മധ്യപ്രദേശില്‍ ഹോട്ടലിലെ മാലിന്യ ചേംബർ വൃത്തിയാക്കുന്നതിനിടെ നാല് പേർ ശ്വാസംമുട്ടി മരിച്ചു

ഭോപ്പാൽ : മധ്യപ്രദേശിലെ ഉജ്ജയിനിൽ സ്വകാര്യ ഹോട്ടലിലെ മാലിന്യ ചേമ്പർ വൃത്തിയാക്കുന്നതിനിടെ വിഷപ്പുക ശ്വസിച്ച് നാല് പേർ ശ്വാസംമുട്ടി മരിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഉജ്ജയിൻ-ദേവാസ് റോഡിലുള്ള 'ശ്രീ ഗംഗ' ഹോട്ടലിൽ രാത്രി 11 മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്.
കമലേഷ് തമ്പോലി, നിതിൻ വാൽമിക്, മനോജ് മീന, വാഹിദ് എന്നിവരാണ് മരിച്ചത്. ശുചീകരണത്തിനായി ചേംബറിൽ പ്രവേശിച്ച നാല് പേർ അതിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം ഇവരെ പുറത്തെടുത്ത് സിപിആർ നൽകാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
തൊഴിലാളികൾ ചേമ്പർ വൃത്തിയാക്കാൻ ഇറങ്ങിയതാണോ അതോ അബദ്ധത്തിൽ വീണതാണോ എന്നതടക്കമുള്ള കാര്യങ്ങൾ സമഗ്രമായി അന്വേഷിക്കുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മധ്യപ്രദേശ് സർക്കാർ നാല് ലക്ഷം രൂപ വീതം സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.









0 comments