വിദ്യാർഥിവേട്ടയ്ക്കെതിരെ കാലടിയിൽ ജനകീയ മാർച്ച്; സിസ തോമസിനെതിരെ പ്രതിഷേധം ശക്തം

കാലടി: കാലടി സർവകലാശാലയിൽ സമരംചെയ്യുന്ന വിദ്യാർഥികളോടുള്ള അധികൃതരുടെ അവഗണനയ്ക്കെതിരെ ജനകീയ മാർച്ച് സംഘടിപ്പിച്ചു. വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുക, സസ്പെൻഷൻ പിൻവലിക്കുക, വിദ്യാർഥി – ഗവേഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് തിങ്കളാഴ്ച രാവിലെ സർവകലാശാലയിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് മാര്ച്ച്. സിപിഐ എം, എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരും വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. വിദ്യാർഥികളുടെ ആവശ്യങ്ങൾ പരിഹരിക്കാതെ പ്രതികാരനടപടികൾ തുടരുന്ന വിസി സിസ തോമസിന്റെ നിലപാടിനെതിരെയാണ് പ്രതിഷേധം.
സർവകലാശാലയിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ആരംഭിച്ച വിദ്യാർഥിസമരം 90 ദിവസം പിന്നിട്ടിരിക്കുകയാണ്. പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതടക്കമുള്ള ന്യായമായ ആവശ്യങ്ങളുന്നയിച്ചാണ് സമരം ആരംഭിച്ചത്. ഇതിനിടെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതോടെ പ്രതിഷേധം ശക്തമായി. പരീക്ഷ എഴുതാനുള്ള അവസരം പോലും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതോടെയാണ് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്.
സസ്പെൻഷനിലുള്ള വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. പരീക്ഷാഫീസ് സ്വീകരിക്കാനും രജിസ്ട്രേഷന് സൗകര്യമൊരുക്കാനും സർവകലാശാലയ്ക്ക് നിർദേശം നൽകി. എന്നാൽ ഉത്തരവ് നടപ്പാക്കുന്നതിൽ അധികൃതർ വീഴ്ചവരുത്തിയതിനെതിരെ വിദ്യാർഥികൾ കോടതിയലക്ഷ്യ നടപടിക്ക് ഒരുങ്ങി. ഹൈക്കോടതി ഉത്തരവിനെതിരെ വിസി അപ്പീൽ നൽകിയതും പ്രതിഷേധത്തിന് കാരണമായി.
വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കാൻ മതിയായ തെളിവുകളില്ലെന്ന് സർവകലാശാല നിയോഗിച്ച അന്വേഷണസമിതിയുടെ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. സമരത്തിനിടെ വിദ്യാർഥികൾ ആക്രമണം നടത്തിയെന്ന പരാതിക്ക് തെളിവില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. എന്നിട്ടും സസ്പെൻഷൻ തുടരുന്നത് വിദ്യാർഥികളുടെ പഠനത്തെയും ഭാവിയെയും ബാധിക്കുകയാണ്.
സസ്പെൻഷനിലായ കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഗവേഷക ഋതിഷ ഋതുവിന്റെ ഫെലോഷിപ്പും മുടങ്ങിയിരിക്കുകയാണ്. രണ്ടുമാസമായി ക്യാമ്പസിൽ പ്രവേശിക്കാനോ ഹാജർ രേഖപ്പെടുത്താനോ കഴിയാത്തതിനാൽ ഫെലോഷിപ്പ് തുക ലഭിക്കുന്നില്ല. വിദ്യാർഥികളുടെ പഠനാവകാശം സംരക്ഷിക്കാനും ഋതിഷയുടെ ഗവേഷണം തുടരാനുള്ള സാഹചര്യമൊരുക്കാനും അടിയന്തര ഇടപെടൽ വേണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു.
Related News
വിദ്യാർഥികളുടെ ആവശ്യങ്ങൾ അവഗണിക്കുന്ന സർവകലാശാലാ അധികൃതരുടെ നടപടിക്കെതിരെയും പ്രശ്നത്തിൽ ഇടപെടാത്ത ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെതിരെയുമാണ് ജനകീയ സംരക്ഷണ സമിതി മാർച്ചിന് ആഹ്വാനം ചെയ്തത്. വിദ്യാർഥികളുടെ പഠനാവകാശം ഉറപ്പാക്കുകയും സസ്പെൻഷൻ പിൻവലിക്കുകയും ചെയ്യണമെന്ന ആവശ്യവുമായി പ്രതിഷേധം തുടരുകയാണ്.









0 comments