ചേരാനല്ലൂർ വാഹനക്കുരുതി; ജയബാലകൃഷ്ണന്റെ കുടുംബത്തിനെതിരെ പ്രോസിക്യൂഷൻ

കൊച്ചി : ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിനെതിരെ പ്രോസിക്യൂഷൻ. സ്വതന്ത്രമായ അന്വേഷണത്തിന് തടസം നിൽക്കുന്നെന്നുപറഞ്ഞാണ് പ്രോസിക്യൂഷൻ ജയബാലകൃഷ്ണന്റെ കുടുംബത്തിനെതിരെ രംഗത്തെത്തിയത്. അപകടമുണ്ടായതിനുപിന്നാലെ പ്രതിയെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചതിനുപിന്നാലെയാണ് പ്രോസിക്യൂഷൻ കുടുംബത്തിനെതിരെ വന്നത്. സ്വാധിനമുള്ള പ്രതിയെ രക്ഷിക്കാനുള്ള സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. മുഖ്യമന്ത്രിയടക്കമുള്ളവർ ജയബാലകൃഷ്ണന്റെ കുടുംബത്തിനൊപ്പമുണ്ടെന്ന് പരസ്യമായി പറഞ്ഞതിനുപിന്നാലെയാണ് സർക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കി പ്രോസിക്യൂഷൻ കുടുംബത്തിനെതിരെ രംഗത്തെത്തിയത്.
ഒക്ടോബർ 25നാണ് ചേരാനല്ലൂരിൽ അഡീഷണൽ ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച കാറിടിച്ച് തട്ടുകടയുടമയായ ജയബാലകൃഷ്ണൻ മരിച്ചത്. അപകടത്തിനുശേഷം പ്രതിയെ രക്ഷിക്കാനുള്ള തിരക്കിട്ട ശ്രമങ്ങളാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. അപകടമുണ്ടാക്കിയ 17കാരനെ നിസാര വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. പിന്നാലെ കുടുംബത്തിന്റെ പ്രതിഷേധം ശക്തമായതോടെയാണ് കൂടൂതൽ വകുപ്പുകൾ ചുമത്തിയത്. പിന്നാലെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചു.
അപകടസ്ഥലത്തുവച്ച് 17കാരന്റെ ഫോട്ടോ ജയബാലകൃഷ്ണന്റെ ബന്ധുക്കൾ പകർത്തിയിരുന്നു. എന്നാൽ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഫോട്ടോ പൊലീസ് ഡിലീറ്റ് ചെയ്യിപ്പിച്ചു. അപകടമുണ്ടായതിനുപിന്നാലെ ചട്ടം ലംഘിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ അഡീഷണൽ ജഡ്ജി ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി. കാറിലുണ്ടായിരുന്ന ജഡ്ജി എന്ന ബോർഡ് നശിപ്പിക്കുകയും ചെയ്തു. തെളിവ് നശിപ്പിച്ചെന്നു കാണിച്ച് ജഡ്ജിക്കെതിരെ ജയബാലകൃഷ്ണന്റെ കുടുംബം പരാതി നൽകിയതിനു പിന്നാലെയാണ് സർക്കാർ കുടുംബത്തിനെതിരെ തിരിയുന്നത്.









0 comments