക്കിടയിലും പുതിയൊരു സിനിമയിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്താനുള്ള ആവേശം അദ്ദേഹം കൈവിട്ടിട്ടില്ല.








0 comments